ഗാസയിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകരെ തേടി യുഎഇ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ദുബൈ:ഇസ്റാഈലിന്റെ നരനായാട്ടിൽ ഗാസയിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകരെ തേടി യുഎഇ.സന്നദ്ധരായ ആരോഗ്യപ്രവർത്തകരേ തേടി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യവകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയിലും അധികൃതർ രജിസ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകരെ ക്ഷണിക്കുന്നത്. പേര്, ഫോൺ നമ്പർ, എമിറേറ്റ്സ് ഐഡി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകണം. ഗാസയിലാണോ ഈജിപ്തിലാണോ അല്ലെങ്കിൽ രണ്ട് സ്ഥലങ്ങളിലുമാണോ സർവീസ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് അനുസരിച്ചാണ് 150 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുന്നത്. തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങൾ ആശുപത്രിയിലുണ്ടാകും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവയ്ക്കുള്ള ക്ലിനിക്കുകളും പ്രവർത്തിക്കും. സിറ്റി ഇമേജിങ്, ലബോറട്ടറി, ഫാർമസി, മറ്റ് സൗകര്യങ്ങൾ എന്നിവയും ആശുപത്രിയിലുണ്ടാകും. ആശുപത്രി സ്ഥാപിക്കാൻ ആവശ്യമായ സാമഗ്രികൾ അഞ്ച് വിമാനങ്ങളിൽ ഗാസയിൽ എത്തിച്ചിരുന്നു.
അതേസമയം ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്റാഈൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ യുഎഇ ശക്തമായി എതിർത്തിരുന്നു. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. വംശഹത്യ ആഹ്വാനമെന്നത് ആശങ്ക ഉണ്ടാക്കുന്ന പ്രസ്താവനയാണെന്നും ഗാസയിൽ അടിയന്തര വെടി നിർത്തൽ വേണമെന്നും യുഎഇ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."