മതേതരത്വവും ജനാധിപത്യവും നിങ്ങളില്‍ നിന്ന് പഠിക്കേണ്ട ഗതികേട് ലീഗിനില്ല: പി.എം.എ സലാം
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കെ. സുരേന്ദ്രനില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്‌ലിം ലീഗിനില്ലെന്ന് പി.എം.എ സലാം പ്രതികരിച്ചു.
രക്തത്തിലും മജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ അല്ലയോ എന്ന ചര്‍ച്ച ഒരിക്കല്‍ കൂടി അരങ്ങിലെത്തുമ്പോള്‍ കേരളത്തിന്റെ കഴിഞ്ഞ കാല രാഷ്ട്രീയ സാമൂഹ്യ മണ്ഢലത്തെ ഇഴകീറി പരിശോധിക്കുന്ന ആര്‍ക്കും മുസ്ലീം ലീഗ് ഏതെങ്കിലും ഘട്ടത്തില്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചതായി കാണാന്‍ സാധിക്കില്ല എന്നത് പരമമായ യാഥാര്‍ത്ഥ്യമാണ്. ലീഗിന്റെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകള്‍ക്ക് സി.പി.എം അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പുതിയ സാഹചര്യത്തില്‍ ഇത് തീരേ ദഹിക്കാത്ത ഒരു പാര്‍ട്ടിയായി കേരളത്തില്‍ അവശേഷിക്കുന്നത് ബി.ജെ.പി മാത്രമാണ്.
''രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയത ഉളള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. മുസ്ലീംകള്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പാര്‍ട്ടിയാണ്, യു.സി രാമന് പോലും ലീഗില്‍ അംഗത്വമില്ല'' ഇങ്ങനെ പോകുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലീഗിനെതിരെയുളള പുതിയ ആരോപണങ്ങള്‍.
''പാകിസ്ഥാനിലേക്കല്ല, നമുക്ക് ഇന്ത്യയെന്ന ബഹുസ്വരതയില്‍ അലിഞ്ഞ് ചേരാമെന്ന്'' ആഹ്വാനം ചെയ്ത ഖാഇദെ മില്ലത്തിന്റെ പിറകില്‍ അണി നിരന്ന് അന്ന് മുതല്‍ ഇന്ന് വരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധമായ സംഘമാണ് മുസ്ലീം ലീഗ് എന്ന് ബി.ജെ.പി നേതാക്കള്‍ക്ക് അറിയാഞ്ഞിട്ടല്ല.
മുസ്ലീം ലീഗിനെതിരില്‍ വര്‍ഗീയത ആരോപിക്കുന്ന ബി.ജെ.പി പ്രസിഡന്റിനോട് ഒന്നേ പറയാനുളളൂ.. നിങ്ങളില്‍ നിന്ന് മതേതരത്വവും ജനാധിപത്യവും പഠിക്കേണ്ട ഗതികേട് മുസ്ലീംലീഗിനില്ല.
പിന്നെ യു.സി രാമന്റെ മെമ്പര്‍ഷിപ്പിന്റെ കാര്യം, ഒരു യു.സി രാമന്‍ മാത്രമല്ല ആയിരം രാമന്‍മാര്‍ക്ക് ഞങ്ങള്‍ ഇത്തവണയും അംഗത്വം നല്‍കിയിട്ടുണ്ട്, ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ മുസ്ലീം ലീഗിനെ എക്കാലത്തും വിശ്വാസത്തിലെടുത്തവരും പ്രസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. അതൊന്നും ബി.ജെ.പിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഞങ്ങള്‍ക്കില്ല.
പി.എം.എ സലാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."