ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതിപക്ഷ ഭാവി
അജാസ് അഷ്റഫ്
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം, ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വിജയം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ ജയം എന്നിവ 2024ലെ ലോക്‌സഭാ മത്സരങ്ങളെ സംബന്ധിച്ച ചില വ്യക്തമായ ധാരണകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം, മൃദു ഹിന്ദുത്വത്തിനു പോലും വിള്ളല്‍ വീഴ്ത്താന്‍ സാധിക്കാത്തത്ര ശക്തമായ ബി.ജെ.പിയുടെ വോട്ടുബാങ്ക്, കൂടാതെ കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ പ്രതിപക്ഷത്തിനു തെരഞ്ഞെടുപ്പിനോടുള്ള ഭയം എന്നിവ അതില്‍ പ്രധാനമാണ്. നരേന്ദ്രമോദി എന്ന നേതാവിന്റെ ജനപ്രീതിയേയും പ്രതിച്ഛായയേയും കവച്ചുവയ്ക്കാന്‍ സാധിക്കുന്ന ഒരു നേതാവു പോലും പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കില്ല എന്നത് കയ്‌പ്പേറിയതെങ്കിലും അംഗീകരിക്കേണ്ടുന്ന വസ്തുത തന്നെയാണ്. 2014, 2017 തെരഞ്ഞെടുപ്പുകളില്‍ എങ്ങനെയാണോ മോദി ബി.ജെ.പിയെ മുന്നില്‍ നിന്ന് നയിച്ചത് ആ നേതൃത്വം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനൊരുങ്ങുന്നതാണ് നാം കാണുന്നത്. വിവിധ സാമൂഹിക വര്‍ഗങ്ങളില്‍ പെട്ടവര്‍ വ്യത്യസ്ത അര്‍ത്ഥം കല്‍പ്പിക്കുന്ന ഹിന്ദുത്വ, വികസനം എന്നീ രണ്ടു പദങ്ങള്‍ മുമ്പില്‍ വച്ചുകൊണ്ടാണ് ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം എന്നതും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
പ്രതിപക്ഷ കക്ഷികള്‍ നഗരങ്ങളില്‍ ചെന്ന് വിലക്കയറ്റത്തെ കുറിച്ചും ക്ഷയിച്ചു കൊണ്ടിരിക്കുന്ന തൊഴിലവസരങ്ങളെ പറ്റിയും മലീമസമായി കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം ജനങ്ങളെ സംബന്ധിച്ച് വികസനം എന്നാല്‍ മോദി സര്‍ക്കാര്‍ ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളാണ്. തന്റെ ഭരണം വ്യത്യസ്തമായ ഒന്നാണെന്ന് സമര്‍ഥിക്കാനുള്ള മോദി തന്ത്രങ്ങള്‍ പലതും വിജയിക്കുന്നു എന്നുള്ളതും വാസ്തവം തന്നെയാണ്. എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ പൗരന്മാരുടെ ജീവിത സാഹചര്യങ്ങളെ ശാക്തീകരിക്കുന്നില്ലെന്നതും അവരെ സ്വാശ്രയരാക്കുന്നില്ല എന്നതുമാണ് യാഥാര്‍ത്ഥ്യം. മറിച്ച് ബി.ജെ.പി അധികാരത്തില്‍ തുടരുന്തോറും ഈ ജനത സര്‍ക്കാരിനെ കൂടുതല്‍ ആശ്രയിക്കുന്നു. ഈ ആശ്രയമാവട്ടെ അപകടകരമായൊരു ഭരണകൂട വിധേയത്വം ജനമനസില്‍ വളര്‍ത്തിയെടുക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം വികസനം എന്നാല്‍ അതിവേഗ ഹൈവേകളാണ്. ഇന്ത്യയെ ലോകശക്തിയാക്കുമെന്ന് പ്രഖ്യാപിക്കുന്നിടത്തൊക്കെ എടുത്തു പറയുന്ന മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളുമൊന്നും ചിലരെ സംബന്ധിച്ച് വികസനത്തിന്റെ പട്ടികയില്‍ പെടുന്നതല്ല!
ഇന്ത്യ ജി 20 നേതൃത്വം ഏറ്റെടുത്തതോടെ നരേന്ദ്ര മോദി ശക്തനായ ലോകനേതാവ് എന്ന ബി.ജെ.പി ആഖ്യാനം ആഴത്തില്‍ വേരൂന്നുന്നതായാണ് വ്യക്തമാവുന്നത്. എന്നാല്‍ ഹിന്ദുത്വ ആശയങ്ങളുടെ പൊലിമയിലാണ് പലപ്പോഴും മോദി എന്ന നേതാവിന്റെ വീഴ്ച്ചകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. കാരണം, ഹിന്ദുത്വര്‍ അവരുടെ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും ഏതെങ്കിലും തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമല്ല. അധികാരം തങ്ങളില്‍ തന്നെ സുരക്ഷിതമായിരിക്കുന്നതിനുള്ള എല്ലാ പ്രചാരണങ്ങളും വര്‍ഷം മുഴുവന്‍ ഇവര്‍ നടത്തുന്നുണ്ട്. എട്ടു വര്‍ഷത്തോളമായി ഇന്ത്യയില്‍ നടക്കുന്ന മുസ്ലിം വേട്ട, പള്ളിക്ഷേത്ര തര്‍ക്കങ്ങള്‍, ചരിത്രത്തിലെ മുസ്ലിം അധികാരികളെ ക്രൂരന്മാരായി ചിത്രീകരിക്കല്‍, മുസ്ലിം വ്യക്തി നിയമത്തെ ചോദ്യം ചെയ്യല്‍, മിശ്ര വിവാഹിതരെ അപഹസിക്കല്‍, അക്രമ ഭീഷണി മുഴക്കല്‍, ബുള്‍ഡോസര്‍ രാഷ്ട്രീയം ഇതെല്ലാം മേല്‍പ്പറഞ്ഞതിന്റെ ഉദാഹരണങ്ങളാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ നടത്തിയ 2002ലെ ഗുജറാത്ത് കലാപത്തില്‍ മുസ്ലിങ്ങളെ പാഠം പഠിപ്പിച്ചു എന്ന രീതിയിലുള്ള ഭീഷണിയും ബില്‍കിസ് ബാനു കേസിലെ പ്രതികളെ വെറുത വിട്ടതുമെല്ലാം ഈ ഹിന്ദുത്വ പ്രചാരണങ്ങളുടെ ബാക്കിപത്രം തന്നെയാണ്. ഈ ഹിന്ദുത്വ പ്രചാരണങ്ങളിലൂടെ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണമായി ഇവര്‍ പറയുന്നതാവട്ടെ മോദിജിയുടെ വികസന പ്രവര്‍ത്തനങ്ങളും.
ഹിന്ദുത്വത്തെ വളര്‍ത്തുന്നു എന്നതിലപ്പുറം വിള്ളലുകളില്ലാതെ സംരക്ഷിക്കുന്നു എന്നതിലാണ് ബി.ജെ.പി വോട്ടുബാങ്കിന്റെ വിജയം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തുടര്‍ച്ചയായി 15 കൊല്ലം ഭരിച്ച ബി.ജെ.പി പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കില്‍ പോലും 36 ശതമാനമായിരുന്ന ഇവരുടെ വോട്ടു ശതമാനം തോല്‍വിയിലും 39 ആയി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ജയിച്ച ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിലാകട്ടെ ബി.ജെ.പിയുടെ വോട്ടുശതമാനം കോണ്‍ഗ്രസിനേക്കാള്‍ 0.9 ശതമാനം മാത്രമാണ് കുറവ്. എ.എ.പി ഹിമാചലിനെ കൈയൊഴിഞ്ഞില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടുമായിരുന്നുവെന്ന് സാരം. ഇത്തവണ ഗുജറാത്തിലാവട്ടെ കോണ്‍ഗ്രസിന്റെ കഴിഞ്ഞ കാല റെക്കോര്‍ഡുകളെ തകര്‍ത്തിരിക്കുകയാണ് ബി.ജെ.പി.
ബി.ജെ.പിയുടെ വോട്ടുബാങ്കിനെ ഒരു കക്ഷിക്കും ഭേദിക്കാനാവില്ല എന്നത് വ്യക്തമായതോടെ ഇനിയെങ്കിലും പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കേണ്ടത് ബി.ജെ.പിക്ക് എതിരായുള്ള വോട്ടുകള്‍ വിഘടിക്കാതിരിക്കാനാണ്. എന്നാല്‍ പരസ്പരം ആക്രമിക്കുന്നതില്‍ നീണ്ട ചരിത്രമുള്ളവരാണ് നമ്മുടെ പ്രതിപക്ഷ കക്ഷികള്‍. ഉദാഹരണമായി, കോണ്‍ഗ്രസിനും ആം ആദ്മിക്കും ഡല്‍ഹിയില്‍ ഒരു മുന്നണിക്ക് സാധ്യമാണോ? എന്ന ചോദ്യം ഉന്നയിച്ചാല്‍ അതിനുള്ള ഉത്തരം ഇതാണ്: ഡല്‍ഹിയില്‍ ഇതുവരെ ആം ആദ്മിക്ക് ഒരു ലോക്‌സഭാ സീറ്റ് ലഭിച്ചിട്ടില്ല. ഒരു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് നാലില്‍ താഴെ സീറ്റില്‍ തൃപ്തിപ്പെടില്ലെന്ന അവകാശവാദം ഉന്നയിച്ചാലോ? നേരെമറിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കെജ്രിവാളിന് അവസരം കൊടുക്കുന്നതിനായി കോണ്‍ഗ്രസ് ആം ആദ്മിയെ ഗുജറാത്തില്‍ ഒപ്പം നിര്‍ത്തുമോ? അഥവാ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പരസ്പരം കടുത്ത വൈരത്തിലാണ്. ഇത്തരം വിഭാഗീയതകള്‍ക്കിടയില്‍ വെറും 14 മാസമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നിര്‍ണയിക്കാന്‍ ഇവര്‍ക്കു മുമ്പിലുള്ളത്.
ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് കീഴടക്കാം എന്ന ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. തനിക്കു ലഭിക്കുന്ന ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോ എന്നു ഭയന്ന് ബി.ജെ.പി മുസ്ലിങ്ങള്‍ക്ക് എതിരേ നടത്തുന്ന വേട്ടയാടലുകള്‍ക്കെതിരേ മൗനം പാലിക്കുകയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷമായി കെജ്രിവാള്‍. തനിക്ക് ഹിന്ദുത്വ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്റെ ഹൈന്ദവ സ്വത്വത്തെ പോലും തന്ത്രപരമായി ഉപയോഗിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും ഡല്‍ഹിയില്‍ കലാപം നടന്ന പ്രദേശങ്ങളിലെ മുസ്ലിം വോട്ടുകള്‍ പോലും നഷ്ടമാവുകയാണ് ചെയ്തത്. കൂടാതെ ബി.ജെ.പി അവരുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു. ഈ മൃദുഹിന്ദുത്വം പുറത്തെടുക്കുന്ന നേതാവ് കെജ്രിവാള്‍ മാത്രമെന്നു കരുതിയെങ്കില്‍ തെറ്റി. രാഹുല്‍ ഗാന്ധിയും ഈ ഹിന്ദുത്വ കാര്‍ഡ് 2017ലെ ഗുജറാത്ത് ഇലക്ഷനു മുമ്പ് പുറത്തെടുത്തിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥും ദിഗ് വിജയ് സിങും ഇതേ മൃദു ഹിന്ദുത്വം പുറത്തെടുത്തിരുന്നു.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ഒരു ദൃഢനിശ്ചയം പ്രതിപക്ഷ കക്ഷികള്‍ക്കില്ലെന്നത് മറ്റൊരു കാര്യമാണ്. ഇത് വ്യക്തമായി കാണുന്നത് രാഹുല്‍ ഗാന്ധിയിലാണ്. ഹിന്ദുത്വ അടവുകളെല്ലാം മാറ്റിവച്ച് ബി.ജെ.പിയുടെ വര്‍ഗീയധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ പദയാത്ര നടത്തുകയാണ് അദ്ദേഹം. രാഹുലിന്റെ ഭാഗത്തു നിന്നുള്ള മികച്ച മുന്നേറ്റവും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ വളരെയധികം പുനഃസൃഷ്ടിച്ച സന്ദര്‍ഭവുമാണത്. എങ്കിലും, തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതി രാഹുല്‍ ഉപേക്ഷിച്ചേ മതിയാകൂ. ഗുജറാത്ത് പ്രചാരണത്തില്‍ നിന്നും രാഹുല്‍ മാറിനിന്നതില്‍ നിന്നും ഇത് വ്യക്തമാണ്. എന്തുകൊണ്ട് ഭാരത് ജോഡോ യാത്ര മഹാത്മാ ഗന്ധിയുടെ ജന്മസ്ഥലമായി പോര്‍ബന്തറില്‍ നിന്ന് ആരംഭിച്ചില്ല? ഇത്തരമൊരു സന്ദേശം നല്‍കുന്ന യാത്രക്ക് അതിലും യോജിച്ച സ്ഥലം മറ്റേതാണ്? തന്റെ പദയാത്രയുടെ സന്ദേശം തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളില്‍ മറഞ്ഞു പോവരുത് എന്നതു കൊണ്ടാണിതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. എന്നാല്‍ യാത്രയുടെ ഭൂപടത്തില്‍ നിന്നും വ്യത്യസ്തമാണ് രാഹുല്‍ ഗാന്ധിയുടെ ഭീതി. കോണ്‍ഗ്രസിനോടൊപ്പമോ ഇടതുപക്ഷത്തിനൊപ്പമോ നില്‍ക്കുന്ന പാരമ്പര്യമുള്ള കേരളത്തില്‍ ബി.ജെ.പിക്ക് സാധ്യതകളില്ല, അവരെ അവിടെ ഭയക്കേണ്ടതില്ല എന്നതിനാലാണ് കേരളത്തില്‍ ജോഡോ യാത്ര 18 ദിവസം എടുത്തത്.
2024ലെ തെരഞ്ഞെടുപ്പു വരെ കോണ്‍ഗ്രസിന്റെ അണികള്‍ വിയര്‍ക്കുവോളം രാപകലില്ലാതെ വര്‍ഗീയതക്കെതിരേ പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ മാത്രമേ രാഹുല്‍ ഗാന്ധിയുടെ കാല്‍ നടയാത്ര ഫലം കാണൂ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഈ നടത്തം വ്യര്‍ത്ഥമാവും. ഇത്തരമൊരു അക്ഷീണ യത്‌നമാണ് ആര്‍.എസ്.എസിന്റെ പിന്‍ബലത്തോടെ ബി.ജെ.പിയുടെ അണികള്‍ നടത്തുന്നത്. ബി.ജെ.പിക്കു വേണ്ടി കര്‍സേവകര്‍ പ്രവര്‍ത്തിക്കുന്നതു പോലെ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് സേവാ ദള്‍ ഉള്ളത്. എന്നാലവരെ എവിടെയും കാണുന്നില്ല എന്നത് മറ്റൊരു വാസ്തവം. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ 2024നും അപ്പുറമുള്ള വിദൂരഭാവിയില്‍ ഫലപ്രദമാകുമെന്നത് തീര്‍ച്ച. എന്നാല്‍ ആ വിദൂരഭാവിയില്‍ നമ്മളെല്ലാം മൃതശരീരങ്ങളായിരിക്കും എന്നത് അപ്രിയമായൊരു സത്യം.
(കടപ്പാട്: ന്യൂസ് ക്ലിക്ക്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."