ഹാജിമാര്‍ക്ക് കൈത്താങ്ങായി മലയാളി സന്നദ്ധസേവകര്‍
ജിദ്ദ: പുണ്യഭൂമിയിലെ മലയാളി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം മാതൃകയാകുന്നു. വിവിധ മലയാളി സംഘടനകളുടെ കീഴില്‍ നൂറുകണക്കിനുപേരാണ് മക്കയിലും മദീനയിലും സേവനസന്നദ്ധരായി കര്‍മരംഗത്തുള്ളത്. മലയാളികളായ പ്രവാസികള്‍ ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഹാജിമാരുടെ സഹായത്തിന് എത്തുന്നത്. ഇതിനുപുറമെ സ്ത്രീകളും കുട്ടികളും അവരുടെ പങ്കാളിത്തവും അറിയിക്കുന്നുണ്ട്. പരസ്പരം സഹകരിച്ചുള്ള ഇവരുടെ പ്രവര്‍ത്തനം വിവിധ ഹജ്ജ് മിഷനുകളുടെയും തീര്‍ഥാടകരുടെയും പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വിഖായ, കെ.എം.സി.സി, തനിമ, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം, ഒ.ഐ.സി.സി, ആര്‍.എസ്.സി തുടങ്ങിയ സംഘടനകളുടെ കീഴിലാണ് പ്രധാനമായും വളണ്ടിയര്‍മാര്‍ സേവനത്തിനുള്ളത്. ഇതിനുപുറമെ ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മക്കയില്‍ സേവനസന്നദ്ധരായി രംഗത്തുണ്ട്.
ഹറം പരിസരം, അറഫ, മുസ്ദലിഫ, മിന, അസീസിയ എന്നിവിടങ്ങളിലും മിന റയില്‍വേ സ്‌റ്റേഷനിലും മദീന എന്നിവിടങ്ങളിലും മറ്റു പരിസരപ്രദേശങ്ങളിലും വിഖായ വളണ്ടിയര്‍മാര്‍ അടക്കമുള്ളവര്‍ ഹാജിമാരുടെ സഹായത്തിന് രംഗത്തുണ്ട്. വഴിതെറ്റുന്ന ഹാജിമാര്‍ക്ക് ഇവരുടെ സേവനം ഏറെ സഹായകമാണ്.
കൂടാതെ നടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് വീല്‍ചെയര്‍ സഹായം, ഹാജിമാര്‍ക്ക് കുടിവെള്ള വിതരണം, റോഡിലൂടെ നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ചെരിപ്പു വിതരണം തുടങ്ങിയവയും ഇവര്‍ ചെയ്യുന്നുണ്ട്. ഇതിനുപുറമെ കഞ്ഞിയും മറ്റു ലഘു ഭക്ഷണവും നല്‍കുന്നുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ അറഫയിലും മിനായിലും വഴിതെറ്റിപോവുന്ന ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കുക, ഹാജിമാര്‍ക്ക് വേണ്ട വെള്ളം, ഭക്ഷണം എന്നിവ എത്തിച്ചുകൊടുക്കുക, ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്.
ഇത്തവണ കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ വരവ് വൈകിയതിനാല്‍ നിരവധി പ്രയാസങ്ങളാണ് ഹാജിമാര്‍ അനുഭവിക്കുന്നത്. മക്കയില്‍ ഇപ്പോള്‍തന്നെ നല്ല തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം കഠിനമായ ചൂട് കലാവസ്ഥയുമാണ്. ഇതു പ്രായാധിക്യവും രോഗവുംകൊണ്ട് അവശതയനുഭവിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ പ്രയാസമുണ്ടാക്കും. ഇവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളുടെ വളണ്ടിയര്‍മാര്‍ 24 മണിക്കൂറും സജ്ജമായി നില്‍ക്കുന്നത് ഹാജിമാര്‍ക്ക് ഏറെ ആശ്വാസമാണ്.
ഹാജിമാരുടെ സഹായത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ റൂട്ട്മാപ്പുകളും നല്‍കുന്നുണ്ട്. ഇതു ഹാജിമാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടതായി ഹാജിമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് ശാസ്ത്രീയമായാണ് മാപ്പ് ഒരുക്കിയിട്ടുള്ളത്. റൂട്ട് മാപ്പില്‍ കെട്ടിട നമ്പറുകള്‍ക്കുപുറമെ ഹജ്ജ് മിഷന്‍ ഓഫിസ്, വിവിധ ബ്രാഞ്ചുകള്‍, പ്രധാനപ്പെട്ട ആശുപത്രികള്‍, സാപ്റ്റ്‌കോ ബസ് സ്റ്റാന്‍ഡ്, മറ്റു പ്രധാന കെട്ടിടങ്ങള്‍, വിവിധ ഭാഗങ്ങളിലെ റോഡുകള്‍ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."