അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ അന്തരിച്ചു
കണ്ണൂര്‍ : ധീര രക്തസാക്ഷിയും പ്രമുഖ സി.പി.എം നേതാവുമായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ. മീനാക്ഷി ടീച്ചര്‍ (87) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവന്‍ നാടിന് വേണ്ടി സമര്‍പ്പിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചര്‍ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായിട്ടായിരുന്നു ജനനം.
1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബര്‍ 23നാണ് ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
സമരപോരാട്ടങ്ങള്‍ നിറഞ്ഞ അഴീക്കോടന്‍ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചര്‍ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേര്‍പാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് കുഞ്ഞു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ടീച്ചര്‍ തനിച്ച് ഏറ്റെടുത്തു. 34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു.
പ്രധാനാധ്യാപികയായാണ് വിരമിച്ചത്. എന്‍.സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മക്കള്‍: ശോഭ, സുധ(റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍) , മധു (റിട്ട. തലശേരി റൂറല്‍ ബാങ്ക്) , ജ്യോതി ( ഗള്‍ഫ് ) സാനു( ദേശാഭിമാനി, കണ്ണൂര്‍ ) മരുമക്കള്‍: കെ .കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂള്‍) , ആലീസ്(ഗള്‍ഫ്) ,എം .രഞ്ജിനി(അധ്യാപിക, അരോളി ഗവ. സ്‌കൂള്‍), പരേതനായ കെ .ഇ ഗംഗാധരന്‍(മനുഷ്യാവകാശകമീഷന്‍ അംഗം). സഹോദരങ്ങള്‍: രവീന്ദ്രന്‍(പയ്യാമ്പലം), പരേതയായ സാവിത്രി.
മീനാക്ഷി ടീച്ചറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പുതിയ പല തലമുറകളിലെ വിപ്ലവകാരികള്‍ക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചര്‍. ധീരതയുടെ പ്രചോദന കേന്ദ്രമായിമായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കാനുള്ള മഹത്തായ ത്യാഗമായി സ്വന്തം ജീവിതത്തെ തന്നെ മാറ്റിയ ധീരതയാണ് അവരുടേതെന്നും പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."