ട്രൈബ്യൂണല്‍ നിയമനം: കേന്ദ്രത്തിന് വീണ്ടും സുപ്രിംകോടതിയുടെ വിമര്‍ശം; ജസ്റ്റിസ് ചീമക്ക് വിരമിക്കുംവരെ തുടരാന്‍ അനുമതി
ന്യൂഡല്‍ഹി: ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട് മൂന്നാംതവണയും സുപ്രിംകോടതിയുടെ വിമര്‍ശനമേറ്റുവാങ്ങി കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ജസ്റ്റിസ് അശോക് ഇഖ്ബാല്‍ സിങ് ചീമയെ പുറത്താക്കിയ നടപടിയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനത്തിനിടയാക്കിയത്. തുടര്‍ന്ന് ചീമയെ അദ്ദേഹം വിരമിക്കുന്ന ഈ മാസം 20വരെ തല്‍സ്ഥാനത്ത് തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രിംകോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ജസ്റ്റിസ് ചീമയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പുതുതായി പാസാക്കിയ ട്രൈബ്യൂണല്‍ റിഫോംസ് ആക്ട് പ്രകാരം ട്രൈബ്യൂണല്‍ അംഗങ്ങളുടെ കാലാവധി നാലുവര്ഷമാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. 2017 സെപ്റ്റംബറില്‍ നിയമിതനായ ചീമ ഈമാസം 11ന് നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് ചീമയെ നീക്കംചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഈ മാസം 20ന് വിരമിക്കുന്ന ജസ്റ്റിസ് ചീമ അഞ്ചുകേസുകള്‍ വിധിപറയാനായി മാറ്റിവച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തോട് എങ്ങനെ വിരമിക്കാന്‍ പറയാനാകും. ട്രൈബ്യൂണല്‍ റിഫോംസ് ആക്ടാണ് പ്രശ്നമെങ്കില്‍ തങ്ങള്‍ക്ക് അത് സ്റ്റേ ചെയ്യേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
മദ്രാസ് ബാര്‍ അസോസിയേഷന് കേസില്‍ ജൂലൈ 14ന് സുപ്രിംകോടതി റദ്ദാക്കിയ ട്രൈബ്യൂണല്‍ റിഫോംസ് ഓര്‍ഡിനന്‍സിലെ അതേ വ്യവസ്ഥകളാണ് ട്രൈബ്യൂണല്‍ റിഫോംസ് ആക്ടിലുമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനുപിന്നാലെ അരമണിക്കൂര്‍ കഴിഞ്ഞ് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ചീമയെ വിരമിക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതായി അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചത്. ജസ്റ്റിസ് ചീമക്ക് പകരക്കാരനായി നിയമിക്കപ്പെട്ടയാളോട് അതുവരെ അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചതായും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."