അസ്‌ലം വധം: പ്രധാന പ്രതികള്‍ പൊലിസ് വലയത്തില്‍; അറസ്റ്റ് ഇന്നുണ്ടായേക്കും
നാദാപുരം: വെളളൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കൊലയാളി സംഘം പൊലിസ് വലയത്തില്‍. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. നിര്‍ണായക വിവരങ്ങള്‍ പൊലിസിനു ലഭിച്ചു. വളയം സ്വദേശികളെ കേന്ദ്രീകരിച്ചാണിത്. സംഭവശേഷം പ്രതികളെന്ന് സംശയിക്കുന്നവരെല്ലാം ഒളിവില്‍ പോയിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗില്‍ പ്രതികള്‍ തങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ ഒളിവില്‍കഴിയാന്‍ സഹായിച്ച സി.പി.എം പ്രാദേശിക നേതാവ് ഹോസ്ദുര്‍ഗിനടുത്ത് സി.പി.എം ബങ്കളം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അനിലിനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കി. കൊലയാളി സംഘത്തിന് വാഹനം വാടകയ്ക്കുനല്‍കിയ വളയം നിരവിലെ നിധിന്‍ എന്ന കുട്ടു മാത്രമാണ് കേസില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. വാഴമലയിലെ ഒളി സങ്കേതത്തില്‍ നിന്നും വയനാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൊട്ടില്‍പ്പാലത്തിനടുത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചു മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ഇന്നലെ വടകര എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."