'ക്രൂരതയ്ക്ക് തൂക്കുകയര്‍'; ആലുവ കൊലപാതകക്കേസില്‍ പ്രതി അസഫാക് ആലത്തിന് വധ ശിക്ഷ
'ക്രൂരതയ്ക്ക് തൂക്കുകയര്‍'; ആലുവ കൊലപാതകക്കേസില്‍ പ്രതി അസഫാക് ആലത്തിന് വധ ശിക്ഷ
എറണാകുളം: ആലുവ കൊലപാതക്കേസില്‍ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പോക്‌സോ കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. അസഫാക് ആലത്തിന് മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങള്‍ക്കും പരമാവധി ശിക്ഷയാണ് നല്‍കിയത്. സംഭവത്തിന് ശേഷം പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകക്കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് അഞ്ച് കേസുകളില്‍ ജീവപര്യന്തം തടവിനുമാണ് വിചാരണക്കോടതി വിധിച്ചിട്ടുള്ളത്.
2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ് ആലുവയില്‍ വീടിന് സമീപം കളിച്ച് കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ കാണാതായത്. കേസില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് കുട്ടിയെ ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതി അസ്ഫാക് ആലമിനെ അന്ന് തന്നെ പിടികൂടിയിരുന്നു. കുട്ടിയുടെ വീടിന് അടുത്ത് തന്നെ താമസിച്ചിരുന്ന ആളാണ് പ്രതി. കുട്ടിയെ ജ്യൂസ് വാങ്ങിതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് ക്രൂരമായി ബലാത്സംഘം ചെയ്യുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയില കള്‍ക്കുള്ളില്‍ മൂടി. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഘക്കേസില്‍ മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പിന് പുറമെ, കൊലപാതകം, ബലാത്സംഘം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി 16 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 4, ബുധനാഴ്ചയാണ് കേസില്‍ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബര്‍ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവില്‍ കൊലക്കയര്‍ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹന്‍ രാജായിരുന്നു കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."