യുഎഇ എമിറേറ്റൈസേഷൻ: ഡിസംബർ 31-നകം പൗരന്മാരെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾ കടുത്ത പിഴ നൽകേണ്ടിവരും
യുഎഇ എമിറേറ്റൈസേഷൻ: ഡിസംബർ 31-നകം പൗരന്മാരെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾ കടുത്ത പിഴ നൽകേണ്ടിവരും
അബുദാബി: സ്വകാര്യ മേഖലയിലെ കമ്പനികൾ ഡിസംബർ 31-നകം അവരുടെ പ്രാദേശികവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഈ വർഷാവസാനത്തോടെ 4 ശതമാനം എമിറാത്തികൾ ഉണ്ടായിരിക്കണം. വർഷത്തിന്റെ ആദ്യപകുതിയിൽ ഒന്നും കഴിഞ്ഞ വർഷം രണ്ടും ശതമാനവും ആളുകളെ നിയമിച്ചവർക്ക് ഇനി ഒരു ശതമാനമാണ് ഈ വർഷം നിയമിക്കേണ്ടത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾ 7,000 പിഴയടക്കേണ്ടിവരും.
2026 വരെ എല്ലാ വർഷവും 2 ശതമാനം എമിറാത്തികളെ കമ്പനികൾ അവരുടെ തൊഴിൽ സേനയിലേക്ക് ചേർക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ, മിക്ക കമ്പനികളും 2 ശതമാനം യുഎഇ പൗരന്മാരെ വൈദഗ്ധ്യമുള്ള റോളുകളിൽ ചേർത്തിരുന്നു. എന്നാൽ ഈ വർഷം ആദ്യം മുതലാണ് വാർഷിക ലക്ഷ്യം രണ്ടായി വിഭജിച്ച് വർഷത്തിന്റെ ആദ്യ പകുതിയിൽ 1 ശതമാനവും രണ്ടാമത്തെ പകുതിയിൽ 1 ശതമാനവും എന്ന നിലയിലേക്ക് മാറിയത്.
വീഴ്ച വരുത്തുന്നവർക്ക് കഴിഞ്ഞ വർഷം മാസംതോറും 6,000 ദിർഹമായിരുന്നു പിഴ. ഈ വർഷം അത് 7,000 ദിർഹമാക്കി ഉയർത്തി. ഈ വർഷം ജൂലൈ 8 ന് അർദ്ധ വാർഷിക എമിറേറ്റൈസേഷൻ സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നിയമിക്കാത്ത ഓരോ എമിറാറ്റിക്കും 42,000 ദിർഹം പിഴ ചുമത്തി. അതായത് 7,000 ദിർഹം വീതം ആറ് മാസത്തേക്ക് എന്ന കണക്കിലാണ് 42,000 ആക്കിയത്. ഇതേ മാതൃകയിൽ ഡിസംബർ 31-ന് മുമ്പ് നിയമിക്കാത്ത ഓരോ പൗരനും 42,000 ദിർഹം അധിക പിഴ ചുമത്തും.
2022 ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനികളിൽ നിന്നായി ആകെ 400 ദശലക്ഷം ദിർഹം പിഴയാണ് മന്ത്രാലയം ചുമത്തിയത്. അതേസമയം, 18,000 സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ കൃത്യമായി നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇത് സ്വകാര്യ മേഖലയിലെ ജോലികളിൽ ചേരുന്ന പൗരന്മാരുടെ എണ്ണത്തിൽ "അഭൂതപൂർവമായ വർദ്ധനവിന്" കാരണമായി. 84,000-ത്തിലധികം എമിറേറ്റികൾ നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 54,000-ത്തിലധികം പേർക്ക് ജോലി ലഭിച്ചു.
വ്യാജ എമിറേറ്റൈസേഷനെതിരായ സഹിഷ്ണുതയില്ലാത്ത നയമാണ് MoHRE-ക്കുള്ളത്. 565 കമ്പനികൾ മൊത്തം 824 യുഎഇ പൗരന്മാരെ വ്യാജ ജോലികളിൽ നിയമിച്ചതായി ഓഗസ്റ്റിൽ മന്ത്രാലയം അറിയിച്ചു. 20,000 ദിർഹം മുതൽ 100,000 ദിർഹം വരെയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."