വീടും സ്ഥലവും ഉണ്ടെന്ന വാര്‍ത്ത: ഖേദപ്രകടനവുമായി ദേശാഭിമാനി; നേരിട്ട് വന്ന് മാപ്പു പറയട്ടെയെന്ന് മറിയക്കുട്ടി
വീടും സ്ഥലവും ഉണ്ടെന്ന വാര്‍ത്ത: ഖേദപ്രകടനവുമായി ദേശാഭിമാനി; നേരിട്ട് വന്ന് മാപ്പു പറയട്ടെയെന്ന് മറിയക്കുട്ടി
തിരുവനന്തപുരം: വിധവ പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനസമരം നടത്തിയ മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്ന വാര്‍ത്ത തിരുത്തി ദേശാഭിമാനി. വാര്‍ത്തയില്‍ പിശക് സംഭവിച്ചതാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ദേശാഭിമാനി ഇതുമായി ബന്ധപ്പെട്ട് ഇന്ന് നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.
മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പി.സി പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ വന്ന വാര്‍ത്ത പിശകാണ്. മറിയക്കുട്ടിയുടെ സഹോദരി വര്‍ഷങ്ങളായി വിദേശത്താണ്. ഇതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.
എന്നാൽ അവർ തന്നോട് നേരിട്ട് വന്ന് മാപ്പു പറയട്ടെ എന്നായിരുന്നു ദേശാഭിമാനിയുടെ ഖേദപ്രകടനത്തോട് മറിയക്കുട്ടിയുടെ പ്രതികരണം. വിഷയത്തിൽ നിയമപരമായി മുന്നോട്ടു നീങ്ങുമെന്ന ഉറച്ച നിലപാടിലാണ് അവർ. സർക്കാർ നൽകിയിരുന്ന പെൻഷൻ മുടങ്ങുകയും ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതാവുകയും ചെയ്തതോടെ തെരുവിൽ ഭിക്ഷ യാചിച്ച സംഭവത്തിൽ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മന്നാങ്കണ്ടം വില്ലേജിൽനിന്ന് തന്റെ പേരിൽ സ്വത്തുക്കളില്ലെന്ന സക്ഷ്യപത്രം വാങ്ങിയ ശേഷമാണ് ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞു.
പെൻഷൻ മുടങ്ങിയതിന്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്നും മകൾ വിദേശത്താണെന്നും നേരത്തെ സൈബർ ഇടങ്ങളിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്‌സർലണ്ടിലാണെന്നും പ്രചരിച്ചു.ഈ പ്രചരണങ്ങൾ ഏറ്റുപിടിച്ച് ദേശാഭിമാനിയും സമാനമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും താൻ വില്ലേജ് ഓഫിസിൽ പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി.
മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫിസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫിസർ ബിജുവും വ്യക്തമാക്കിയിരുന്നു. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രവും നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."