സര്‍വ്വം കോഹ്‌ലി മയം; ഒരു റെക്കോര്‍ഡ് കൂടി സച്ചിന് നഷ്ടമായി
സര്‍വ്വം കോഹ്‌ലി മയം; ഒരു റെക്കോര്‍ഡ് കൂടി സച്ചിന് നഷ്ടമായി
മുംബൈ: ഏകദിന ക്രിക്കറ്റില്‍ 50-ാം സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് കോഹ്‌ലിയുടെ നേട്ടം.
49 സെഞ്ച്വറികളില്‍ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വര്‍ഷത്തിന് ശേഷം സച്ചിനെ ആരാധിച്ച് ബാറ്റെടുത്ത കോഹ്‌ലി അതേ സച്ചിനെ പിന്തള്ളി ഏകദിന കരിയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമായി മാറി. രോഹിത്തോ കോലിയോ എന്നായിരുന്നു സച്ചിന്റെ പ്രവചനം. ആ നിയോഗം കോഹ്‌ലിക്ക് തന്നെ. കോഹ്‌ലി തന്റെ റെക്കോഡ് തിരുത്തുമ്പോള്‍ എല്ലാത്തിനും ക്രിക്കറ്റ് 'ദൈവം' തന്നെ സാക്ഷി. ക്രിക്കറ്റ് ദൈവത്തിന്റെ മെക്കയായ വാഖഡെയില്‍ തന്നെ ആ റെക്കോഡ് തിരുത്തപ്പെടുന്നു.
ഒരു ലോകകപ്പ് നോക്കൗട്ടില്‍ കോഹ്‌ലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോലി പഴങ്കഥയാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ലോകകപ്പില്‍ കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. 27 ഇന്നിങ്‌സുകളില്‍നിന്ന് 50 സിക്‌സാണ് രോഹിത്ത് അടിച്ചെടുത്തത്. 34 ഇന്നിങ്‌സുകളില്‍ 49 സിക്‌സുകള്‍ അടിച്ച വെസ്റ്റിന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് ശര്‍മ പിന്നിലാക്കിയത്.
ലോകകപ്പില്‍ 1,500 റണ്‍സും രോഹിത് സെമി ഫൈനല്‍ പോരാട്ടത്തില്‍ പിന്നിട്ടു. മത്സരത്തില്‍ 29 പന്തുകള്‍ നേരിട്ട താരം 47 റണ്‍സെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ കെയ്ന്‍ വില്യംസന്‍ ക്യാച്ചെടുത്താണ് രോഹിത്തിന്റെ പുറത്താകല്‍. സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 23-ാം ഓവറില്‍ ക്രീസ് വിട്ടു. പിന്നാലെ വിരാട് കോലി അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."