ടാറിങ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു
രാജാക്കാട്: കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം ടാറിങ് നടത്തിയ പൊന്മുടി ഡാം ടോപ്പ് മരക്കാനം റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി മൂന്ന് മാസം പിന്നിടും മുന്‍പ് തകര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അശാസ്ത്രീയതയും അഴിമതിയുമാണ് റോഡ് തകരാന്‍ കാരണമെന്ന് ആക്ഷേപം.
വര്‍ഷങ്ങളുടെ പ്രതിക്ഷേധത്തിനൊടുവിലാണ് പൊന്മുടി ഡാംടോപ്പ് മരക്കാനം റോഡ് ബീനാമോള്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം കഴിഞ്ഞ മാര്‍ച്ചിന് മുമ്പായി ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയത്. എന്നാല്‍ ടാറിംഗ് പൂര്‍ത്തീകരിച്ച് ഒരുമാസം പിന്നിടുന്നതിന് മുമ്പു തന്നെ ടാറിങ് ഇളകിത്തുടങ്ങിയിരുന്നു. കുത്തിറക്കവും വളവുമായ ഭാഗത്ത് ടാറിങ് പൂര്‍ണ്ണമായി തകരുകയും വാഹനങ്ങള്‍ ബ്രേക്കിട്ടാല്‍ അപകടത്തില്‍പെടുന്ന അവസ്ഥയിലുമെത്തി. റോഡ് നിര്‍മ്മാണം അശാസ്ത്രീയമായതിനാലാണ് ഇത്തരത്തില്‍ തകരുവാന്‍ കാരണമെന്നും കരാറുകാരനെതിരേ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
മാര്‍ച്ചിന് മുമ്പ് നീര്‍മ്മാണം പൂര്‍ത്തിയാക്കി ബില്ലുമാറുന്നതിന് വേണ്ടി ചെളിയായി കിടന്നതിന് മുകളിലേയ്ക്ക് ടാറിങ് നടത്തുകയായിരുന്നു. അതുകൊണ്ട് മണ്ണില്‍ ടാര്‍ സെറ്റാകാതെ വന്നതോടെയാണ് ശക്തമായ മഴയില്‍ ടാറിങ് ഇളകി മാറി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല പല ഭാഗത്തും വാട്ടര്‍ സോളിംഗും വേണ്ട രീതിയില്‍ റോളര്‍ ഉപയോഗിച്ച് ഉറപ്പിക്കാതെയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. അടിയന്തിരമായി റോഡ് റീടാറിങ് നടത്തി ഗതഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."