ഹരിതയിലെ നടപടികള്‍ കൂടിയാലോചിച്ചെടുത്തത്; തീരുമാനങ്ങള്‍ മാറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഹരിതയിലെ തിരുത്തല്‍ നടപടികള്‍ കൂടിയാലോചിച്ചാണെടുത്തതെന്നും എടുത്ത തീരുമാനങ്ങള്‍ പിന്നെ മാറ്റില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയില്‍ ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുന്നത്.
കൂടുതലായി ആ വിഷയത്തെ കുറിച്ച് പറയുന്നില്ല. പറയുന്നതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ച് വേറെ നിര്‍വചനം ഉണ്ടേക്കേണ്ടതില്ലെന്നും മുനീറ് പറയുന്നതും ഞാന്‍ പറയുന്നതും മറ്റുള്ളവര്‍ പറയുന്നതും ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായി എടുക്കുന്ന തീരുമാനത്തില്‍ ഓരോ നേതാക്കളുടെ പേര് പറഞ്ഞ് ചോദിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാദിഖലി തങ്ങളുടെ ഏകപക്ഷീയമായ തീരുമാനമാണ് നടപ്പാക്കപ്പെട്ടതെന്നും പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും ഹരിത നേതാക്കള്‍ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് അവര്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
നിങ്ങള്‍ കുറേ എന്തൊക്കെയോ ചോദിച്ചു. അവര്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. നിങ്ങള്‍ മെനക്കെട്ട് ചോദിച്ചു. പക്ഷേ ആരും പറഞ്ഞില്ല. ഒരു കാര്യത്തില്‍ വ്യക്തത വരുത്താം. എല്ലാം കൂട്ടായെടുത്ത തീരുമാനമാണ്. അതിനപ്പുറമൊരു വാചകം വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ഞാന്‍ തരില്ല.
ഇതുവരെയുള്ള എല്ലാ തീരുമാനവും കൂട്ടായി എടുത്തതാണ്. അതില്‍ വ്യക്തിപരമായി ഉത്തരവാദിത്തം ചാര്‍ത്തുന്ന രീതി ശരിയല്ല. ഇനിയുള്ള കാര്യങ്ങളും യോഗത്തില്‍ ഞങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."