കിസ് വക്കും പറയാനുണ്ടേറെ കഥകള്‍
മനസില്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഏതൊരാളുടെയും അഭിലാഷങ്ങളിലൊന്നാണ് മക്കയില്‍ വിശുദ്ധ കഅ്ബയെ ഒന്നു കണ്ണു നിറയെ കാണുകയെന്നത്. ചിലപ്പോഴെങ്കിലും അതുമാത്രം ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന വിശ്വാസികളുമുണ്ടു നമുക്കിടയില്‍. തങ്ങളുടെ ഹൃദയത്തില്‍ അടങ്ങാത്ത ആവേശവും പ്രതീക്ഷയുമായി കഅ്ബയെ മനസില്‍ കണ്ടുകൊണ്ടിരിക്കുന്ന അവരുടെ ഈമാനിനെ പ്രോജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ കഅ്ബ പ്രേമത്തിനു വലിയ സ്വാധീനമുണ്ട്. ദര്‍ശന സൗഭാഗ്യം ലഭിക്കാന്‍ അനേകായിരങ്ങള്‍ കൊതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനിര്‍മിതമായ ഏക സൗധമായിരിക്കും കഅ്ബാ ശരീഫ്.
അല്ലാഹുവിന്റെ ദീനിനോടുള്ള അടങ്ങാത്ത സ്‌നേഹവും അവനിലുള്ള തികഞ്ഞ വിശ്വാസവും ബോധ്യവുമാണ് അവരുടെ അന്തരംഗങ്ങളില്‍ കത്തിനില്‍ക്കുന്ന ആവേശവും അഭിലാഷവും. കഅ്ബാ ശരീഫ് കാണാന്‍ ആഗ്രഹിക്കുകയും എന്നാല്‍ നേരിട്ടു കാണാന്‍ കഴിയാതെ, മനസില്‍ പലവുരു അതിനെ കിനാവു കണ്ടു നിര്‍വൃതിയടയുകയും ചെയ്യുന്ന വിശ്വാസികളുമുണ്ട്. കഅ്ബാ ശരീഫിനെ കുറിച്ചു പറഞ്ഞുതുടങ്ങും മുന്‍പേ അവരുടെ കണ്ണുകള്‍ ഈറനണിയും. വാര്‍ധക്യത്തിന്റെ അവശതയില്‍ ഈ ദുന്‍യാവിലെ ജീവിത സൗകര്യങ്ങളും ആഡംബരങ്ങളും അവരുടെ മനസിനു കുളിര്‍മയേകുന്നില്ല. വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത ജീവിതത്തിന്റെ സായംസന്ധ്യയിലും വിശുദ്ധ കഅ്ബയെ കുറിച്ചുള്ള സംസാരം അവരുടെ കണ്ണുകളില്‍ എന്തെന്നില്ലാത്ത പ്രതീക്ഷ നല്‍കുന്നു. പരിശുദ്ധ കഅ്ബയെ കാണുന്നതും അതിന്റെ കില്ലകളില്‍ പിടിച്ചു പ്രാര്‍ഥിക്കുന്നതും, ഇബ്രാഹിം നബിയുടെയും മുഹമ്മദ് നബിയുടെയും കരസ്പര്‍ശമേറ്റ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായവര്‍ ഹൃദയത്തിലൊരു കോണില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു.
കഅ്ബാ ശരീഫിനോടുള്ള വിശ്വാസികളുടെ പ്രണയത്തിന് അനിര്‍വചനീയമായ മാനങ്ങളാണുള്ളത്. അതില്‍ സ്ത്രീ പുരുഷ ഭേദമില്ല. ധനിക ദരിദ്ര വ്യത്യാസമില്ല. പട്ടിണിയിലും പരിവട്ടത്തിലും അവര്‍ക്കാകില്ല. നാണയത്തുട്ടുകള്‍ കൂട്ടിവച്ചും പറമ്പുവിറ്റും വീട്ടിലെ മരങ്ങള്‍ മുറിച്ചുവിറ്റും ആഭരണങ്ങള്‍ വിറ്റുപെറുക്കിയും കഅ്ബയെ ഒരു മുത്തം നല്‍കാന്‍ എത്രയോ ജന്മങ്ങള്‍ കടല്‍കടന്നു.
എന്നാല്‍ കഅ്ബയെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം വരിക കറുത്ത തുണികൊണ്ടു മൂട്ടിയ ഒരു തൂണ്‍. അതെ ആ കറുപ്പില്‍ പൊന്‍ തൂലഴകു ചാര്‍ത്തിയ കിസ്‌വയ്ക്കു കഥപറയാനുണ്ടൊരുപാട്.
ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ ഖിബ്‌ലയായ കഅ്ബയുടെ പുറത്തു പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത്. ഓരോ വര്‍ഷവും അറഫാദിനത്തിലാണ് കഅ്ബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയതു സ്ഥാപിക്കുന്നത്. പ്രത്യേക പട്ടില്‍ തയാറാക്കിയ കിസ്‌വ ഉമ്മുജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയിലാണു നെയ്‌തെടുക്കുന്നത്. കഅ്ബയുടെ പരിപാലകനായ വ്യക്തിയുടെ നേതൃത്വത്തിലാണു പുതിയ കിസ്‌വ കഅ്ബയെ പുതപ്പിക്കുന്നത്.
ഇസ്‌ലാം നിലവില്‍ വരുന്നതിനു മുന്‍പേ കിസ്‌വ ഉണ്ടായിരുന്നുവെന്നു ചില ചരിത്രരേഖകള്‍ പറയുന്നുണ്ട്. എങ്കിലും അക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. ഇബ്രാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍ നബിയാണ് കിസ്‌വ ആദ്യം ഉപയോഗിച്ചതെന്നാണു പറയുന്നത് എന്ന ഈ കാര്യത്തില്‍ തര്‍ക്കമുണ്ട്. യമനിലെ ഹുമയ്യൂര്‍ രാജാവിന്റെ കാലത്താണ് കഅ്ബയില്‍ കിസ്‌വ പുതച്ചത് എന്നാണു മിക്കവരും വിശ്വസിക്കുന്നത്. ഖുറൈശികള്‍ അനുവദിക്കാത്തതുകൊണ്ട് മുഹമ്മദ് നബിക്കും അനുചരര്‍ക്കും 630-ാം ആണ്ടുവരെ മക്കയിലേക്കു വരാന്‍ കഴിഞ്ഞിരുന്നില്ല, മുസ്‌ലിംകള്‍ മക്ക പിടിച്ചെടുത്ത ശേഷമാകട്ടെ അവര്‍ കിസ്‌വ മാറ്റിയതേയില്ല.
പിന്നീട് ഒരു സ്ത്രീയുടെ ബത്തിയില്‍ നിന്നു തീപകര്‍ന്ന് കിസ്‌വ കത്തിനശിച്ചപ്പോഴാണ് കഅ്ബയില്‍ പുതിയ കിസ്‌വ പുതപ്പിച്ചത്. യമനില്‍ നിന്നുള്ള വെള്ള തുണികൊണ്ടായിരുന്നു അന്ന് കിസ്‌വ ഉണ്ടാക്കിയത്. കിസ്‌വയുടെ കാര്യത്തില്‍ ഒട്ടേറെ ഖലീഫമാര്‍ പല പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്. മുആവിയയാണു കൊല്ലത്തില്‍ രണ്ടുതവണ കിസ്‌വ മാറ്റണമെന്ന രീതി കൊണ്ടുവന്നത്. ഒന്നിനു മുകളില്‍ ഒന്നായി കിസ്വ്‌വ അണിയിക്കുകയായിരുന്നു പതിവ്. ഏറെ കാലം ഈജിപ്തില്‍ നിന്നായിരുന്നു കിസ്‌വ നിര്‍മിച്ച് എത്തിച്ചിരുന്നത്. ഹിജ്‌റ 1381ലാണ് ഏറ്റവും അവസാനമായി ഈജിപ്തില്‍ നിന്ന് കിസ്‌വയെത്തിയത്. അന്ന് ഹജ്ജ് തീര്‍ഥാടന കാലത്തു വലിയ ഘോഷയാത്രയായാണ് കിസ്‌വ കൊണ്ടുവരാറ്. ഇതിനുള്ള പട്ടുനൂല്‍ ഇന്ത്യ, സുദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നാണ് എത്തിച്ചിരുന്നത്.
അബ്ബാസീ ഖലീഫയായ സുല്‍ത്താന്‍ നാസര്‍ ഈ രീതി മാറ്റി കൊല്ലത്തില്‍ ഒരു തവണ പുതിയ കിസ്‌വ അണിയിക്കുന്ന രീതി കൊണ്ടുവന്നു. അല്‍ മഅ്മൂന്‍ ഖലീഫയാകട്ടെ കൊല്ലത്തില്‍ മൂന്നു തവണ പല നിറത്തിലുള്ള കിസ്‌വ അണിയിക്കാന്‍ തുടങ്ങി ദുല്‍ഹജ്ജ് എട്ടിനു ചുവപ്പ്, റജബ് ഒന്നിന് വെള്ള, റമദാന്‍ 29ന് വേറൊരു ചുവപ്പ് എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ പരിഷ്‌കാരം. പിന്നീടാണു പച്ചപ്പട്ട് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ കറുപ്പുനിറം കിസ്‌വയുടെ നിറമായി ഉറയ്ക്കുകയായിരുന്നു. പിന്നീടിതുവരെ ഇതിനു മാറ്റം വന്നിട്ടില്ല. എല്ലാ വര്‍ഷവും ദുല്‍ഹജ്ജ് ഒന്നിന് പുതിയ കിസ്‌വ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന് സഊദി ഭരണാധികാരി കൈമാറുകയണു പതിവ്. രാവിലെ ആരംഭിക്കുന്ന കിസ്‌വ മാറ്റ ജോലികള്‍ വൈകിട്ടു വരെ നീണ്ടുനില്‍ക്കും. ഹജ്ജ് നാളില്‍ കൂടുതല്‍ തീഥാടകര്‍ മക്കയിലെത്തുന്നതിനാല്‍ കിസ്‌വയ്ക്കു കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഈ സമയങ്ങളില്‍ കിസ്‌വ മൂന്നു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടും. എന്നിട്ടു രണ്ട് മീറ്റര്‍ വീതിയില്‍ 47 മീറ്റര്‍ ചുറ്റളവില്‍ വെള്ളത്തുണികൊണ്ട് കഅ്ബയില്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്യും. ഹജ്ജിനു മുന്നോടിയായി വിശുദ്ധ കഅ്ബയെ ഇഹ്‌റാമിന്റെ വസ്ത്രമണിയിക്കുക എന്നാണു മക്കാവാസികള്‍ ഇതിനെ വിശേഷിപ്പിക്കാറുള്ളത്.
പ്രകൃതിദത്തമായ പട്ട് ഉപയോഗിച്ചാണു കിസ്‌വ നിര്‍മിക്കുന്നത്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളില്‍ നിന്നുള്ള മൂന്നിലൊന്നു ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉള്‍വശത്തു വെളുത്ത കട്ടി കൂടിയ കോട്ടന്‍ തുണിയുണ്ടാകും. അഞ്ചു കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങള്‍ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നില്‍ തൂക്കുന്ന കര്‍ട്ടണാണ്. കര്‍ട്ടണ് 6.32 മീറ്റര്‍ നീളവും 3.30 മീറ്റര്‍ വീതിയുമുണ്ട്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേര്‍ക്കുകയാണു ചെയ്യുക. 700 കിലോയോളം പട്ടും 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. നിര്‍മാണത്തിന് എട്ടു മുതല്‍ ഒന്‍പതു മാസം വരെ എടുക്കും.
കിസ്‌വ ഫാക്ടറിയില്‍ 240 ജീവനക്കാരുണ്ട്. കിസ്‌വ നിര്‍മാണത്തിനു രണ്ടേകാല്‍ കോടിയിലേറെ റിയാല്‍ ചെലവു വരുന്നുണ്ടെന്നാണു കണക്ക്. ഏകദേശം 25 കോടി ഇന്ത്യന്‍ രൂപ ഇതിന്റെ നിര്‍മാണത്തിനായി സഊദി ചെലവാക്കുന്നുവെന്നര്‍ഥം. 1972ല്‍ ഭരണാധികാരിയായിരുന്ന ഫൈസല്‍ രാജാവാണ് ഇതിനായി പ്രത്യേകം ഫാക്ടറി സ്ഥാപിച്ചത് ഫാക്ടറിക്കു പുറത്തുള്ളവര്‍ക്ക് കിസ്‌വയുടെ നിര്‍മാണ രഹസ്യം അറിയില്ല. ഇനി ആദ്യമായി ഫാക്ടറിയിലെത്തുന്ന തൊഴിലാളിക്കു മുതിര്‍ന്ന ജോലിക്കാര്‍ മൂന്നു മാസത്തോളം കിസ്‌വ നിര്‍മാണത്തിനു പരിശീലനം നല്‍കും. ആയിരങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന കഅ്ബയെ പുതയ്ക്കുന്ന കിസ്‌വ നിര്‍മിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ ഓരോ തൊഴിലാളിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."