'മതം വേണോ' സംവാദത്തിൽ ആരിഫിന്റെ പരിഹാസത്തിനെതിരേ യുക്തിവാദികളും; ശുഐബുൽ ഹൈതമിയെ സംവാദത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് വിമർശനം
കോഴിക്കോട്: 'മതം വേണോ' എന്നവിഷയത്തിൽ ഇസ്‌ലാമിക പ്രഭാഷകൻ ശുഐബുൽ ഹൈതമിയുമായുള്ള സംവാദത്തിൽ 'എക്‌സ് മുസ്ലിം' ആരിഫ് നടത്തിയ പരാമർശങ്ങളെ ചൊല്ലി യുക്തിവാദികൾക്കിടയിൽ ഭിന്നത. ഖുർആൻ സുക്തങ്ങൾ തർത്തും വികലമായി ഉപയോഗിതുൾപ്പെടെയുള്ള ആരിഫിന്റെ നടപടികൾക്കും ഭാഷയ്ക്കുമെതിരെയാണ് യുക്തിവാദികൾക്കിടയിൽനിന്ന് തന്നെ വിമർശനം ഉയർന്നത്. ഇതു സംബന്ധിച്ച് യുക്തിവാദികളുടെ ക്ലബ്ഹൗസിൽ നടന്ന ചർച്ചയുടെ ഭാഗങ്ങൾ പുറത്തായി.
ചർച്ചയിൽ യുക്തിവാദിയും യുക്തിവാദി കൂട്ടായ്മയായ എസൻസ് ഗ്ലോബൽ പ്രവർത്തകനുമായ ജലീൽ, ആരിഫിന്റെ നടപടിയെ വിമർശിക്കുന്നതുൾപ്പെടെയുള്ള ഭാഗങ്ങളാണ് പ്രചരിക്കുന്നത്. സംവാദം തുടങ്ങുമ്പോൾ '...അഹൂദു ബി ഡിങ്കനാഹി മിന ലുട്ടാപ്പി റജീം' എന്ന് ഖുർആൻ വാക്യങ്ങൾ വികലമായി ഉദ്ധരിച്ചത് പരിഹസിക്കലും അപഹസിക്കലുമാണെന്ന് ജലീൽ പറഞ്ഞു.
'ഒരാളെ വിളിക്കുകയും സ്റ്റേജിലിരുത്തുകയും ചെയ്ത ശേഷം അയാളുടെ വിശ്വാസത്തെ അപഹസിക്കുന്നത് തെറ്റാണ്. ഞാൻ യുക്തിവാദിയാണ്. മതവിശ്വാസയല്ല. ഒരു വ്യക്തിയെ സംവാദത്തിലേക്ക് ക്ഷണിച്ച് അയാളെ അപഹസിക്കരുത്. ഇത് കോമഡി ഷോയോ മറ്റോ അല്ലല്ലോ. സംവാദം അല്ലേ. ഇത് സംവാദത്തിന്റെ രീതിയല്ല. ആരെങ്കിലും ഇങ്ങനെ സംവാദം തുടങ്ങുമോ?- ജലീൽ ചോദിച്ചു. സംവാദത്തിനായി തെരഞ്ഞെടുത്ത വിഷയത്തെയും ജലീൽ വിമർശിച്ചു. ഒരുപൊതുവിഷയമാണിത്. മതം വേണോ എന്നത് ഒരു യുക്തിവാദിക്ക് ഒരിക്കലും വിജയിക്കാൻ കഴിയാത്ത വിഷയമാണ്- ഇങ്ങനെ പോകുന്നു ജലീലിന്റെ വാക്കുകൾ.
ജലീലിന്റെ വാദങ്ങളെ അനുകൂലിച്ചും എതിർത്തും യുക്തിവാദികൾ രംഗത്തുവന്നിട്ടുണ്ട്. മന:പ്പൂർവമാണ് അത്തരം ഭാഷ ഉപയോഗിച്ചതെന്നാണ് ആരിഫിന്റെ പ്രതികരണം. ഇത്തരം പരിഹാസങ്ങൾ മത വിശ്വസികൾക്ക് പിടിച്ചില്ലായിരിക്കാം. എന്നാൽ നമ്മൾ തന്നെ പല കമന്റുകളിലും അത് ശരിയായില്ലെന്ന് പറയുന്നത് എങ്ങിനെയാണെന്നും ആരിഫ് ചോദിക്കുന്നു.
സംവാദത്തിൽ ആരിഫ് ഉപയോഗിച്ച ശൈലിയും ഭാഷയും നേരത്തെ തന്നെ വിമർശനവിധേയമായിരുന്നു. സംവാദത്തിൽ നിന്ന് ഇരുവരുടെയും സംസ്‌കാരങ്ങൾ വ്യക്തമാണെന്നതുൾപ്പെടെയുള്ള നിരവധി കമന്റുകളാണ് ഇതുസംബന്ധിച്ച് എസൻസ് ഗ്ലോബലിന്റെ യൂടൂബ് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."