ശബരിമല വിമാനത്താവളം: കേരളത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളമെന്ന കേരളത്തിന്റെ നിര്‍ദേശത്തെ എതിര്‍ത്ത് ഡി.ജി.സി.എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നും ഇതു സംബന്ധിച്ച് കേരളം നല്‍കിയ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും മൂന്ന് പേജുള്ള ഡി.ജി.സി.എ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്താവളത്തിന്റെ റണ്‍വേക്ക് ആവശ്യമായ ചട്ടം അനുസരിച്ചുള്ള നീളം ഉറപ്പുവരുത്താനുള്ള സ്ഥലം നിര്‍ദേശിക്കപ്പെട്ടിടത്തില്ല. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് അവിടെയുള്ളത്.
കാറ്റിന്റെ ഗതി പരിശോധിച്ചാല്‍ പോലും വിമാനത്താവളത്തിന് ഈ സ്ഥലം അനുയോജ്യമല്ലെന്നു മനസിലാവും. നിര്‍ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ശബരിമല. ചെറുവള്ളിയില്‍ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം വരുന്നത് ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ടവരാരും ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിശ്വസനീയമാണെന്ന് കരുതാനാകുന്നില്ല.
കൊച്ചിയില്‍ നിന്ന് 88 കിലോ മീറ്റര്‍ മാത്രം ദൂരത്താണ് സ്ഥലം. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്റര്‍ മാത്രം ദൂരം. ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പാടില്ലെന്നതാണ് ചട്ടം. ഇത് മറികടന്ന് വിമാനത്താവളത്തിന് അനുമതി നല്‍കിയാല്‍ത്തന്നെ മറ്റ് ചില ഘടകങ്ങള്‍ പ്രതികൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."