നാടകീയ മാറ്റം; പഞ്ചാബില്‍ ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദലിത് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ചന്നി. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിഭ്യാഭ്യാസ മന്ത്രിയായിരുന്നു. പ്രഖ്യാപനത്തിനുപിന്നാലെ ചരണ്‍ജിത് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി കൂടിക്കാഴ്ച നടത്തി. നിരവധി നാടകീയതകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇതിനായി പഞ്ചാബിലും ഡല്‍ഹിയിലും മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നു.
മുന്‍ കേന്ദ്രമന്ത്രി അംബികാ സോണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആദ്യ പദ്ധതി. ഇതിനായി രാഹുല്‍ ഗാന്ധി അംബികാ സോണിയെ രണ്ടുതവണ വിളിച്ചുവരുത്തി സംസാരിച്ചു. എന്നാല്‍, പഞ്ചാബില്‍ സിഖുകാരനായൊരാളാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് ചൂണ്ടിക്കാട്ടി അംബികാസോണി നിരസിച്ചു. സിഖുകാരന് മുഖ്യമന്ത്രിയായുള്ള ഒരേ ഒരു സംസ്ഥാനമാണ് പഞ്ചാബെന്നും അതേ രീതി തന്നെ തുടരണമെന്നും സോണി ആവശ്യപ്പെട്ടു. പിന്നാലെ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയുടെ പേര് പരിഗണിച്ചു. ഒരു വിഭാഗം എം.എല്‍.എമാര്‍ എതിര്‍ത്തതോടെ അത് ഉപോക്ഷിച്ചു.
ഇതിന് പിന്നാലെയാണ് ആദ്യഘട്ടത്തില്‍ പരിഗണനയിലില്ലാതിരുന്ന ചരണ്‍ജിത് സിങ് ചന്നിയുടെ പേര് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കാറിന്റെ പേരും തുടക്കത്തില്‍ പരിഗണനയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."