പാകിസ്താന്‍ നരകമെങ്കില്‍ നേതാക്കളെ എന്തുകൊണ്ടു തടഞ്ഞില്ലെന്ന് ദിഗ്‌വിജയ്‌സിങ്
പനാജി: പാകിസ്താന്‍ നരകമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടേയും പാക് സന്ദര്‍ശനം പ്രതിരോധ മന്ത്രി പരീക്കര്‍ തടയാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യമാണെന്ന് ഇയിടെ പ്രസ്താവിച്ചിരുന്നു. പാകിസ്താനെക്കുറിച്ചും ബോളിവുഡ് താരം അമീര്‍ ഖാനെക്കുറിച്ചും പരീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും അസഹിഷ്ണുതയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ബന്ധുവിന്റെ വിവാഹത്തിന് മോദി പങ്കെടുത്തത് നരകത്തിലെ കല്യാണത്തിനായിരുന്നോ എന്ന് സിങ് കളിയാക്കി. പരീക്കറിന് അന്നൊന്നും ഇക്കാര്യത്തില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എല്‍.കെ അദ്വാനി പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ മുഹമ്മദലി ജിന്നയുടെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചിരുന്നു. ജിന്നയെ മതേതരവാദിയായി അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. അപ്പോഴും പരീക്കറിന് വിഷമമുണ്ടായില്ല. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ലാഹോറില്‍ ബസ് മാര്‍ഗം പോയപ്പോഴും പരീക്കര്‍ തടസം പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്കറിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവും ചലചിത്രതാരവുമായ രമ്യയ്‌ക്കെതിരേ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണങ്ങളേയും ദിഗ്‌വിജയ് സിങ് അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."