'പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചു': രഹ്ന ഫാത്തിമയ്ക്ക് ഇളവ് നല്‍കരുതെന്ന് കേരളം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനം സുപ്രിംകോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം താന്‍ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്‌ന ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്‌നയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനയോടെയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ പലകുറി രഹ്നഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഈ കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളില്‍ കേസ് എടുത്തെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റു നിബന്ധനകള്‍ പാലിച്ചെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിര്‍ദ്ദേശം പല കുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്.
പത്തനംതിട്ടയില്‍ എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മറ്റു രണ്ടു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി വിചാരണ നടപടികളില്‍ ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹരജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."