ഗുജറാത്ത് അത്ര വിദൂര സംസ്ഥാനമല്ല
എ. റശീദുദ്ദീന്‍
2014ല്‍ നരേന്ദ്ര മോദിയുടെ വരവോടെ ഇന്ത്യയിലുണ്ടായ സുപ്രധാനമായ മാറ്റങ്ങളിലൊന്നാണ് ഏതാണ്ടെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഒളിഞ്ഞോ തെളിഞ്ഞോ മുസ്‌ലിം വിരുദ്ധ വംശീയ സിദ്ധാന്തങ്ങളോടുണ്ടായ ആഭിമുഖ്യം. പ്രധാനമന്ത്രി കസേരയിലിരുന്ന് മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇന്നോളം സ്വീകരിച്ചതത്രയും തെരഞ്ഞെടുപ്പ് മാര്‍ക്കറ്റില്‍ ഈ സിദ്ധാന്തങ്ങള്‍ക്ക് വലിയ തോതില്‍ മൂല്യം ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തന ശൈലിയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മതേതര സംസ്ഥാനമായ കേരളത്തിലടക്കം മുസ്‌ലിം സമൂഹത്തെ ബാക്കിയുള്ളവര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് അംഗീകൃതമായ ഒരു രാഷ്ട്രീയ മാതൃകയായി മാറിക്കഴിഞ്ഞു. നിയമവാഴ്ചയടക്കം മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാമാന്യനീതിയോ യുക്തിയോ ജനാധിപത്യബോധമോ ആവശ്യമില്ലെന്നും അവരെ കുറിച്ച ആരോപണങ്ങളും നാട്ടുനടപ്പുകളുമാണ് അംഗീകരിക്കേണ്ടതെന്നുമുള്ള 'ദേശീയ പൊതുബോധ'ത്തിന്റെ വഴിയിലൂടെയാണ് ഇന്ന് കേരളവും മുന്നോട്ടുപോകുന്നത്. ബി.ജെ.പിയെ പ്രതിരോധിക്കാനാവാതെ അവരുടെ വഴിയില്‍ അവരേക്കാളും വേഗത്തില്‍ മുന്നോട്ടു പായാന്‍ ശ്രമിക്കുന്ന സി.പി.എം അവരുടെ മുഖ്യ എതിരാളികളായ യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാനാവും. എന്നാല്‍ യു.ഡി.എഫ് എന്ന സംവിധാനത്തെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അതിനകത്തെ ഘടകകക്ഷികളെ മതാടിസ്ഥാനത്തില്‍ തമ്മിലടിപ്പിച്ച് സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം നശിപ്പിക്കുന്നതിലാണ് ഒടുവില്‍ അതെത്തിപ്പെടുക. കത്തോലിക്കാ മതനേതാക്കളുടെ വര്‍ഗീയ പ്രസ്താവനകള്‍ മുസ്‌ലിം സമൂഹത്തിന്റെ കാര്യത്തിലും ഈഴവരുടെ കാര്യത്തിലും രണ്ട് രീതിയില്‍ വിലയിരുത്തപ്പെട്ടതിന്റെ കാരണം മറ്റൊന്നുമല്ല. അതിലൊന്ന് സി.പി.എമ്മിന് കാര്യമായി ഒരു പ്രതീക്ഷയുമില്ലാത്ത വോട്ടുബാങ്കാണ്. രണ്ടാമത്തേത് സി.പി.എമ്മിന്റെ ഉപ്പും വെണ്ണയുമാണ്.
രാഷ്ട്രീയ ഭൂമികയില്‍ നിന്നു മുസ്‌ലിംകളെ നരേന്ദ്ര മോദി കുടിയിറക്കിയ ഗുജറാത്ത് സംസ്ഥാനം സി.പി.എമ്മിന്റെ വലിയൊരു മാതൃകയാണെന്ന് തോന്നുന്നു. ഇന്നത്തെ അവസ്ഥയിലേക്ക് ഗുജറാത്ത് എത്തിപ്പെടുന്നതിനു മുമ്പുള്ള 1990കളിലെ ചിത്രമാണ് ഒരുപക്ഷേ കേരളത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. പ്രത്യക്ഷമായി ബി.ജെ.പിയുടെ അതേ അളവില്‍ മുസ്‌ലിം വിരുദ്ധതയുള്ള പാര്‍ട്ടി അല്ലായിരിക്കാം സി.പി.എം. മതേതര പ്രശ്‌നങ്ങളില്‍ അവര്‍ പലപ്പോഴും ഉറച്ചനിലപാടുകള്‍ എടുക്കുന്നുണ്ടാവാം. കേരളത്തിലെ ഒരു മുസ്‌ലിം മത സംഘടന സി.പി.എമ്മിനൊപ്പം നില്‍ക്കുന്നുമുണ്ടാവാം. പക്ഷേ ഗുജറാത്തിലെയും മധ്യപ്രദേശിലെയും യു.പിയിലെയുമൊക്കെ ബി.ജെ.പിയിലും മുസ്‌ലിംകള്‍ ഉണ്ടെന്ന് മറക്കരുത്. ഈ മുസ്‌ലിംകള്‍ക്ക് പക്ഷേ ബി.ജെ.പി നിശ്ചയിച്ച ഒരു 'ഔക്കാത്ത്' അഥവാ 'അര്‍ഹിക്കുന്ന സ്ഥാന'മുണ്ട്. അതനുസരിച്ച് അവര്‍ രണ്ടാംതരം പൗരന്‍മാരായി അങ്ങനെ ബി.ജെ.പിയുടെ വെത്തിലച്ചെല്ലം ചുമന്ന് പുറകെ നടന്നുകൊള്ളണം. അവര്‍ക്ക് രാഷ്ട്രീയമായ ഒരു മാന്യതയും ബി.ജെ.പി ഒരു സംസ്ഥാനത്തും അനുവദിക്കുന്നുണ്ടായിരുന്നില്ല. ഒമ്പത് ശതമാനം മുസ്‌ലിംകളുള്ള ഗുജറാത്തില്‍ നിന്നു അവസാനമായി ലോക്‌സഭ കണ്ട മുസ്‌ലിം രാഷ്ട്രീയ നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. ഇനിയൊരിക്കലും ഗുജറാത്തില്‍ നിന്ന് ഒരു മുസ്‌ലിം ലോക്‌സഭയിലെത്താന്‍ പോകുന്നില്ലെന്ന ഒരു 'ഭവിഷ്യവാണി'യും അദ്ദേഹത്തിന്റേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇഹ്‌സാന്‍ ജഫ്രിയുടെ വധം വലിയൊരളവില്‍ പ്രതീകാത്മകമായ മുന്നറിയിപ്പുമായിരുന്നു. 2002നു ശേഷം മൂന്നില്‍ കൂടുതല്‍ എം.എല്‍.എമാര്‍ ഒരിക്കല്‍ പോലും ഗുജറാത്തിന്റെ നിയമസഭയില്‍ മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നില്ല. എന്നാല്‍ 13 ശതമാനം ജനസംഖ്യയുള്ള പട്ടേലുകള്‍ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 49 സീറ്റുകളാണ് ബി.ജെ.പി നല്‍കിയത്. 43 സീറ്റുകള്‍ കോണ്‍ഗ്രസും വിട്ടുകൊടുത്തു. മറുഭാഗത്ത് ജീവനില്‍ കൊതിയുള്ളതു കൊണ്ടാണെങ്കിലും അല്ലെങ്കിലും 9.7 ശതമാനമുള്ള മുസ്‌ലിം വോട്ടുബാങ്കിന്റെ പകുതിയിലേറെയും ഒപ്പം നിന്നിട്ടും ഒരു സീറ്റ് പോലും ബി.ജെ.പി അവര്‍ക്ക് നല്‍കിയതുമില്ല. കോണ്‍ഗ്രസ് മത്സര രംഗത്തിറക്കിയ ആറു സ്ഥാനാര്‍ഥികളില്‍ ജമാല്‍പൂര്‍ കാഡിയ, ദരിയാപൂര്‍, വാങ്കനേര്‍ എന്നീ മുസ്‌ലിംകള്‍ നിര്‍ണായക ശക്തികളായ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചവരാണ് കഴിഞ്ഞ തവണ ജയിച്ചെത്തിയത്. ദനിലിംഡയിലും വാഗ്രയിലും തോല്‍ക്കുകയും ചെയ്തു. ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് 17 സീറ്റുകളെങ്കിലും ലഭിക്കാന്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹതയുള്ള സംസ്ഥാനമാണിത്. പൊതുസീറ്റുകളില്‍ സമീപകാലത്തൊന്നും ഒരു മുസ്‌ലിമിനെ രംഗത്തിറക്കാനുള്ള ധൈര്യം ഗുജറാത്തില്‍ കോണ്‍ഗ്രസിനു പോലും ഉണ്ടായിട്ടില്ല.
ഗുജറാത്ത് കലാപത്തിനുശേഷം കോണ്‍ഗ്രസും മതേതരകക്ഷികളും സംസ്ഥാനത്തിനകത്തും പുറത്തും അതിനിശിതമായി ബി.ജെ.പിയെ വിമര്‍ശിച്ചപ്പോഴും ഈ അസ്പൃശ്യതയുടെ മാതൃക പൊതുവെ എല്ലാവരും ഏറ്റുപിടിക്കുകയാണുണ്ടായത്. ആശയതലത്തില്‍ അതിനെതിരേ നീങ്ങാന്‍ ധൈര്യപ്പെട്ട അപൂര്‍വം നേതാക്കളേ ഇന്ന് ഇന്ത്യയിലുള്ളൂ. ലാലു പ്രസാദ് യാദവ്, മമതാ ബാനര്‍ജി, സ്റ്റാലിന്‍ തുടങ്ങിയ വിരലില്‍ എണ്ണാവുന്നവര്‍. അവര്‍ക്കുപോലും നിലപാടുകളുടെ കാര്യത്തില്‍ തുടര്‍ച്ച ഉണ്ടായിരുന്നില്ലെന്നും പലപ്പോഴും കാലിടറിയിരുന്നുവെന്നതും വസ്തുതയാണ്. മൃദുഹിന്ദുത്വം പരീക്ഷിച്ചവരും ജാതിരാഷ്ട്രീയം പരീക്ഷിച്ചവരുമൊക്കെ ഇപ്പോള്‍ എത്തിപ്പെടുന്നത് ബി.ജെ.പിയുടെ പാളയത്തിലാണ്. യു.പിയിലെ ചെറിയ ജാതിസംഘടനകള്‍ നിലനില്‍പ്പിനായുള്ള അവസാനവട്ട പരക്കം പാച്ചിലിലുമാണ്. മതേതരത്വത്തിന്റെ എല്ലാ കോട്ടകളും തകര്‍ന്നടിഞ്ഞു. മുസഫര്‍ നഗര്‍ കലാപം വരെയും പടിഞ്ഞാറന്‍ യു.പിയിലെങ്കിലും ഹിന്ദുക്കളും മുസ്‌ലിംകളും രാഷ്ട്രീയമായി പരസ്പരം വിശ്വസിച്ച നിരവധി നിയോജക മണ്ഡലങ്ങള്‍ നിലനിന്നിരുന്നു. മുഫ്തി മുഹമ്മദ് സഈദിനെയും അബ്ദുല്‍ ഖാദര്‍ റാണയെയും മുനവ്വര്‍ ഹസനെയും പോലുള്ള മുസ്‌ലിം സ്ഥാനാര്‍ഥികളെ മുസഫര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയക്കാനും അവിടെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു ജാട്ടുകളെ ജയിപ്പിക്കാനുമുള്ള ധാരണ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ പതിറ്റാണ്ടുകളോളം നിലനിന്നു. ചൗധരി ചരണ്‍ സിങ്ങിന്റെ ലോക്ദള്‍ രാഷ്ട്രീയവും മായാവതിയുടെ ബി.എസ്.പി രാഷ്ട്രീയവുമൊക്കെ അതിന്റെ ഗുണഭോക്താക്കളായിരുന്നു. പക്ഷേ 2013ലെ മുസഫര്‍ നഗര്‍ കലാപത്തിനുശേഷം ഗുജറാത്തില്‍ വംശഹത്യ സൃഷ്ടിച്ചതിനേക്കാളും വേഗതയില്‍ ഹിന്ദുത്വബോധം ഉത്തരേന്ത്യയിലുടനീളം വ്യാപിച്ചു. അല്ലെങ്കില്‍ അങ്ങനെ വ്യാപിക്കുന്നുണ്ടെന്ന് ശേഷിച്ചവര്‍ക്ക് തോന്നാന്‍ തുടങ്ങി. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി പോലും മുസ്‌ലിം വിഷയങ്ങളെ പരസ്യമായി ഏറ്റുപിടിക്കുന്നത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് വിലയിരുത്താന്‍ തുടങ്ങി. നര്‍മ്മദാ നദിയുടെ പേരില്‍ ഹിന്ദു വികാരങ്ങളുമായി സംവദിച്ച് മധ്യപ്രദേശിലൂടെ രഥയാത്ര നടത്തിയിട്ടും ദിഗ്‌വിജയ് സിങ് തോല്‍ക്കുകയും ഹിന്ദുത്വ ബോംബുരാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ഗേള്‍ ആയിരുന്ന പ്രഗ്യാസിങ് താക്കൂര്‍ ജയിക്കുകയും ചെയ്തു. മോദി വിറ്റഴിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തിന് സമീപകാല ഇന്ത്യയില്‍ ലഭിച്ച ഏറ്റവും വൃത്തികെട്ട ആള്‍ക്കൂട്ട സമ്മിതിയായിരുന്നു പ്രഗ്യയുടെ വിജയം.
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി എന്ന നിലയിലേക്ക് തങ്ങളെ കവച്ചുവച്ച് അതിവേഗം വളരുന്ന ബി.ജെ.പിയെ കുറുക്കുവഴികളിലൂടെ ഓടിത്തോല്‍പ്പിക്കാനാണ് നിലവില്‍ സി.പി.എം ലക്ഷ്യമിടുന്നത്. മതേതരവിശ്വാസികള്‍ക്കാണ് സി.പി.എമ്മില്‍ പ്രാമുഖ്യമെങ്കിലും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊക്കെ സ്വന്തമായ രാഷ്ട്രീയപ്പാര്‍ട്ടികളും അവയെ ഉള്‍ക്കൊള്ളുന്ന യു.ഡി.എഫ് പോലുള്ള സംവിധാനവുമുള്ളിടത്തോളം അന്തിമമായ പോരാട്ടം ഹിന്ദുത്വ വോട്ടുബാങ്കിനു വേണ്ടിയായി ചുരുക്കുകയാണ് പാര്‍ട്ടി. അധികാരത്തോടൊപ്പം ഒട്ടിനില്‍ക്കുന്ന വലിയൊരു മുസ്‌ലിം മതസംഘടനയെ കേരളത്തില്‍ പാര്‍ട്ടി കൈയിലെടുത്തിട്ടുണ്ടാവാം. പേരിനൊരു മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടിയെയും ഒപ്പം കൂട്ടിയിട്ടുണ്ടാവാം. പക്ഷേ ആത്മാവ് പണയം വച്ചുവെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അവര്‍ മുസ്‌ലിം വിഭാഗങ്ങളെ എല്‍.ഡി.എഫില്‍ ചേര്‍ത്തിട്ടുള്ളൂ. ഡല്‍ഹിയിലിരുന്ന് നരേന്ദ്ര മോദി മുസ്‌ലിം പിന്തുണ ഉറപ്പുവരുത്തുന്ന രീതിയില്‍നിന്നു വളരെ ചെറിയൊരു വ്യത്യാസമേ ഇതിനുള്ളൂ. കേരളത്തില്‍ പാര്‍ട്ടിയോടൊപ്പമുള്ള മുസ്‌ലിം മതസംഘടനയുടെ വോട്ടുബാങ്ക് ഒരു സാഹചര്യത്തിലും കൈവിടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ബാക്കിയുള്ളവരെ നാട്ടുനടപ്പനുസരിച്ച് 'പൈശാചിക'വല്‍ക്കരിച്ച് നേട്ടം കൊയ്യാന്‍ സി.പി.എമ്മിന് മടിയില്ലാതാവുന്നത്. പാലായിലെ ബിഷപ്പിന് പിന്തുണ അറിയിക്കാന്‍ സ്വന്തം മന്ത്രിയെ പറഞ്ഞയക്കുന്ന അതേ പാര്‍ട്ടിയാണ് 'ലൗ ജിഹാദ്' വിഷയത്തില്‍ തന്നെ മറ്റൊരു പാതിരി നടത്തിയ ആരോപണത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാതെ ഉരുണ്ടുകളിക്കുന്നത്. യു.ഡി.എഫിനകത്തെ ഹിന്ദുക്കളെ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ ബി.ജെ.പിയിലെത്തിക്കുക, അതിനകത്തെ മറ്റു സമുദായങ്ങള്‍ക്കിടയില്‍ കലഹം സൃഷ്ടിക്കുക. തല്‍ക്കാലത്തേക്ക് ഇടതു മുന്നണി മാത്രം ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകള്‍ കൂടി ജയിക്കുക. ബി.ജെ.പി നിലവിലുള്ള വോട്ട് വളര്‍ച്ചയുടെ തോതനുസരിച്ച് രണ്ടോ മൂന്നോ തെരഞ്ഞെടുപ്പുകള്‍ കൊണ്ട് നിര്‍ണായക ശക്തിയാവുമെന്നും അതിനിടയില്‍ യു.ഡി.എഫ് വരികയാണെങ്കില്‍ സി.പി.എമ്മിനാണ് നഷ്ടം പറ്റുകയെന്നുമാണ് സിദ്ധാന്തം. ഇപ്പോഴത്തെ വര്‍ഗീയ വിഭജനത്തിന്റെ തുടര്‍ച്ചയായി മലബാറിലെ പല സീറ്റുകളിലും ക്രിസ്ത്യന്‍-മുസ്‌ലിം സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത് സി.പി.എമ്മിന് വരുംനാളുകളില്‍ താല്‍ക്കാലികമായി ഗുണം ചെയ്യാനുമിടയുണ്ട്. തിരുവമ്പാടി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റത് ഉദാഹരണം. വയനാട്, കണ്ണൂര്‍ ജില്ലകളിലെ യു.ഡി.എഫ് കോട്ടകളിലൊക്കെ ഇത് ഭാവിയില്‍ ആവര്‍ത്തിക്കാനായേക്കാം.
ചുരുക്കത്തില്‍ മലപ്പുറത്തെ യു.ഡി.എഫില്‍ പോലും ഹിന്ദു- മുസ്‌ലിം വേര്‍തിരിവ് ഉണ്ടാക്കുകയും കേരളത്തിലുടനീളവും പ്രത്യേകിച്ച് മലബാറിലും നിലനില്‍ക്കുന്ന സാമുദായിക സമവാക്യങ്ങളെ മതാടിസ്ഥാനത്തില്‍ അട്ടിമറിക്കുകയുമാണ് ഈ കളിയുടെ അന്തിമഫലമായി സംഭവിക്കാന്‍ പോകുന്നത്. ഏറിയാല്‍ രണ്ടു തെരഞ്ഞെടുപ്പുകളുടെ വഴിദൂരം. ഗുജറാത്ത് അത്രയൊന്നും വിദൂരമായ ഒരു സംസ്ഥാനമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."