തരിശുഭൂമിയില്‍ സോളാര്‍ നിലയം കര്‍ഷകര്‍ക്ക് വരുമാന മാര്‍ഗവുമായി കെ.എസ്.ഇ.ബി
ടി.എസ് നന്ദു
കൊച്ചി: സോളാര്‍ വൈദ്യുതോല്‍പാദനത്തിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനം നേടാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി.
ഉപയോഗശൂന്യമായതോ തരിശോ ആയ ഭൂമിയില്‍ സോളാര്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് വരുമാനത്തിനുള്ള പുതിയ മാര്‍ഗമാണ് കെ.എസ്.ഇ.ബി. തുറക്കുന്നത്.
പ്രധാന മന്ത്രി-കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്താന്‍ മഹാഭിയാന്‍ (പി.എം.-കെ.യു.എസ്.യു.എം) പദ്ധതി പ്രകാരമാണിത്. കൃഷി ഭൂമിയോ, കൃഷിയോഗ്യമല്ലാത്തതോ അല്ലെങ്കില്‍ തരിശ് കിടക്കുന്നതോ ആയ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പരമാവധി രണ്ട് മെഗാ വാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്.
അതിനാല്‍ കുറഞ്ഞത് രണ്ട് ഏക്കര്‍ മുതല്‍ എട്ട് ഏക്കര്‍ വരെ സ്ഥലലഭ്യത ഉറപ്പുവരുത്തണം. 500 കിലോ വാട്ട് മുതല്‍ രണ്ട് മെഗാ വാട്ട് വരെ ശേഷിയുള്ള സോളാര്‍ നിലയങ്ങള്‍ ഈ സ്ഥലത്ത് സ്ഥാപിക്കാം. സ്വന്തമായുള്ള സ്ഥലത്ത് സോളാര്‍ നിലയം സ്ഥാപിച്ചോ പാട്ടവ്യവസ്ഥയില്‍ സ്ഥലം ബോര്‍ഡിന് വിട്ടുനല്‍കിയോ ആണ് വരുമാനം ഉണ്ടാക്കാന്‍ കഴിയുക.
അഞ്ച് വര്‍ഷം കാലാവധിയുള്ള രണ്ട് മോഡലുകള്‍ ആണ് പദ്ധതിയില്‍ ഉള്ളത്. ആദ്യത്തെ മോഡലില്‍ മുതല്‍മുടക്ക് പൂര്‍ണമായും കര്‍ഷകന്റെതാണ്. കര്‍ഷകന് സ്വന്തം ചെലവില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ച് അതില്‍നിന്നു ലഭിക്കുന്ന സൗരോര്‍ജം കെ.എസ്.ഇ.ബിക്ക് വില്‍ക്കാം. ഒരു യൂനിറ്റ് വൈദ്യുതിക്ക് പരമാവധി 3.50 രൂപവരെ ലഭിക്കും. താരിഫ് മുന്‍കൂട്ടിയോ ടെണ്ടര്‍ വഴിയോ നിശ്ചയിക്കും. രണ്ടാമത്തെ മോഡലില്‍ കര്‍ഷകന്റെ ഭൂമി പാട്ടവ്യവസ്ഥയില്‍ കെ.എസ്.ഇ.ബി. ഏറ്റെടുത്ത് സൗരോര്‍ജ നിലയം സ്ഥാപിക്കും. ഇതില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റ് 10 പൈസ നിരക്കില്‍ 25 വര്‍ഷത്തേക്ക് സ്ഥലവാടക നല്‍കും.
ഇത്തരത്തില്‍ ഒരേക്കര്‍ സ്ഥലത്തുനിന്ന് ഏകദേശം 25000 രൂപ വരെ പ്രതിവര്‍ഷം കര്‍ഷകന് ലഭിക്കും. കര്‍ഷകര്‍ക്ക് സ്വന്തം നിലയ്‌ക്കോ സംഘമായോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍, വാട്ടര്‍ യൂസര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി ഏതെങ്കിലും പദ്ധതിയില്‍ പങ്കുചേരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."