കെണിയില്‍ വീണ് മാണി; തന്ത്രപരമായി യു.ഡി.എഫ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കുരുക്ക് മുറുകിയതോടെ കെ.എം മാണിയും കേരളാ കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തില്‍. നേരത്തേ ബാര്‍ കോഴ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ ഭരണമുന്നണിയില്‍ ഉണ്ടായിരുന്നതിന്റെ ആനുകൂല്യം മാണിക്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് എല്ലാ മുന്നണികളില്‍ നിന്നും അകലെയാണ് മാണി. ബാര്‍കോഴയിലെ പുതിയ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളിലും ഇത് പ്രകടമാണ്. കഴിഞ്ഞ ഭരണകാലത്ത് മുന്നണിക്കകത്തുനിന്ന് പ്രതിപക്ഷവുമായി ചേര്‍ന്ന് ഭരണനേതൃത്വത്തിലെത്താന്‍ മാണി കരുക്കള്‍ നീക്കിയെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പ്രതിഫലനം സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നു മുതല്‍ ഇന്നുവരെ മാണിയെ വിടാതെ പിന്തുടര്‍ന്നിരുന്നു. ബാര്‍കോഴയില്‍ തന്നെ കുടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കരുക്കള്‍ നീക്കിയെന്ന് ആരോപിച്ചാണ് മാണി യു.ഡി.എഫ് ക്യാംപ് വിട്ടത്. മൂന്നു മുന്നണികളിലും ചേരാതെ സമ്മര്‍ദശക്തിയായി നിലകൊണ്ട് വിലപേശല്‍ നടത്താനുള്ള മാണിയുടെ തീരുമാനത്തിനേറ്റ പ്രഹരമായി ബാര്‍കോഴയിലെ തുടരന്വേഷണം.
ഇടതുപക്ഷത്തേയ്‌ക്കോ അതോ ബി.ജെ.പിയിലേക്കോ എന്ന ചോദ്യചിഹ്നമുയര്‍ത്തിനിന്ന മാണിക്ക് പ്രതീക്ഷ നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പത്രം ദേശാഭിമാനിയും രംഗത്തുവന്നു. യു.ഡി.എഫില്‍ നിന്ന് പുറത്തുപോകുന്നവര്‍ ബി.ജെ.പിയില്‍ പോകുന്നത് ഒഴിവാക്കുകയാണ് പാര്‍ട്ടി നയമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്.
ഇടതുപക്ഷ മോഹം കൊണ്ട് ബി.ജെ.പിയെ തള്ളിപ്പറയാന്‍ മാണി തയാറായി. ഇതോടെ സ്വീകരിക്കാന്‍ തയാറായി നിന്ന ബി.ജെ.പിയും മാണിയെ വേണ്ടെന്ന നിലപാടെടുത്തു. ഇടതുപക്ഷത്തേക്കു വരാനുള്ള മാണിയുടെ ശ്രമത്തെ സി.പി.ഐയും വി.എസ് അച്യുതാനന്ദനും ശക്തമായി എതിര്‍ത്തു. സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എതിരായതോടെ മാണിയുടെ മോഹങ്ങളുടെ കൂമ്പടഞ്ഞു. ഈ സാഹചര്യത്തിലാണ് ബാര്‍കോഴക്കേസിലെ മുന്‍ അന്വേഷണോദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി സുകേശന്‍ ഹരജിയുമായി കോടതിയിലെത്തുന്നത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി മാണിക്കനുകൂലമായി അന്വേഷണത്തെ അട്ടിമറിച്ചതായുള്ള സുകേശന്റെ ആരോപണം തുടരന്വേഷണത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
തുടരന്വേഷണം മുറുകുന്നതോടെ കേരളാ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാകും. മുന്നണിയിലല്ലാതെ ഒറ്റയ്ക്ക് നില്‍ക്കുന്നതിലുള്ള വിയോജിപ്പ് എം.എല്‍.എമാരായ പി.ജെ ജോസഫും മോന്‍സ് ജോസഫും നേരത്തേതന്നെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പിയുമായി കൂട്ടുകൂടിയാല്‍ കൂടെ തങ്ങളുണ്ടാകില്ലെന്ന ഇരുവരുടേയും നിലപാടുകള്‍ മാണിക്ക് ഗവര്‍ണര്‍ സ്ഥാനവും ജോസ് കെ.മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനവുമെന്ന വാഗ്ദാനവുമായെത്തിയ ബി.ജെ.പിയേയും അകറ്റിനിര്‍ത്താന്‍ കാരണമായി. മാത്രമല്ല ബി.ജെ.പിയുമായി ചേര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് കുരുക്കില്‍ മുറുക്കുമോയെന്ന ഭീതിയും മാണിയെ വലച്ചു. നിലവിലെ സാഹചര്യത്തില്‍ ബാര്‍കോഴയുമായി ബന്ധപ്പെട്ട അന്വേഷണം മാണിക്കെതിരേ ശക്തമായി നീങ്ങിയാല്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ത്തന്നെ പൊട്ടിത്തെറി ഉറപ്പാണ്. ആര്‍.എസ്.പിക്കും ജനതാദളിനും വാതില്‍ തുറന്നിട്ടിരിക്കുന്ന ഇടതുമുന്നണിയ്ക്ക് മുന്‍ ഘടകക്ഷിയായ ജോസഫ് ഗ്രൂപ്പിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകില്ല. ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും അവരുടെ മുന്‍നേതാവിനെ മടക്കിക്കൊണ്ടുവരാന്‍ ഏറെ താല്‍പ്പര്യമാണ്.
ബാര്‍കോഴയിലെ പുതിയ സാഹചര്യത്തെ തന്ത്രപരമായാണ് യു.ഡി.എഫ് സമീപിക്കുന്നത്. മുന്‍ അന്വേഷണോദ്യോഗസ്ഥനായ സുകേശന്റെ വിശ്വാസ്യതയില്‍ സംശയമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും തുടരന്വേഷണത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ബാര്‍കോഴക്കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന ആരോപണമുയര്‍ത്തി മുന്നണിവിട്ട മാണിയുടെ പുതിയ സാഹചര്യത്തിലെ നിലപാട് കൗതുകത്തോടെയാണ് യു.ഡി.എഫ് ക്യാംപുകള്‍ വീക്ഷിക്കുന്നത്.
ബാര്‍കോഴയില്‍ ത്വരിതാന്വേഷണം നടത്തി മാണിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. ശക്തമായ പ്രതിഷേധത്തെ മറികടന്ന് സഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയ്ക്ക് വഴിയൊരുക്കിയത് യു.ഡി.എഫ് ഒറ്റക്കെട്ടായാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയമുണ്ടായപ്പോള്‍ അതെല്ലാം വിസ്മരിച്ച് മാണി മുന്നണി വിടുകയായിരുന്നു. അതിനാല്‍ത്തന്നെ മാണിയെ അനുകൂലിക്കുകയോ ന്യായീകരിയ്ക്കുകയോ ചെയ്യുന്ന യാതൊരു നടപടികളും യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതൃനിരയിലെ ഭൂരിപക്ഷം പേര്‍ക്കുമുള്ളത്. ഘടകക്ഷികളുമായും അവര്‍ ഈ അഭിപ്രായം പങ്കുവയ്ക്കുന്നു. അതോടൊപ്പം തന്നെ ബാര്‍കോഴ കുരുക്ക് കെ.ബാബു ഉള്‍പ്പെടെയുള്ള നേതാക്കളിലേക്ക് നീങ്ങുമോയെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."