ഈഴവ-സഭാ തര്‍ക്കത്തില്‍ പ്രതിരോധത്തിലായി ബി.ജെ.പി
യു.എം മുഖ്താര്‍
തിരുവനന്തപുരം: ലൗ ജിഹാദ് തിരക്കഥയുമായി മുന്നോട്ടു പോകാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് കനത്ത പ്രഹരമായി ഈഴവ യുവാക്കളെ ലക്ഷ്യംവച്ചുള്ള മുതിര്‍ന്ന കത്തോലിക്ക വൈദികന്‍ റോയ് കണ്ണഞ്ചിറയുടെ പ്രസംഗം.
റോയ് കണ്ണഞ്ചിറയ്ക്ക് കടുത്ത ഭാഷയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മറുപടി നല്‍കിയതുവഴി വിവാദത്തിന് എരിവും പുളിയും വന്നെങ്കിലും വിഷയത്തില്‍ തലയിടേണ്ടതില്ലെന്നാണ് ബി.ജെ.പി തീരുമാനം. നാര്‍കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ വിദ്വേഷം നിറഞ്ഞ പ്രസംഗം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ബി.ജെ.പി നേതാക്കള്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, റോയ് കണ്ണഞ്ചിറയുടെയും ക്രിസ്ത്യന്‍ സമുദായമാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നതെന്ന വെള്ളാപ്പള്ളിയുടെയും പരാമര്‍ശങ്ങളില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളാരും പ്രതികരിച്ചതേയില്ല.
അതേസമയം, നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം കേരളത്തിലെ സാമൂഹികാന്തരീക്ഷം കൂടുതല്‍ മലീമസമാക്കുന്ന വിധത്തില്‍ വിവിധ ചര്‍ച്ചകളിലേക്ക് വഴിമാറുമ്പോള്‍ വിവിധകക്ഷികള്‍ക്കുള്ളത് വ്യത്യസ്ത അജന്‍ഡകള്‍.
മുസ്‌ലിം വിരുദ്ധ അന്തരീക്ഷം പരമാവധി നിലനിര്‍ത്തി കൂടുതല്‍ വര്‍ഗീയവിഭജനം നടത്തി അതിലൂടെ ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുകള്‍ സ്വന്തമാക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. ഇക്കാരണത്താലാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രശംസിക്കപ്പെട്ട നിലപാടെടുത്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ക്കും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും എതിരേ രംഗത്തുവരാന്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രനെ പ്രേരിപ്പിച്ചത്.
ബിഷപ്പിനെ സമസ്തയും കാന്തപുരവും ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം. ഇപ്പോഴത്തെ വിവാദത്തില്‍ പരമാവധി മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി സഭാനേതൃത്വത്തിന് പിന്തുണകൊടുക്കാനാണ് ബി.ജെ.പിയുടെ നീക്കം.
കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ പ്രതികരണങ്ങളുണ്ടായിട്ടും ഇതുവരെ പരിഹാരത്തിന് ശ്രമിക്കാത്ത സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നടപടിയും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നിലനിര്‍ത്തുന്നതിനൊപ്പം കേരളാ കോണ്‍ഗ്രസ് വഴി ലഭിക്കുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ പരമാവധി സമാഹരിക്കുന്നതിലാണ് സി.പി.എമ്മിന്റെ കണ്ണ്.
വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന് കടുത്ത വേദനയുണ്ടെന്ന് സി.പി.എമ്മിന് ബോധ്യമായിട്ടുണ്ടെങ്കിലും സമുദായവോട്ട് ബി.ജെ.പിയിലേക്ക് പോവില്ലെന്ന ഉറപ്പും പാര്‍ട്ടിക്കുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയതോതില്‍ ഇടതുപക്ഷത്തോട് അടുത്ത മുസ്‌ലിം വോട്ടുകളെ തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. സര്‍ക്കാരിനെ മറികടന്ന് കോണ്‍ഗ്രസ് മതനേതാക്കളെ കാണുകയും സര്‍വകക്ഷിയോഗം വിളിക്കാനുമുള്ള നീക്കം നടത്തുന്നതും ഈ ലക്ഷ്യത്തോടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."