'സിനിമകള്‍ നിരോധിക്കാന്‍ മത, രാഷ്ട്രീയ സംഘടനകള്‍ ആവശ്യപ്പെടുന്നത് ദൗര്‍ഭാഗ്യകരം' പഠാന്‍ വിവാദം ലോക്‌സഭയിലുയര്‍ത്തി ഡാനിഷ് അലി
ന്യൂഡല്‍ഹി: പഠാന്‍ സിനിമാ വിവാദം ലോക്‌സഭയില്‍ ഉയര്‍ത്തി ബി.എസ്.പി നേതാവ് ഡാനിഷ് അലി. സിനിമകള്‍ നിരോധിക്കാന്‍ മത, രാഷ്ട്രീയ സംഘടനകള്‍ ആവശ്യപ്പെടുന്നത് ദൗര്‍ഭാഗ്യകരമായ സാഹചര്യമാണെന്ന് ഡാനിഷ് അലി ചൂണ്ടിക്കാട്ടി. അഭിനേതാവ് ഏതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ മതം അപകടത്തിലാകുമെന്ന് ചിലര്‍ വാദിക്കുകയാണെന്നും ഡാനിഷ് അലി പറഞ്ഞു.
ഷാരൂഖ് ഖാനും ദീപിക പദുകോണും മുഖ്യവേഷത്തിലെത്തുന്ന പഠാനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ പലയിടങ്ങളിലും പരാതി നല്‍കിയിട്ടുണ്ട്. ചിത്രം ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധര്‍മത്തിന് എതിരാണെന്ന പരാതിയില്‍ ഇന്നലെ ചിത്രത്തിനെതിരെ മുംബൈ പൊലിസ് കേസെടുത്തിരുന്നു. ബി.ജെ.പി അനുയായി സഞ്ജയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ ഓജ നല്‍കിയ ഹരജി ബിഹാര്‍ മുസഫര്‍ നഗര്‍ കോടതി ജനുവരി മൂന്നിന് പരിഗണിക്കും.
നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തുന്ന സിനിമയാണ് പഠാന്‍. ചിത്രത്തിലെ 'ബെഷറം രംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."