ളാഹ ഗോപാലന്‍: ഓര്‍മയായത് ചെങ്ങറ ഭൂസമരത്തിലൂടെ കീഴാള മുന്നേറ്റങ്ങള്‍ക്ക് വെളിച്ചമേകിയ നേതാവ്
സ്വന്തം ലേഖകന്‍
കീഴാള ജനതയെ മുഖ്യാധാര രാഷ്ട്രീയാധികാരത്തിന്റെ കാല്‍കീഴില്‍ നിന്ന് മോചിപ്പിക്കുന്നതിന്റെ ചുവട് വയ്പായ ചെങ്ങറ ഭൂസമരത്തിന്റെ നായകത്വത്തിലൂടെയാണ് ളാഹ ഗോപാലന്‍ ശ്രദ്ധേയനാകുന്നത് . ഭൂപരിഷ്‌ക്കരണനിയമത്തിന്റെ പരിധിക്കപ്പുറം നില്‍ക്കാന്‍ വിധിക്കപ്പെട്ട കോളനികളിലേക്കും പുറമ്പോക്കുകളിലേയ്ക്കും എടുത്തെറിയപ്പെട്ടവര്‍ക്ക് മോചനം സാധ്യമാണെന്ന വിശ്വാസമുണ്ടാക്കാന്‍ ചെങ്ങറ സമരത്തിന് കഴിഞ്ഞു. ദലിത്-ആദിവാസി ജനതയുടെ പിന്നീടുള്ള സമരപോരാട്ടങ്ങള്‍ക്കെല്ലാം ചെങ്ങറ ഭൂസമരം പ്രചോദനമായി. ഐക്യകേരളം കണ്ട ഏറ്റവും ശക്തമായ അവകാശ സമരത്തിന്റെ നായകനെന്ന നിലയിലാണ് ളാഹ ഗോപാലന്‍ പ്രസക്തനാകുന്നത്.
ളാഹ ഗോപാലനും ചെങ്ങറ സമരവും എന്നും പരസ്പര പൂരകങ്ങളായിരിക്കും. അവകാശ സമരങ്ങളുടെയാകെ വാര്‍പ്പുമാതൃകയും കൂടിയായി മാറുകയായിരുന്നു പത്തനംതിട്ടയിലെ ചെങ്ങറയില്‍ അരങ്ങേറിയ സമരം . പിന്നീട് സമരഭൂമിയില്‍ നിന്ന് വിട്ടു പോയെങ്കിലും ഐതിഹാസിക സമരത്തിന് ജന്മം കൊടുത്തയാളെന്ന നിലയില്‍ ളാഹ ഗോപാലന്‍ ചിരസ്മരണീയനാകും. 2006 മുതല്‍ ചെങ്ങറ സമരഭൂമിയില്‍ നടന്നത് സമരം മാത്രമല്ല ദളിത് ജനതയുടെ അതിജീവനവും കൂടിയായിരുന്നു. ദളിതര്‍ക്ക് സ്വപ്‌നം കാണാമെന്ന് പ്രഖ്യാപിച്ച സമരം കൂടിയാണതെന്ന് അരുന്ധതീ റോയി വിശേഷിപ്പിച്ചത് വെറുതെയല്ല.
സമരത്തിന്റെ രൂപകല്‍പനയിലും സമീപനത്തിലും ളാഹ ഗോപാലന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമീപനം ജനാധിപത്യപരമല്ലെന്നും ഒരു പരിധി വരെ സ്വേഛാധിപത്യപ്രവണതയുമുണ്ടായിരുന്നുവെന്നും വിമര്‍ശിക്കപ്പെട്ടു. ഈ വിമര്‍ശനങ്ങളെ അദ്ദേഹം തന്നെ ഉള്‍ക്കൊണ്ടിരുന്നതുമാണ്. കൃത്യമായ അച്ചടക്കത്തോടെയല്ലാതെ ഭരണകൂടവും മുഖ്യധാരാസമൂഹവും എതിര്‍ത്ത ഒരു സമരത്തെയും മുന്നോട്ടു നയിക്കാനാകില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ സമീപനത്തോട് വിയോജിച്ചായിരുന്നു സലീന പ്രാക്കാനമടക്കമുള്ളവര്‍ സമരഭൂമിയില്‍ നിന്ന് പടിയിറങ്ങിയത്. പകര്‍ന്ന നല്‍കിയ ആശയക്കരുത്തിന്റെ അടിത്തറ ബാക്കിയാക്കി പിന്നീട് ളാഹ ഗോപാലനും സമരഭൂമി വിടേണ്ടിവന്നു. ഹാരിസന്റെ തൊഴിലാളികളും ഗുണ്ടകളും മുതല്‍ ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉയര്‍ത്തിയ വെല്ലുവിളികളേയും ഉപരോധങ്ങളേയും മര്‍ദ്ദനങ്ങളേയുമെല്ലാം അതിജീവിക്കാനായത് അദ്ദേഹത്തിന്റെ കര്‍ശനനിലപാടുകളുടെ പിന്‍ബലം ഒന്നു കൊണ്ട് മാത്രമായിരുന്നു.
ചെങ്ങറ സമരം നാള്‍ വഴി......
സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ നിരവധി ദളിത് കോളനികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ചെങ്ങറ സമരത്തിന്റെ ഉത്ഭവം. 2005 ആഗസ്റ്റ് 15ന് ഭൂരഹിതര്‍ക്ക് ഭൂമി എന്ന ആവശ്യമുന്നയിച്ച് പത്തനംതിട്ട കലക്ടറേറ്റിനു മുന്നില്‍ നടന്ന 150 ദിവസം നീണ്ട സമരമാണ് ് ചെങ്ങറ ഭൂസമരമായി തുടര്‍ന്നത്. മൂന്നുമാസത്തിനുള്ളില്‍ ഭൂമി നല്‍കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പില്‍ 2006 ജനുവരി 11ന് സമരമവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. തുടര്‍ന്ന് 2006 ജൂണ്‍ 21ന് കേരളസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്‍ റബ്ബര്‍ തോട്ടത്തില്‍ 4000ത്തോളം ഭൂരഹിതര്‍ കുടില്‍കെട്ടി ഭൂമിയുടെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചു. നാലുദിവസം കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ ഉറപ്പുമാനിച്ച് വീണ്ടും സമരം പിന്‍വലിച്ചു. അതും ലംഘിക്കപ്പെട്ടപ്പോള്‍ സെപ്തംബര്‍ 19 മുതല്‍ കലക്ടറേറ്റിനുമുന്നില്‍ നിരാഹാരസമരം ആരംഭിച്ചു. 2007 ആഗസ്റ്റ് ഒന്നിനുമുമ്പ് പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പില്‍ വീണ്ടും സമരം പിന്‍വലിച്ചു. ആ ഉറപ്പും പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് 2007 ആഗസ്റ്റ് നാലിന് സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഏഴായിരത്തോളം ഭൂരഹിതര്‍ ഹാരിസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ചിരുന്ന ചെങ്ങറ കുറുമ്പറ്റ ഡിവിഷനിലെ റബ്ബര്‍ തോട്ടം കയ്യേറി കുടില്‍ കെട്ടിയത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് സമരപോരാളികള്‍ താമസിച്ചത്. ചെങ്ങറ സമരഭൂമിയിലേക്ക് വിവിധ ജില്ലകളില്‍ നിന്നുള്ള ഭൂരഹിതരായവരും അണിചേര്‍ന്നു. അവരില്‍ മഹാഭൂരിപക്ഷവും ദലിതരായിരുന്നു. ഹാരിസണും ടാറ്റയും പോലുള്ള കുത്തകകള്‍ ആയിരകണക്കിനു ഏക്കര്‍ ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന വി .എസ് അച്യുതാനന്ദന്റ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഭൂമി തന്നെ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ തന്നെ ഇവരെ കുടിയാഴിപ്പിക്കാനുള്ള ശ്രമമുണ്ടായെങ്കിലും മണ്ണെണ്ണയും തീപ്പെട്ടിയുമായി മരങ്ങളില്‍ കയറി കഴുത്തില്‍ കയറിട്ടു നിന്നാണ് സമരക്കാര്‍ നേരിട്ടത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി തൊഴിലാളികളും നാട്ടുകാരും കായികമായി സമരക്കാരെ നേരിട്ടു. സമരഭൂമിയില്‍ നിന്നു പുറത്തിറങ്ങിയവര്‍ക്കെല്ലാം മര്‍ദ്ദനമേറ്റു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തു പോകാന്‍ കഴിയാത്ത സ്ഥിതി വന്നു. ഏറെക്കാലം അക്ഷരാര്‍ത്ഥത്തില്‍ ആ ഉപരോധം തുടര്‍ന്നു. അത് സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസിനു അവസരം നല്‍കലാകുമെന്നു തിരിച്ചറിഞ്ഞായിരുന്നു ഗാന്ധിയന്‍ രീതിയില്‍ സമരം മുന്നോട്ടുപോയത്. മാത്രമല്ല ബലപ്രയോഗത്തിലൂടെയല്ല, ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെയാണ് സമരം ചെയ്യേണ്ടതെന്ന ദൃഢമായ തീരുമാനം സമരസമിതിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ നക്‌സലൈറ്റുകള്‍ക്ക് സമരഭൂമിയിലേക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പോലും ഒരിക്കല്‍ സ്ഥാപിച്ചത്.
സി.പി.എം ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം പല ഘട്ടങ്ങളിലായി സമരത്തെ പിന്തുണച്ചിരുന്നു. തോട്ടം മുതലാളിമാരുടെ റബ്ബര്‍ മോഷ്ടിച്ചു വിറ്റാണ് സമരക്കാര്‍ ജീവിക്കുന്നതെന്നു ആക്ഷേപം പോലും മുഖ്യമന്ത്രി വി .എസ് അച്യുതാനന്ദന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും സമരത്തെ പിന്നോട്ട് കൊണ്ട് പോയില്ല. ഒരു ഘട്ടത്തില്‍ 8000ത്തിനടുത്തായി കുടുംബങ്ങളുടെ എണ്ണം. ആകെ 23000ത്തോളം പേര്‍.
യു.ഡി.എഫ് ഭരണം വന്നപ്പോഴാണ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. പുനരധിവാസത്തിനായി ഒരു പാക്കേജും സര്‍ക്കാര്‍ കൊണ്ടുവന്നു. സമരഭൂമിയിലെ 1495 കുടുംബങ്ങളില്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതവും പട്ടികജാതിക്കാര്‍ക്ക് അര ഏക്കറും മറ്റുള്ളവര്‍ക്ക് 25 സെന്റും ഭൂമി നല്‍കും എന്നായിരുന്നു പാക്കേജ്. എന്നാല്‍ കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പാലക്കാട്, കൊല്ലം ജില്ലകളില്‍ പാറക്കെട്ടും മൊട്ടക്കുന്നും നിറഞ്ഞ താമസയോഗ്യമല്ലാത്ത ഭൂമിയായിരുന്നു ഇതിനായി കണ്ടെത്തിയിരുന്നത്. കുറച്ചുപേര്‍ അങ്ങോട്ടുപോയി. വഞ്ചന മനസ്സിലായ പലരും മടങ്ങിയെത്തി.
സമരസമിതിയിലെ ഭിന്നതകള്‍ ളാഹ ഗോപാലനെ സമരഭൂമി വിടേണ്ട സാഹചര്യത്തിലെത്തിച്ചു.
ഇപ്പോള്‍ ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരാണ് സമരത്തെ നയിക്കുന്നത്. ജിഗ്‌നേഷ് മേവാനിയടക്കമുള്ളവര്‍ അടുത്ത് സമരഭൂമിയിലെത്തി. താമസയോഗ്യമായ ഭൂമികിട്ടാതെ പിന്നോട്ടില്ല എന്ന തീരുമാനത്തിലാണ് സമരക്കാര്‍. നേടിയെടുത്ത ഭൂമി എല്ലാവരും കൃത്യമായി പങ്കിട്ടെടുത്തു. റബ്ബര്‍ മരങ്ങള്‍ മാത്രമുണ്ടായിരുന്ന പ്ലാന്റേഷന്‍ ഭൂമിയെ ഭക്ഷ്യസ്വയംപര്യാപ്ത വില്ലേജാക്കി മാറ്റാനുള്ള നടപടികളിലാണ് സമരസമിതിയുള്ളത്. ഏകവിളത്തോട്ടത്തെ ജൈവ വൈവിധ്യവും ഭക്ഷ്യ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് പട്ടയമില്ലെങ്കിലും സ്വന്തമെന്ന വിശ്വാസിക്കുന്ന ഭൂമിയില്‍ അവര്‍ കൃഷി ചെയ്യാനാരംഭിച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ പുന്തള്ളപ്പെട്ടവര്‍ ഭൂപരിഷ്‌കരണനിയമത്തിന്റെ മറവില്‍ കിട്ടിയ തോട്ടഭൂമിയാണ് പിടിച്ചെടുത്തതെന്ന കാവ്യനീതിയും നടപ്പായി . കാട്ടുപന്നികളുടെ ആക്രമണത്തെ മറികടക്കാന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. പ്രവേശനകവാടത്തിലുള്ള ചെക് പോസ്റ്റില്‍ നിയന്ത്രിതമായി മാത്രമാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുള്ളു. മദ്യപാനം പൂര്‍ണ്ണമായും നിരോധിച്ചു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃമായി ഭൂമി കൈവശം വെച്ച മലയാളം പ്ലാന്റേഷനും അതിനു ഒത്താശ ചെയ്യുന്ന സര്‍ക്കാരുകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ട്രേഡ് യൂനിയനുകളുമെല്ലാം ഭൂമിക്കായുള്ള ഈ ദലിത് പോരാട്ടത്തിനു മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ സമരങ്ങള്‍ക്ക് എന്നും പ്രചോദനമാകുന്ന ചെങ്ങറ സമരചരിതത്തോട് ചേര്‍ത്ത തന്നെയാകും ളാഹ ഗോപാലന്‍ എന്ന പേരിന്റെ സ്ഥാനം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."