നാര്‍കോട്ടിക് ജിഹാദ് അടിസ്ഥാനരഹിതം
പിണറായി വിജയന്‍
നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം. അതിലൂടെ നിര്‍ഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗംവരുത്താനുള്ള തല്‍പരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ. നിലവില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലം ഇല്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസിലാകും. ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന വ്യാഖ്യാനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രിംകോടതിയും ആ കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായതും മതിയായ വിദ്യാഭ്യാസമുള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നുമാണ് കണ്ടെത്തിയത്.
കണക്കുകള്‍ തെറ്റ്
ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പെടുത്തി മതപരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്. 2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്ന് ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്‌ലിം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരില്‍ അഞ്ചുപേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നു ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബെന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിനെന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്‌ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐ.എസില്‍ ചേരുകയും ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ ഒന്നും.
വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക
യുവതീ യുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് മുന്‍കൈയെടുത്ത് 2018 മുതല്‍ ഡീ റാഡിക്കലൈസേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തെറ്റായ നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടര്‍ച്ചയായി നടത്തുന്നത്. തീവ്ര മതനിലപാടുകള്‍ സ്വീകരിക്കുകയും ഐ.എസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷന്‍ പരിപാടികളില്‍ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. തീവ്രമതനിലപാടുകളിലൂടെ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴി തെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പണ്ഡിതന്മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തിവന്ന ഈ പരിപാടികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ 2020 മുതല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിക്കും. വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം. സാമുദായിക സ്പര്‍ധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നല്‍കുന്നവരെയും തുറന്നുകാട്ടാന്‍ സമൂഹം ഒന്നാകെ തയാറാകണം.
മയക്കുമരുന്ന്
മതപരിവര്‍ത്തന ആയുധമല്ല
നാര്‍കോട്ടിക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകള്‍ 4,941 ആണ്. അവയില്‍ പ്രതികളായ 5,422 പേരില്‍ 2,700(49.80 ശതമാനം) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1,869 (34.47 ശതമാനം) പേര്‍ ഇസ്‌ലാം മതത്തില്‍പ്പെട്ടവരും 853 (15.73 ശതമാനം) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിക്കുകയോ അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ല.
മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പനക്കാരോ പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല. സ്‌കൂള്‍, കോളജ് തലങ്ങളില്‍ നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികളുണ്ട്. അതില്‍ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ അതിന്റെ വിപണന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താല്‍ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങള്‍ നമ്മുടേത് പോലെ എല്ലാ മതസ്ഥരും ഇടകലര്‍ന്ന ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകും.
സമൂഹത്തില്‍ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. തീവ്ര നിലപാടുകളുടെ പ്രചാരകര്‍ക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണതകള്‍ ഏതുതലത്തില്‍ നിന്നുണ്ടായാലും നിയമപരമായി നേരിടും. അതോടൊപ്പം ശരിയായ കാര്യങ്ങള്‍ മനസിലാക്കി ഇടപെടാന്‍ സാമൂഹ്യ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."