ഡി.വൈ.എഫ്.ഐ രഹസ്യമായി രാഖികെട്ടി; എതിര്‍ത്ത് പോസ്റ്റിട്ട എ.ഐ.എസ്.എഫുകാരനെ മര്‍ദിച്ചു
ശാസ്താകോട്ട(കൊല്ലം): ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രഹസ്യമായി രാഖികെട്ടല്‍. ചടങ്ങിന്റെ ചിത്രവും എം.സ്വരാജിന്റെ പ്രസ്താവനക്കെതിരേയുള്ള പോസ്റ്റും ഫേസ്ബുക്കിലിട്ടതിന് എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയുടെ വീടുകയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനം. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയും ബിടെക്ക് വിദ്യാര്‍ഥിയുമായ അഖിലിന്റെ മാതാപിതാക്കളായ ശൂരനാട് വടക്ക് കണ്ണംമ്പള്ളില്‍ രാമചന്ദ്രന്‍ നായര്‍ക്കും ലൈലക്കുമാണ് മര്‍ദനമേറ്റത്.
ഡി.വൈ.എഫ്.ഐ ശൂരനാട് ഏരിയാ ട്രഷററിന്റെ നേതൃത്വത്തിലാണ് രാഖികെട്ടല്‍ നടന്നത്. ഇതിന്റെ ഫോട്ടോ സഹിതമാണ് അഖില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം അഖിലിന്റെ വീട്ടില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. നേരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ സി.പി.ഐ വിമര്‍ശനത്തിനെതിരേ ശൂരനാട് ഗവ. എച്ച്.എസ്.എസിലെ എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ആദില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ഇതിനെചൊല്ലി വ്യാഴാഴ്ച രാവിലെ ആദിലിന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
വാഹനാപകടത്തില്‍ കാലിന് പരുക്കേറ്റുകഴിയുന്ന രാമചന്ദ്രന്‍ നായരുടെ കാലിനും കൈകള്‍ക്കും ചതവേറ്റ് നീരുവച്ച നിലയിലാണ്. അമ്മയുടെ തലയ്ക്കാണ് പരുക്ക്. എന്നാല്‍ വിഷയത്തില്‍ ശൂരനാട് പൊലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും കേസെടുക്കാന്‍ തയാറായിട്ടില്ല. രാഖികെട്ടി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച ഡി.വൈ.എഫ്.ഐയുടെ നടപടിക്കെതിരേ പ്രതികരിക്കാന്‍ ഇതുവരെ സി.പി.എം ജില്ലാ നേതൃത്വം തയാറായിട്ടില്ല.
ഒരു വര്‍ഷം മുന്‍പ് ആര്‍.എസ്.എസിലെ ചില പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐയിലേക്ക് ചേര്‍ന്നിരുന്നു. ഇവര്‍ക്കുവേണ്ടിയാണ് കമ്മിറ്റി രാഖികെട്ടല്‍ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."