മുന്നറിയിപ്പ് ഫലിച്ചു ബ്രിട്ടന്‍ വഴങ്ങി; കൊവിഷീല്‍ഡിന് അനുമതി
ലണ്ടന്‍: കൊവിഷീല്‍ഡ് വാക്‌സിന് അനുമതി നിഷേധിച്ച ബ്രിട്ടീഷ് നടപടിക്കെതിരേ തിരിച്ചടിയുണ്ടാവുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് ഫലിച്ചു. കൊവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി വിദേശയാത്രാ മാര്‍ഗനിര്‍ദേശം ബ്രിട്ടന്‍ ഭേദഗതി ചെയ്തു. എന്നാല്‍, ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കിയോയെന്നു വ്യക്തമല്ല.
ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനെക ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച വാക്‌സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്. ഇതിനകം രാജ്യത്ത് 7.21 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞു.
ലോകാരോഗ്യ സംഘടനയും വിദേശരാജ്യങ്ങളും അംഗീകരിച്ച വാക്‌സിനാണിത്. എന്നാല്‍ ഇന്ത്യയുടെ കൊവിഷീല്‍ഡ് സ്വീകരിച്ചവരെ പൂര്‍ണമായി വാക്‌സിനെടുത്തവരായി കണക്കാക്കി 10 ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കാനാവില്ലെന്ന് ബ്രിട്ടീഷ് വ്യോമയാന മന്ത്രാലയം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു.
ഒക്ടോബര്‍ നാലുമുതല്‍ ബ്രിട്ടനിലെത്തുന്ന രണ്ടു ഡോസ് വാക്‌സിനുമെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന പുതിയ കൊവിഡ് നിയമം കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടന്‍ പുറത്തിറക്കിയത്.
എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയില്ല. വിവേചനത്തിനെതിരേ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
എന്നാല്‍ രണ്ടു ഡോസ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ ക്വാറന്റൈനിലാകേണ്ടിവരുന്നത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.
അതേസമയം കൊവിന്‍ ആപ്പിലോ വാക്‌സിനേഷന്‍ പ്രക്രിയയിലോ യാതൊരു തകരാറുമില്ലെന്ന് ഇന്ത്യയുടെ ദേശീയ ആരോഗ്യ അതോറിറ്റി സി.ഇ.ഒ ആര്‍.എസ് ശര്‍മ വ്യക്തമാക്കി.
അതിനിടെ കൊവിഷീല്‍ഡിനെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആദാര്‍ പൂനവാല ഇന്ത്യന്‍ യാത്രികരുടെ ക്വാറന്റൈന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."