പുതിയ കിസ്‌വ നിര്‍മാണം പൂര്‍ത്തിയായി
മക്ക: ഹജ്ജിനോടനുബന്ധിച്ചു കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായി. പട്ട്, സ്വര്‍ണം, വെള്ളി നൂലുകള്‍കൊണ്ട് നിര്‍മിക്കുന്ന കിസ്‌വ കൊണ്ട് ദുല്‍ഹിജ്ജ ഒന്‍പതിനാണു കഅ്ബയെ അണിയിക്കുക. മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്‌വ ഫാക്ടറിയില്‍ നടന്ന യോഗത്തില്‍ കഅ്ബയെ പുതപ്പിക്കുന്ന രീതിയും സമയവും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്തു.
മുന്‍ നിശ്ചയിക്കപ്പെട്ട പ്രകാരം ദുല്‍ഹിജ്ജ ഒന്‍പതിന് രാവിലെയാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങു നടക്കുക. സഊദി ഭരണാധികാരിയും ഇരു ഹറം പരിപാലകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ നിയന്ത്രണത്തില്‍ ഇരു ഹറം കാര്യാലയ വകുപ്പ് അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിയുടെ മേല്‍നോട്ടത്തിലാണ് കിസ്‌വയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
വിവിധ വകുപ്പുകളിലായി 240 ലധികം അതിവിദഗ്ധ നെയ്ത്തുകാര്‍ ചേര്‍ന്നാണ് കിസ്‌വ നിര്‍മാണം നടത്തുന്നത്. 700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സില്‍ക്ക്, 120 കിലോഗ്രാം തൂക്കത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചരടുകള്‍, 14 മീറ്റര്‍ നീളവും 101 സെന്റീമീറ്റര്‍ വീതിയുമുള്ള പതിനാലു കഷ്ണം തുണികള്‍ കൊണ്ടാണ് കിസ്‌വയുടെ നിര്‍മാണം.
കഅ്ബയുടെ നാലു ഭാഗത്തും ചെമ്പ് വളയങ്ങള്‍ ഉപയോഗിച്ചാണ് ഇത് വലിച്ചുകെട്ടുന്നത്. 16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍വല്‍കൃത നെയ്ത് മെഷീന്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇത് നെയ്‌തെടുക്കുന്നത്. പൗരാണിക കരകൗശല ചാരുതിയും കാലിഗ്രാഫിയുമാണ് കിസ്‌വയ്ക്ക് അസാധാരണ ഭംഗി നേടിക്കൊടുക്കുന്നത്. സാധാരണ ഗതിയില്‍ ഹജ്ജിന്റെ രണ്ടു മാസം മുന്‍പുതന്നെ പുതിയ കിസ്‌വ തയാറാക്കാറുണ്ട്.
നേരത്തേ വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹറംകാര്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കെട്ടിയിരുന്നു. ഹജ്ജിനെത്തുന്ന ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ കിസ്‌വ ഉയര്‍ത്തി കെട്ടിയത്. തറനിരപ്പില്‍ നിന്നും മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. കിസ്‌വ ഉയര്‍ത്തിക്കെട്ടിയ കഅ്ബയുടെ ചുമരുകള്‍ രണ്ടു മീറ്റര്‍ ഉയരത്തില്‍ തൂവെള്ള പട്ടു തുണികൊണ്ട് മറച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."