HOME
DETAILS

ചരിത്ര നിര്‍ധാരണം അനിവാര്യമാകുന്ന പുതുകാലം

  
backup
November 25 2023 | 18:11 PM

a-new-era-in-which-historical-determination-is-essential

പി. ടി. കുഞ്ഞാലി
യുദ്ധായുധങ്ങളേക്കാള്‍ തീക്ഷ്ണമായ ഒരു സംഹാര ഉപകരണമാണ് ചരിത്രം എന്ന നിരീക്ഷണം ഏറെ വിശ്രുതമാണ്. സായുധമായ ഒരു പടയോട്ടത്തില്‍ ജയിച്ചവര്‍ക്കും ചില നഷ്ടങ്ങള്‍ സംഭവിക്കും. എന്നാല്‍ പടയൊഴിവാക്കി ചരിത്രത്തില്‍ പാഷാണം കലക്കി തലമുറകളിലേക്ക് വിളമ്പിയാല്‍ അത് പ്രവര്‍ത്തിക്കുക നഷ്ടങ്ങളേതുമില്ലാതെ സര്‍വകാലത്തിലേക്കുമാകും. അധികാരത്തിന് വേണ്ടതും അതാണ്. അതിലൂടെ സത്യം ഇല്ലാതാവുകയും വെറുപ്പിന്റെയും അപര നിഗ്രഹത്തിന്റെയും നൃശംസത ഒരേസമയം ഭാവിയിലേക്കും ഒപ്പം തന്നെ ഭൂതത്തിലേക്കും പാഷാണക്കുംഭങ്ങളുമായി സഞ്ചരിക്കും. അത് സാമൂഹ്യജീവിതത്തിന്റെ വര്‍ത്തമാനത്തില്‍നിന്ന് അപര സമൂഹത്തെ ക്ഷണത്തില്‍ തുരത്താനാവും. ക്രമേണ തുരത്തപ്പെട്ടവര്‍ക്കു ചരിത്രമേ ഇല്ലാതാവും. ഫലമോ, അവര്‍ ചരിത്രത്തില്‍ നിന്ന് മാത്രമല്ല, വര്‍ത്തമാനത്തില്‍ നിന്നുതന്നെ അദൃശ്യരാകും. ഏതെങ്കിലും ഒരു ജനവിഭാഗത്തെയോ അവരുടെ ജീവിതാവിഷ്‌കാരങ്ങളെയോ സമൂഹത്തില്‍നിന്നു റദ്ദാക്കാന്‍ അധികാരത്തിന് എളുപ്പത്തില്‍ സാധ്യമാവുന്ന കുടിലമാര്‍ഗമാണിത്. ഇതാണ് ഇന്ത്യയില്‍ ഇന്ന് സംഭവിക്കുന്നത്. ചരിത്രത്തിന്റെ നേര്‍വെട്ടത്ത് കഴിഞ്ഞ സംഭവ പരമ്പരകള്‍ക്ക് പൊതുകല്‍പിതങ്ങള്‍ ചമച്ചും ഗതകാല ജീവിതങ്ങളില്‍ പിളര്‍പ്പുകള്‍ തീര്‍ത്തും ഇന്ന് ദേശത്ത് ആഘോഷിക്കുന്നത് ചരിത്രനിരാസത്തെയാണ്.


'മുസ്‌ലിം ഭീകരന്‍മാരായ അക്രമകാരികള്‍, അധിനിവേശക്കാരായ സുല്‍ത്താന്‍മാര്‍, മതമര്‍ദകരായ ടിപ്പുവും ഒൗറംഗസീബും'. ഇതൊക്കെയും ഈ വെറുപ്പിന്റെ ചന്തയില്‍ എളുപ്പം വിറ്റുപോകുന്ന കള്ളച്ചരക്കുകളാണ്. അപ്പോള്‍ ഇതൊന്നുമല്ല നേരെന്നും യഥാർഥ വസ്തുതകള്‍ മറ്റൊന്നാണെന്നും സമൂഹത്തോട് വിളിച്ചുപറയല്‍ ജനാധിപത്യവാദികളുടെ ചുമതലയായിരിക്കും. ഈ സത്യം വിളംബരം നടത്താന്‍ മാത്രം ജീവിതം ബലിയാക്കി നമ്മില്‍ നിന്നു കടന്നുപോയ ധിഷണാശാലിയായ ചരിത്രകാരനാണ് ഡോക്ടര്‍ സി.കെ കരീം. വര്‍ത്തകരുടെ സത്യ ബോധമായും ദര്‍വീശുകളുടെ ആശ്ലേഷമായും ഭാവനാശാലികളായ സുല്‍ത്താന്മാരായും ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര പ്രവര്‍ത്തകരായും ഈ രാജ്യത്തെ എല്ലാ കാലത്തും പുരസ്‌കരിച്ച സമൂഹമാണ് സത്യത്തില്‍ മുസ്‌ലിം ജനവിഭാഗം. പക്ഷേ, ഇന്നവര്‍ കൂട്ടത്തോടെ ദേശയുക്തിയില്‍നിന്നു പുറത്താണ്. ഈ കാലസന്ധിയിലാണ് ഡോ. സി.കെ കരീമിന്റെ ജീവിതനിയോഗം സാർഥകമാവുന്നത്.


ഡോ. സി.കെ കരീമിന്റെ ഏറ്റവും പ്രൗഢ രചനയാണ് 'കേരളം, ഇന്ത്യ: ചരിത്ര പഠനങ്ങള്‍'. ആയിരം താളുകളിലേക്ക് പടരുന്ന ഈ പുസ്തകം കൊളോണിയല്‍ ആഖ്യാനങ്ങളില്‍ പ്രചോദിതമായി ആര്യ പ്രോക്ത ബ്രാഹ്‌മണ്യവും സംഘ്പരിവാര്‍ നിബന്ധമെഴുത്തുകാരും ചേര്‍ന്ന് പണിയുന്ന കള്ളക്കോട്ടകള്‍ക്കെതിരേയുള്ള നേരിന്റെ കുതിരപ്പടയാണ്. ഡോ. കരീമിന്റെ അശ്വപ്പട കയറിയിറങ്ങുന്നതോടെ കള്ളങ്ങള്‍ കൊണ്ട് പണിത ആഖ്യാനക്കോട്ടകള്‍ തരിപ്പണമാകുന്നത് അപ്പോള്‍ വായനക്കാര്‍ നേര്‍കണ്ണില്‍ കാണും.


നാലോളം ഭാഗമായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗം എന്താണ് ചരിത്രം എന്നും അതെങ്ങനെയാണ് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നുമുള്ള മൗലികമായ അന്വേഷണമാണ്. പിന്നീട് ഇന്ത്യാ ചരിത്രത്തിലെ നിരവധി സമീക്ഷകളെ അതിന്റെ മൗലിക സ്രോതസുകളും ഉപാദാനങ്ങളും ഖനിച്ചാണ് കരീം ഉന്നയിക്കുന്നത്. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടവരാണ് ഒൗറംഗസീബും മുഹമ്മദ് തുഗ്ലക്കും. ഒൗറംഗസീബ് മതദ്രോഹിയും പിന്തിരിപ്പനും ബന്ധുഹത്യയുടെ കുലപതിയുമാണെങ്കില്‍ കൊളോണിയല്‍ ആഖ്യാനങ്ങള്‍ എടുത്തെഴുതുന്ന സംഘി കാല എഴുത്തുകാരെ അക്കാല ആര്‍കൈവുകള്‍ പരതിയാണ് ഡോ. കരീം എയ്തിടുന്നത്. ഒൗറംഗസീബിന്റെ കത്തുകള്‍ തന്നെ ഇദ്ദേഹം ഇതിനായി ധാരാളമുദ്ധരിക്കുന്നുണ്ട്. ഒൗറംഗസീബ് സുല്‍ത്താന്റെ ദയാവായ്പ്പും അന്യമത പരിഗണനയും പുസ്തകം ഉന്നയിക്കുന്നത് ഉപാദാനങ്ങളുടെ അകമ്പടിയിലാണ്. ജഹാംഗീറിന്റെ കാലം തൊട്ടെ ഇന്ത്യയിലേക്ക് അധിനിവേശിക്കാന്‍ തഞ്ചം നോക്കി നടന്ന പടിഞ്ഞാറന്‍ കുരിശുയുദ്ധ കുടിലത മുഗിള രാജ്യാതിര്‍ത്തികള്‍ പെരിച്ചാഴികളെപ്പോലെ തുരക്കാന്‍ തുടങ്ങിയ കാലമാണിത്. അതിന് ഇല്ലാ കഥകളുടെ ജൽപനങ്ങള്‍ അവര്‍ക്ക് അകമ്പടി വേണം. അപ്പോള്‍ ഒൗറംഗസീബ് മതദ്രോഹിയാവണം. ടിപ്പുവും ഹൈദര്‍ സുല്‍ത്താനും മാര്‍ഗം കൂട്ടികളാവണം. തുഗ്ലക്ക് മണ്ടനാവണം. പോരാ, അശോകന്‍ മഹാനാവണം. പഴശ്ശി ദേശസ്‌നേഹിയായ പൊന്നുതമ്പുരാനാവണം. ശിവജി നിഷ്‌കളങ്കനാവണം. ഇതൊക്കെയും കള്ളക്കഥകളെന്നാണ് കരീം പറയുന്നത്. വെറുതേ പറയുകയല്ല. അദ്ദേഹത്തിന്റെ വശം പ്രമാണങ്ങളുണ്ട്. മഹാനായ അശോകന്‍ ചക്രവര്‍ത്തിയായ കഥയും ഡോ. കരീമിന്റെ പുസ്തകം പറയുന്നുണ്ട്. നിരവധി ജ്യേഷ്ഠ സഹോദരന്മാരെ കൊന്നും കൊലവിളിച്ചും മഗധയിലും പരിസരപ്രദേശങ്ങളിലും അശോകന്‍ നടത്തിയ നരമേധം ഒളിപ്പിച്ചുനിര്‍ത്തിയാണ് മഹാനായ അശോകന്‍ കഥകളില്‍ തിളങ്ങുന്നത്. അല്ലെങ്കിലും ഉയര്‍ന്ന നാഗരികത നേടിയ സിന്ധു നദീതട സംസ്‌കാരം വികസിപ്പിച്ചിരുന്നവര്‍ അപരിഷ്‌കൃതരും ആ നാഗരികതയെ അപ്പാടെ കോരിയെറിഞ്ഞ കാപാലികരായ ആര്യന്മാര്‍ മഹാന്മാരുമായ ദേശ യുക്തിയാണല്ലോ നമ്മുടേത്.


ഒൗറംഗസീബ് വിമര്‍ശിക്കപ്പെടുന്നത് ജിസിയയെ പ്രതി ആണ്. എന്താണ് ജിസിയ എന്നൊരു ഗംഭീര പഠനം ഈ പുസ്തകത്തിലുണ്ട്.
നമ്മുടെ ചരിത്രകാരന്മാര്‍ മണ്ടനും അവിവേകിയുമാക്കി ഇരുട്ടില്‍ തള്ളിയ ഒരാളാണ് മുഹമ്മദ് തുഗ്ലക്ക്. തുഗ്ലക്ക് സുല്‍ത്താന്റെ മരണത്തിന് കാല്‍ നൂറ്റാണ്ടുശേഷം ഇന്ത്യയിലെത്തിയ സഞ്ചാരിയുടെ വിവരക്കേടുകള്‍ നിറഞ്ഞ കുറിപ്പുകളാണ് സത്യത്തില്‍ ഈ ചരിത്ര മൗഢ്യത്തിനാധാരം.


നിരവധി ആധികാരിക രേഖകളുടെ തെളിച്ചത്തിലാണ് ഡോ. കരീം ഈ ചരിത്ര നുണകളെ പൊളിക്കുന്നത്. ചരിത്രകാരനായ ഈശ്വരി പ്രസാദിനെയാണ് കരീം ഇതിനായി ഉദ്ധരിക്കുന്നത്. ഇന്ത്യയിലെ സുവർണ കാലഘട്ടം എന്ന് പറയപ്പെടുന്നത് ഗുപ്തസാമ്രാജ്യകാലത്തെയാണ്. പക്ഷേ, ബുദ്ധമതത്തെയും അത് മുന്നോട്ടുവച്ച ജാതിരഹിതമായ സാമൂഹിക വ്യവസ്ഥയും അപ്പാടെ തകര്‍ക്കപ്പെട്ട കാലമാണത്. ജാതിബോധം വീണ്ടും തിളച്ചുമറിയാന്‍ തുടങ്ങിയ കാലം. സാധാരണക്കാരന്റെ ഭാഷകളായിരുന്ന പാലിയും അർധ മഗധും സംസ്‌കൃത വരേണ്യഭാഷയ്ക്കു കീഴടങ്ങിയ കാലം. ഇതെങ്ങനെ മഹത്തായ കാലമാവും എന്ന് കരീം ചോദിക്കുന്നു. തിരിച്ചുള്ള ചോദ്യങ്ങള്‍ കൂടി ചിലപ്പോള്‍ അനിവാര്യമാകും.


മൂന്നാം ഭാഗമാണ് കേരള ചരിത്രം. കേരള ചരിത്രരചനയെ കുഴക്കുന്നത് ഉപാദാനങ്ങളുടെ കുഴമറിച്ചിലാണ്. അതില്‍നിന്ന് ചേറിയും ചികഞ്ഞും വസ്തുതകള്‍ കണ്ടെത്തി സത്യചരിത്രം എഴുതാന്‍ അത്യസാധാരണമായ അന്വേഷണ ശേഷി വേണം. അത് ഡോ. സി. കെ കരീമിന് വേണ്ടപോലെയുണ്ട്. കേരള രൂപീകരണത്തിന്റെ മിത്തുകളും പുരാണങ്ങളും മുതല്‍ ചേരമാന്‍ കഥകളും മാലിക് ദിനാറിന്റെ സഞ്ചാരവും നായര്‍ സമൂഹത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും ഒക്കെയും വിശദമായി പുസ്തകം ചര്‍ച്ചയ്ക്കെടുക്കുന്നു. ടിപ്പുവും ഹൈദര്‍ സുല്‍ത്താനും കേരളീയ ജീവിതത്തില്‍ എങ്ങനെയൊക്കെ ഇടപെട്ടുവെന്നും അത് തീരദേശത്തിന്റെ നവോത്ഥാനത്തില്‍ എത്രത്തോളം സഹായിച്ചുവെന്നും വിസ്താരമാര്‍ന്ന നാനൂറോളം പുറങ്ങളിലാണ് ഇദ്ദേഹം അന്വേഷിക്കുന്നത്. അതിഗംഭീരമായ പഠനമാണിത്.
ടിപ്പുവിനെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതി ഇംഗ്ലീഷുകാര്‍ക്ക് നല്‍കിയ ഫ്രഞ്ചു പടയാളിയെ ഡോ. സി കെ കരീം ഇതില്‍ ഹാജരാക്കി വിചാരണ ചെയ്യുന്നുണ്ട്. അതോടെ പൊളിഞ്ഞുവീഴുന്നു ഇല്ലാക്കഥകളുടെ കോട്ടകളും കോവിലുകളും. എന്താണ് ചരിത്രമെന്നും ചരിത്രം സ്വരൂപിക്കപ്പെടുന്നത് എങ്ങനെയെന്നുള്ള കൗതുകകരമായ നിരവധി നിരീക്ഷണങ്ങള്‍ പുസ്തകത്തിലണ്ട്. ഇത് വായനക്കാര്‍ക്ക് ആലോചനയുടെ മറ്റൊരു വിതാനം സാധ്യമാക്കുന്നു. ചരിത്രരചനയുടെ ഇസ്‌ലാമിക ആധാരത്തെ പ്രതിദാര്‍ഢ്യമുള്ള കാഴ്ചകള്‍ ഡോ. കരീം അവതരിപ്പിക്കുന്നത് ഏറെ ഹൃദ്യമാണ്. ഒരവിവേകി വാര്‍ത്തയുമായി വന്നാല്‍ ഒറ്റ വീര്‍പ്പിനത് ഏറ്റെടുക്കുന്നത് സത്യവിശ്വാസ വിരുദ്ധമാണെന്ന ഖുര്‍ആന്‍ പ്രമാണം ഉപാദാനമാക്കിയാണ് ഡോ. കരീം ചരിത്ര രചനയുടെ ഇസ്‌ലാമികത അവതരിപ്പിക്കുന്നത്.


പുസ്തകത്തിന്റെ അവസാനഭാഗം അനുബന്ധമാണ്. സാമൂതിരി, കോലത്തിരി, അറക്കല്‍ സ്വരൂപം തുടങ്ങി കേരള ദേശത്തുണ്ടായിരുന്ന രാജവംശങ്ങളെ പരിചയപ്പെടുത്തുന്നതാണത്. കൊളോണിയല്‍ വിമോചന പോരാട്ടങ്ങളില്‍ സ്വയം ബലിയായ മഹാ ജീവിതങ്ങളെ വിസ്താരത്തില്‍ പരിചയപ്പെടുത്തുന്ന ഭാഗമാണത്. ചെമ്പന്‍ പോക്കര്‍, വടക്കേ വീട്ടില്‍ മുഹമ്മദ്, വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു.


ചരിത്രമില്ലാത്തവര്‍ ചരിത്രത്തില്‍ നിന്ന് തന്നെ പുറത്തായിരിക്കും. അപ്പോള്‍ ആരൊക്കെയോ കയറി കലക്കിയും ഭയംവിതറിയും ചരിത്രമെഴുത്തേറ്റ് മരിച്ചുവീണ ഒരു സമൂഹത്തിന്റെ സത്യതയാര്‍ന്ന ജീവിതാവിഷ്‌കാരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയാണ് അക്കാദമിക ചരിത്രകാരനും അധ്യാപകനുമായ സി.കെ കരീം. തീര്‍ച്ചയായും മാറുന്ന കാലത്ത് ഈ പുസ്തകം പ്രസക്തമാണ്.
ദേശചരിത്രത്തിലേക്ക് കൈയേറി അവിടെ താവളം തുരക്കാന്‍ കുതറുന്ന മനുഷ്യ വിരോധികള്‍ക്കെതിരേയുള്ള നേരിന്റെ പ്രത്യാക്രമണമാണ് ആയിരം താളുകളിലേക്ക് വിടരുന്ന ഈ അടിസ്ഥാന പുസ്തകം. തീര്‍ച്ചയായും ചരിത്രത്തിന്റെ വര്‍ത്തമാനമാണീ പുസ്തകം. ഇരുണ്ടിരുണ്ട് വരുന്ന ഭാവിക്ക് പ്രത്യേകിച്ചും. എന്നേ കമ്പോളത്തില്‍ നിന്ന് അപ്രത്യക്ഷമായ ഈ പുസ്തകം വീണ്ടും വായനക്കാരിലേക്കെത്തിച്ചത് കോഴിക്കോട് വചനം പബ്ലിഷിങ്ങ്ഹൗസാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago