മത്സരം പൊടിപാറും,ഡസ്റ്റർ വീണ്ടും
വിനീഷ്
റൊനോള്‍ട്ട് (RENAULT) എന്ന് നമ്മള്‍ മലയാളികള്‍ വിളിക്കുന്ന ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ 'റെനോ'യ്ക്ക് ഇന്ത്യയില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത വാഹനമാണ് ഡസ്റ്റര്‍. ഹ്യുണ്ടായിയുടെ ക്രെറ്റ അടക്കമുള്ളവ പ്രതാപം കാണിക്കുന്നതിന് മുമ്പ് ഇവിടം അടക്കിവാണ എസ്.യു.വി. ഏതു കുണ്ടും കുഴിയും നിറഞ്ഞ റോഡും ഒരു കുലുക്കവുമില്ലാതെ നേരിട്ടുന്ന ഒരു സസ്‌പെന്‍ഷന്‍ തന്നെയായിരുന്നു സാറേ ഇവന്റെ മെയിന്‍. പക്ഷേ, ശരിക്കും റെനോ നിര്‍മിച്ച ഒരു വാഹനമായിരുന്നില്ല ഡസ്റ്റര്‍. റുമാനിയന്‍ കാര്‍ നിര്‍മാതാക്കളായ ഡാസിയയുടേതാണ് ഡസ്റ്റര്‍. മുമ്പ് ഇവിടെ ഉണ്ടായിരുന്ന റെനോ ലോഗനും ഡാസിയയില്‍ നിന്നുതന്നെയായിരുന്നു. 1999 ല്‍ റുമാനിയന്‍ ഗവണ്‍മെന്റ് ഡാസിയയെ റെനോയ്ക്ക് വിറ്റു. ഇന്ന് ആഗോളതലത്തിലുള്ള റെനോ- നിസാന്‍ കൂട്ടുകെട്ടിന്റെ ഭാഗമാണ് ഡാസിയ. നമ്മള്‍ അധികം കേട്ടിട്ടില്ലാത്ത ഒരു കമ്പനി കൂടി ഈ റെനോ- നിസാന്‍ ആഗോള കൂട്ടുകെട്ടിന്റെ ഭാഗമായുണ്ട്. മറ്റാരുമല്ല, ജാപ്പനീസ് വാഹനനിര്‍മാതാക്കളായ മിസ്തുബുഷി. ഏതായാലും കൂടുതല്‍ എസ്.യു.വികളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാം ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഈ ത്രി കക്ഷി സഖ്യം.
പറഞ്ഞുവന്നത് ഡസ്റ്ററിന്റെ രണ്ടാംവരവാണ്. വരുന്ന 29 ന് പോര്‍ച്ചുഗലില്‍ നടക്കുന്ന ചടങ്ങിലാണ് റെനോയുടെ സഹോദര സ്ഥാപനമായ ഡാസിയ തങ്ങളുടെ പുതിയ ഡസ്റ്ററിനെ അവതരിപ്പിക്കുന്നത്. 11, വര്‍ഷം മുമ്പ് 2012 ജൂലൈയിലാണ് റെനോ ഡസ്റ്ററിനെ ഇന്ത്യയില്‍ കൊണ്ടുവന്നത്. ഒരിക്കല്‍ ഇവിടം അടക്കിഭരിച്ചെങ്കിലും കാലത്തിനൊത്ത് വാഹനത്തെ പരിഷ്‌ക്കരിക്കാന്‍ റെനോ മറന്നുപോയതോടെ വില്‍പ്പന പതിയെ കുറഞ്ഞുവന്നു. കഴിഞ്ഞ ഏപ്രിലില്‍ ഡസ്റ്റര്‍ എസ്.യു.വിയെ റെനോ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
മുന്‍പ് ഇറങ്ങിയിരുന്ന ഡസ്റ്ററിനെക്കാള്‍ വലുതാണ് പുതിയ മോഡല്‍. നേരത്തെ ബിഗ്സ്റ്റര്‍ എന്നൊരു സെവന്‍ സീറ്റര്‍ പ്രോട്ടോടൈപ്പ് റെനോ അവതരിപ്പിച്ചിരുന്നു. ബിഗ്സ്റ്ററിന്റെ സമാന രൂപമാണ് പുതിയ ഡസ്റ്ററിനും. ഉയര്‍ന്നു നില്‍ക്കുന്ന ബോണറ്റും മുന്നില്‍ ചെറിയ ഗ്രില്ലും ഇതിന് ഇരുവശത്തുമായി y ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുമാണുള്ളത്. വലിയൊരു ബുള്‍ബാര്‍ പോലെ തോന്നിക്കുന്ന ഭാഗം ബംപറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചതുരാകൃതിയില്‍ രണ്ട് എയര്‍വെന്റുകളും ഇതിന് രണ്ട് വശത്തായി നല്‍കിയിട്ടുണ്ട്. വലിയ വീല്‍ അര്‍ച്ചും റൂഫ് റെയിലും പഴയ ഡസ്റ്റര്‍ ലുക്കിനായി നിലനിര്‍ത്തിയിട്ടുണ്ട്. പിന്‍ഭാഗത്തേക്ക് വന്നാല്‍ ടെയില്‍ ലാംപിനും y ആകൃതിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പഴയ ഡസ്റ്ററുമായി ഒരു സാമ്യവും ഇവിടെ മഷിയിട്ടുനോക്കിയാല്‍ പോലും കാണാനാകില്ല. ഉയര്‍ന്നു നില്‍ക്കുന്ന സ്‌കിപ് പ്‌ളേറ്റോടുകൂടിയ ബംപര്‍ ആണ് നല്‍കിയിരിക്കുന്നത്. വലിയൊരു സ്‌പോയിലറും പിന്നില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വശങ്ങളില്‍ നിന്ന്‌നോക്കുമ്പോഴാണ് പുതിയ ഡസ്റ്ററിന് നാം കണ്ടുപരിചയിച്ച ആ മസില്‍ ലുക്ക്‌ലഭിക്കുന്നത്.
മൂന്ന് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുക. 120 ബി.എച്ച്. പി 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 140 ബി.എച്ച്.പി1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 170 ബി.എച്ച്.പി 1.3 ലിറ്റര്‍ടര്‍ബോ പെട്രോള്‍ എന്നിവയാണ് അവ. 1.3 ലിറ്റര്‍ മോഡലിന്റെ ഹൈഎന്‍ഡ് വേര്‍ഷനുകള്‍ ഫ്‌ളക്‌സ് ഫ്യുവലിലും ഓടാന്‍ പര്യാപ്തമായിരിക്കും.
ഇന്ത്യയില്‍ പുതിയ ഡസ്റ്റര്‍ എത്താന്‍ ഏതായാലും കുറച്ചു കഴിയും വരും. അടുത്തവര്‍ഷം അവസാനമെങ്കിലുമാവുമെന്നാണ് കേള്‍ക്കുന്നത്. എല്ലാവരും കാത്തിരിക്കുന്നത് പെട്രോള്‍-ഹൈബ്രിഡ് ആണ്. കാരണം ഇതേ വിഭാഗത്തിലുള്ള മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ മിഡ്‌സൈസ് എസ്.യു.വികള്‍ക്ക് കനത്ത വെല്ലുവിളിയാകും പുതിയ ഡസ്റ്റര്‍. നമ്മുടെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ക്രൂരമായി 'കൊലപ്പെടുത്തി'യതിനാല്‍ ഡീസല്‍ എന്‍ജിന്‍ എന്നൊരു പ്രതീക്ഷയ്ക്ക് പോലും വകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."