ദുരന്തം ഉള്‍ക്കൊള്ളാനാവാതെ കുസാറ്റ്; വിദ്യാര്‍ഥികളുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും
ദുരന്തം ഉള്‍ക്കൊള്ളാനാവാതെ കുസാറ്റ്; വിദ്യാര്‍ഥികളുടെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ 7 മണിക്ക് ഗവ.ഹോസ്പിറ്റലിലും ഗവ.മെഡിക്കല്‍ കോളജിലും ആരംഭിക്കും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കുസാറ്റ് കാമ്പസില്‍ പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച രാത്രിതന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തീകരിച്ചിരുന്നു.
മരിച്ചവരിൽ മൂന്നുപേർ വിദ്യാർഥികളാണ്. അതുൽ തമ്പി രണ്ടാംവർഷ സിവിൽ വിദ്യാർഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകനുമാണ്. രണ്ടാംവർഷ ഇലക്ട്രോണിക്‌സ് വിദ്യാർഥിനിയും പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകളുമാണ് ആൻ റിഫ്ത്ത (20). കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്‌കറിയയുടെ മകൾ സാറ തോമസ് (19) രണ്ടാം വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്. ആൽബിൻ ജോസഫ് പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. നാലു പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബയും ആലപ്പുഴ സ്വദേശി ഗീതാഞ്ജലിയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിക്ക് പൊലിസിന്റെ അനുമതി ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. അനുമതി തേടിയെന്ന് സർവകലാശാലയും അനുമതി തേടിയിരുന്നില്ലെന്ന് പൊലിസും പറയുന്നു. പൊലിസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലിസ് കേസെടുത്തിരുന്നു. രാവിലെ 8 30 ന് രാജീവ്, ബിന്ദു മന്ത്രിമാർ സംഭവസ്ഥലം സന്ദർശിക്കും.
സാറയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ചായിരിക്കും സംസ്‌കാരം. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും.
38 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 36 പേർ കളമശ്ശേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. മന്ത്രിമാരായ പി രാജീവും ആർബിന്ദും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
കിൻഡർ ആശുപത്രിയിൽ 18 പേരെ ആയിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ 16 പേരെ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടുപേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."