ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് റഫറി ഷിമോന്‍ മാഴ്‌സിനിയാക്
വാഴ്‌സോ:അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന ലോകകപ്പ് കലാശപോരാട്ട മത്സരത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് റഫറി ഷിമോന്‍ മാഴ്‌സിനിയാക്.ഫൈനലില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല തന്റേതെന്നു തുറന്നുസമ്മതിച്ച അദ്ദേഹം മത്സരത്തില്‍ ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.അര്‍ജന്റീന-ഫ്രാന്‍സ്് ഫൈനല്‍ മത്സരത്തെച്ചൊല്ലി പല വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് റഫറിയുടെ വെളിപ്പെടുത്തല്‍.ഫ്രാന്‍സ് ഉയര്‍ത്തിയ മിക്ക വിമര്‍ശനങ്ങളും തള്ളിയ മാഴ്‌സിനിയാക് മത്സരത്തില്‍ തനിക്ക് ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെന്ന കാര്യം സമ്മതിക്കുകയായിരുന്നു.
''ഫൈനലില്‍ തീര്‍ച്ചയായും പിഴവുകളുണ്ടായിട്ടുണ്ട്. അര്‍ജന്റീനയുടെ മാര്‍കോസ് അക്യൂനയുടെ മോശം ടാക്കിളിനു പിന്നാലെയുള്ള ഫ്രഞ്ച് കൗണ്ടര്‍ ആക്രമണത്തില്‍ ഞാന്‍ ഇടപെട്ടിരുന്നു. ഫൗള്‍ ചെയ്യപ്പെട്ട താരത്തിനു വിശ്രമം വേണമെന്ന് ഭയന്നു ഞാന്‍. ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഞാന്‍ തെറ്റായി വായിച്ചു. അത് ബുദ്ധിമുട്ടേറിയതു തന്നെയാണ്. വന്‍ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.'' എന്നായിരുന്നു ഷിമോന്‍ മാഴ്‌സിനിയാകിന്റെ വാക്കുകള്‍.
കൂടാതെ എക്‌സ്ട്രാ ടൈമില്‍ ലയണല്‍ മെസി നേടിയ ഗോള്‍ സമയത്ത് അര്‍ജന്റീന സബ് താരങ്ങല്‍ ഗ്രൗണ്ടിലുണ്ടായിരുന്നതായുള്ള വിമര്‍ശനങ്ങളോടും മാഴ്‌സിനിയാക് പ്രതികരിച്ചു.''അത്തരം സമയങ്ങളില്‍ നടപടിയെടുക്കണമെങ്കില്‍ അതു മത്സരത്തെ ബാധിക്കണം. ആ സമയത്ത് കളത്തിലിറങ്ങിയ താരങ്ങള്‍ കാരണം എന്തു ഫലമാണ് മത്സരത്തിലുണ്ടായത്? മത്സരശേഷം ഫ്രഞ്ച് താരങ്ങള്‍ ഞങ്ങളോട് നന്ദി പറഞ്ഞിരുന്നു. ഞങ്ങള്‍ മികച്ച റഫറിമാരാണെന്ന് എംബാപ്പെ അഭിനന്ദിക്കുകയും ചെയ്തു. റഫറീയിങ്ങില്‍ അവര്‍ സംതൃപ്തരായിരുന്നു. താരങ്ങള്‍ പറയുന്നതിലാണ് കാര്യം.''എന്നായിരുന്നു ഷിമോന്‍ മാഴ്‌സിനിയാകിന്റെ പ്രതികരണം.
അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം മാറ്റിനടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വെബ്‌സൈറ്റ് 'മെസ്ഒപീനിയന്‍സ്' ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. രണ്ടു ലക്ഷത്തിലേറെ പേരാണ് ഒപ്പുരേഖപ്പെടുത്തിയത്. പെനാല്‍റ്റി അടക്കം റഫറിയുടെ ഭാഗത്തുനിന്നുണ്ടായ നിരവധി വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."