HOME
DETAILS
MAL
മധ്യപ്രദേശില്‍ വി.എച്ച്.പി ഭീഷണി ; ക്രൈസ്തവ പള്ളികള്‍ പൊളിക്കും
backup
September 26 2021 | 04:09 AM
രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി ബിഷപ്പുമാര്‍
പൊലിസും ഭരണകൂടവും ക്രൈസ്തവരെ വേട്ടയാടുന്നു
ഭോപ്പാല്‍: ഞായറാഴ്ച പള്ളികള്‍ പൊളിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി ബിഷപ്പുമാര്‍. ജാബുവ ജില്ലയിലെ പള്ളികളാണ് ഞായറാഴ്ച തകര്‍ക്കുമെന്ന് വി.എച്ച്.പി ഭീഷണി മുഴക്കിയത്.
വിഷയത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടിയന്തരമായി ഇടപെടണമെന്ന് പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ച് സഹായ മെത്രാന്‍ പോള്‍ മുനിയ അഭ്യര്‍ഥിച്ചു. ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നിവേദനവും അയച്ചു. പ്രാദേശിക ഭരണകൂടം ക്രൈസ്തവരെ വേട്ടയാടുകയാണെന്ന് ബിഷപ്പ് മുനിയ പറഞ്ഞു.
10 ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് നാലു ശതമാനമാണ് ക്രൈസ്തവര്‍. നിയമവിരുദ്ധ നിര്‍മാണങ്ങളുണ്ടെങ്കില്‍ അധികൃതര്‍ക്ക് നടപടിയെടുക്കാം.
എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ എന്തിനാണ് ഭീഷണിയെന്നും മറ്റു സമുദായങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് നേരേ ഇത്തരം നപടിയുണ്ടോയെന്നും ബിഷപ്പ് ചോദിച്ചു. ഈ മാസം 13 ന് റവന്യൂ വകുപ്പ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ വിശദാംശങ്ങളും പുരോഹിതരുടെ യോഗ്യത, മതപരിവര്‍ത്തനം സംബന്ധിച്ച വിവരങ്ങളും തേടിയിരുന്നു. പൊലിസും റവന്യൂ വകുപ്പും ക്രൈസ്തവരെ പീഡിപ്പിക്കുകയാണെന്ന് ഭോപ്പാല്‍ രൂപത പി.ആര്‍.ഒ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ജാബുവയിലെ സ്ഥിതി ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ ശ്രദ്ധ പതിയണമെന്നും യു.സി.എഫ് പ്രസിഡന്റ് മൈക്കിള്‍ വില്യംസ് പറഞ്ഞു.
മതേതര മൂല്യമുള്ള രാജ്യത്ത് സംഘപരിവാര്‍ അശാന്തി സൃഷ്ടിക്കുകയാണെന്നും ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ദേശദ്രോഹികളാണെന്നും വില്യം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."