കരിപ്പൂരിൽ ഭൂമി ഏറ്റെടുക്കൽ: ആദ്യം വേണ്ടത് നഷ്ടപരിഹാരം
കരിപ്പൂർ റൺവേയുടെ രണ്ടറ്റത്തും ഭൂമി ഏറ്റെടുത്തു മണ്ണിട്ട് നികത്തി സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റിയെ ഏൽപ്പിക്കുന്നില്ലെങ്കിൽ റൺവേയുടെ നീളം കുറച്ച് റെസക്ക് വേണ്ട സ്ഥലം കണ്ടെത്തേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി വി.കെ സിങ് ദിവസങ്ങൾക്ക് മുമ്പ് ലോക്‌സഭയിൽ പറഞ്ഞിരുന്നു. റൺവേയുടെ നീളം കുറയ്ക്കാതെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമിക്കുന്നതുമായി ബന്ധപ്പെട്ട് അബ്ദുസമദ് സമദാനി ഉന്നയിച്ച ചോദ്യത്തിനു ഉത്തരമായാണ് മന്ത്രി ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ മറുപടി നൽകിയത്.
വിമാനത്താവളം ഇല്ലാതാകുമെന്ന സൂചന നൽകി കൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ ലോക്‌സഭയിലെ പ്രഖ്യാപനത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. 2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തെത്തുടർന്നാണ് റെസയുടെ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്ന നിലപാട് അതോറിറ്റി സ്വീകരിച്ചത്. അപകടം ഉണ്ടാക്കിയത് വലിയ വിമാനമായിരുന്നില്ല. എന്നിട്ടും വലിയ വിമാനങ്ങൾക്കാണ് വിലക്ക് വീണത്.
കേന്ദ്രമന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടിയനുസരിച്ച് കാര്യങ്ങൾ നീങ്ങിയിരുന്നെങ്കിൽ റൺവേയുടെ നീളം കുറച്ച് റെസക്ക് വേണ്ടിയുള്ള സ്ഥലം അതോറിറ്റി കണ്ടെത്തുമായിരുന്നു. അതോടുകൂടി വലിയ വിമാനങ്ങൾ എന്നും കരിപ്പൂരിന് അന്യമാവുകയും ചെയ്യുമായിരുന്നു. ഈ അപകടം മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. റെസയുടെ നീളം കൂട്ടാൻ 14.5 ഏക്കർ ഭൂമിയാണ് അതോറിറ്റി സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടത്. നേരത്തെ ആവശ്യപ്പെട്ടിരുന്നത് 136 ഏക്കർ ആയിരുന്നു. അത് പിന്നീട് 400 ഏക്കർ വരെ ഉയർന്നു. ജനങ്ങളിൽ നിന്നുണ്ടായ കനത്തെ പ്രതിഷേധത്തെ തുടർന്ന് 96 ഏക്കറിൽ അതോറിറ്റി അവരുടെ ആവശ്യം പരിമിതപ്പെടുത്തി. എന്നാൽ പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന് വന്നപ്പോൾ അതോറിറ്റി അവരുടെ ആവശ്യം വീണ്ടും പരിമിതപ്പെടുത്തിയിരിക്കുകയാണ്. 14.5 ഏക്കർ മതിയെന്നാണ് അതോറിറ്റിയുടെ ഇപ്പോഴത്തെ നിലപാട്. അതോറിറ്റിയുടെ തീരുമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരും ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അതിർത്തി അടയാളപ്പെടുത്തൽ കഴിഞ്ഞ ദിവസം ആരംഭിക്കുകയുണ്ടായി. അതോടൊപ്പം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.
സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ആശങ്കകൾ പൂർണമായി പരിഹരിച്ചതിന് ശേഷം മാത്രമേ ഭൂമി അടയാളപ്പെടുത്തൽ പാടുള്ളൂ എന്നാണ് സമരസമിതിയും ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികളും പറയുന്നത്. ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കുകയില്ലെന്നും സമരസമിതി നേതാക്കൾ പറയുന്നുണ്ട്. വിമാനത്താവള വികസനത്തിനായി ഭൂമി നേരത്തെ വിട്ട് നൽകിയവർ പിന്നീട് അതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ സർക്കാർ ഓഫിസുകൾ വർഷങ്ങളോളം കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഭൂമിയും വീടും വിട്ട് നൽകിയവർക്ക് സർക്കാർ നഷ്ടപരിഹാരം മുഴുവനും നൽകാത്തതിന്റെ പാഠം കരിപ്പൂരിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മുമ്പിലുണ്ട്. വിഴിഞ്ഞത്ത് വീട് നഷ്ടപ്പെട്ടവരിൽ പലരും സിമന്റ് ഗോഡൗണുകളിലാണ് താമസിക്കുന്നത്. ചിലർ വാടകയ്ക്ക് താമസിക്കുന്നു.
തുച്ഛമായ തുകയായിരുന്നു വാടകയായി സർക്കാർ നൽകിയിരുന്നത്. വീട്ട് വാടക വർധിപ്പിക്കണമെന്നതും വിഴിഞ്ഞം പദ്ധതിക്കെതിരേ സമരം ചെയ്ത നാട്ടുകരുടെ പ്രധാന ആവശ്യമായിരുന്നു. വിഴിഞ്ഞം പദ്ധതികാരണം കിടപ്പാടം നഷ്ടപ്പെട്ടവരുടെ അനുഭവ പാഠമായിരിക്കണം കരിപ്പൂരിൽ നഷ്ടപരിഹാരം മുൻകൂറായി തരാതെ മുമ്പ് ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കുകയില്ലെന്ന നിലപാട് സ്വീകരിക്കാൻ സമരസമിതിയെ നിർബന്ധിച്ചിട്ടുണ്ടാവുക. വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവർ വഴിയാധാരമാകില്ലെന്നും പുനരധിവാസത്തിനാവശ്യമായ മികച്ച നഷ്ടപരിഹാരം നൽകുമെന്നും സ്ഥലത്തെത്തിയ മന്ത്രി വി. അബ്ദുറഹ്മാൻ ഉറപ്പ് നൽകിയിരുന്നു. അത്തരം ഉറപ്പുകൾ പലതും സർക്കാർ ഭാഗത്ത് നിന്നും നേരത്തെ ലംഘിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ വാക്ക് വിശ്വസിച്ച് വികസനത്തിനായി വീടും ഭൂമിയും നൽകിയവർ പെരുവഴിയിലായിട്ടുണ്ട്. കരിപ്പൂർ വിമാനത്താവള വികസനത്തിന് വേണ്ടി ഭൂമി വിട്ട് നൽകുന്നവർ പെരുവഴിയിലാകില്ലെന്ന് മന്ത്രി പറയുമ്പോഴും അതിൽ വിശ്വാസം വരാതെയാണ് പ്രദേശവാസികളും സമരസമിതിയും മതിയായ നഷ്ടപരിഹാരത്തിനും ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ഉയർത്തിയും പ്രതിഷേധത്തിനു ഇറങ്ങിയിട്ടുണ്ടാവുക.
ഏറ്റവും നല്ല രീതിയിൽ വിമാനത്താവളം നിലനിർത്താനാണ് സർക്കാർ ഉദേശിക്കുന്നതെന്നും ആറ് മാസത്തിനകം ഭൂമി ഏറ്റെടുത്ത് റെസയുടെ വികസനം പൂർത്തിയാക്കിയില്ലെങ്കിൽ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെ തന്നെ അതുബാധിക്കുമെന്ന് ഇതുസംബന്ധിച്ച ചർച്ച ചെയ്യാൻ കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞത് ശരിയായിരിക്കാം. റെസക്ക് വേണ്ട സ്ഥലം കിട്ടുന്നില്ലെങ്കിൽ വിമാനത്താവളത്തിന്റെ നിലനിൽപ്പ് അവതാളത്തിലാകാനുള്ള സാധ്യത ഏറെയാണ്.
അതോടൊപ്പം പരിസരവാസികളുടെ നിലനിൽപ്പും ഉറപ്പ് വരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം ഉണ്ടാകുമെന്ന ഉറപ്പ് കിട്ടിയാൽ മാത്രം പരിസര വാസികൾ ശാന്തരായി കൊള്ളണമെന്നില്ല. അത് പ്രാവർത്തികമാകണം. ദേശീയപാത വികസനത്തിനായി ഭൂമി നഷ്ടപ്പെടാൻ സാധ്യതയുള്ളവർക്ക് മുൻകൂറായി നഷ്ട പരിഹാരം സർക്കാർ നൽകിയിട്ടുണ്ടല്ലൊ. അത് പോലെ കൊച്ചി മെട്രോക്ക് വേണ്ടി വ്യാപാര സ്ഥാപനങ്ങളും ഭൂമിയും വിട്ടു കൊടുക്കേണ്ടി വന്നവർക്കും മുൻകൂറായി സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ആ മാതൃക കരിപ്പൂരിലും തുടരണം. വിഴിഞ്ഞത്തു ഇരകൾക്കുണ്ടായ അനുഭവം കരിപ്പൂരിൽ ആ വർത്തിക്കാൻ പാടില്ല.
ഭൂമി ഏറ്റെടുക്കുന്നതിനു സർക്കാർ 74 കോടി അനുവദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വിപണി വിലയുടെ ഇരട്ടിത്തുക ഭൂമി നഷ്ടപ്പെടുന്നവർക്ക് നൽകുമെന്ന് സർക്കാർ പറയുന്നു. നഷ്ടപ്പെടുന്ന കെട്ടിടങ്ങൾക്ക് കെട്ടിട തുകയുടെ ഇരട്ടി നൽകുമെന്ന് പറയുന്നുണ്ട്. മോഹിപ്പിക്കുന്നതാണ് വാഗ്ദാനങ്ങളെല്ലാം. പക്ഷെ അത് പ്രാവർത്തികമാക്കണം. സർക്കാരിന്റെ വാക്കിൽ വിശ്വസിച്ച് പ്രദേശവാസികൾ ഭൂമിയും വീടുകളും വിട്ട് നൽകിയിട്ട് പെരുവഴിയിലാകുന്ന അവസ്ഥ ഉണ്ടാകരുത്.
കരിപ്പൂരിലെ പ്രദേശ വാസികൾ മന്ത്രിയുടെ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ഭൂമിയും വീടുകളും മുൻകൂറായി വിട്ടുകൊടുക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കരുത്. മന്ത്രി പറയുന്ന വിപണിവിലയുടെ ഇരട്ടി ആദ്യം നൽകുക. പിന്നീട് ഭൂമിയും വിടും ഏറ്റെടുക്കുക. ദേശീയപാതാ വികസനത്തിലും മെട്രോ റെയിൽ പദ്ധതിക്കും അങ്ങിനെ പറ്റുമെങ്കിൽ കരിപ്പൂരിലും അത് പറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."