HOME
DETAILS
MAL
രണ്ടുദിവസത്തെ ആശങ്കകള്‍ക്ക് വിരാമം ; ബ്രഹ്മോസ് എയ്‌റോസ്‌പേസ് സെന്ററില്‍ വന്നത് അജ്ഞാതനല്ല, ട്രെയിനി !
backup
September 26 2021 | 04:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചാക്കയിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് സെന്ററില്‍ കണ്ട അജ്ഞാതന്‍ സ്ഥാപനത്തിലെ ട്രെയിനി ജീവനക്കാരനെന്ന് പൊലിസ്.
ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വന്ന ട്രെയിനി ജീവനക്കാരനെ അജ്ഞാതന്‍ എന്നു തെറ്റിദ്ധരിച്ചതാണ് സംശയങ്ങള്‍ക്കിടയാക്കിയത്. പേട്ട പൊലിസ് കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ദുരൂഹത ഉയര്‍ത്തിയ അജ്ഞാതന്റെ ചുരുളഴിഞ്ഞത്. പ്രതിരോധവകുപ്പിന് കീഴിലെ മിസൈല്‍നിര്‍മാണ കേന്ദ്രമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് സെന്ററില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അജ്ഞാതനെ കണ്ടെന്ന പരാതി ഉയര്‍ന്നത്. ബ്രഹ്മോസ് ഉദ്യോഗസ്ഥരുടെയും ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരുടെയും യോഗം നടക്കുന്നതിനിടെ യോഗം നടന്ന കെട്ടിടത്തിനു പുറത്ത് അപരിചിതനായ ആള്‍ ബാഗുമായി നില്‍ക്കുന്നതായി കണ്ടുവെന്നായിരുന്നു ബ്രഹ്മോസ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ അധികൃതര്‍ പരാതിയില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ സുരക്ഷാ പരിശോധനയില്‍ പ്രധാന കവാടത്തില്‍ കൂടിയല്ലാതെ ആര്‍ക്കും സെന്ററിനകത്ത് പ്രവേശിക്കാനാകില്ലെന്ന് ഉറപ്പിച്ചു. പിന്നീട് ഇവിടേക്ക് വരികയും പോവുകയും ചെയ്ത മുഴുവന്‍ പേരുടെയും ലിസ്റ്റ് എടുത്ത് നടത്തിയ പരിശോധനയിലാണ് അടുത്തിടെ പ്രവേശനം നേടിയ ട്രെയിനി ജീവനക്കാരന്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ എത്തിയതാണെന്ന് കണ്ടെത്തിയത്. പുതിയ ജീവനക്കാരന്‍ ആയതിനാല്‍ ആര്‍ക്കും മുഖപരിചയവും ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."