'പുറത്തു വന്നത് ബിഷപ്പിന്റെ വികൃത ചിന്ത'; വിദ്വേഷ പ്രസംഗത്തിനെതിരെ പി. ചിദംബരം
ന്യൂഡല്‍ഹി: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ബിഷപ്പിന്റെ വികൃത ചിന്തയാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നത്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമര്‍ശം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു.
നാര്‍കോട്ടിക് ജിഹാദില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഗുജറാത്തില്‍ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണമെന്ന് പി.ചിദംബരം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ Mischievous and Fake Crusades എന്ന ലേഖനത്തിലാണ് ചിദംബരം ബിഷപ്പിനെതിരെ ആഞ്ഞടിച്ചത്. വലതുപക്ഷ ഹിന്ദു സംഘടനകള്‍ ബിഷപ്പിനു പിന്തുണയുമായി രംഗത്ത് വന്നതില്‍ അത്ഭുതമില്ല. ഇരുകൂട്ടരും മുസ്‌ലിം എന്ന 'അപരനെ' യാണ് ലക്ഷ്യം വെക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
''തീവ്ര ഹിന്ദു വിഭാഗങ്ങള്‍ കണ്ടുപിടിച്ച ലവ് ജിഹാദിന് ശേഷം നാര്‍കോട്ടിക് ജിഹാദെന്ന പേരില്‍ പുതിയ ഭീകരസ്വത്വം ഇറങ്ങിയിരിക്കുകയാണ്. ഇത് ഞാനടക്കമുള്ള ഇന്ത്യയിലെ ലക്ഷക്കണക്കിന് പേരെ വേദനിപ്പിക്കുന്നതാണ്. പാലയിലെ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടാണ് ഇതിന്റെ ഉപജ്ഞാതാവ്. പ്രണയവും നാര്‍കോട്ടികും യഥാര്‍ത്ഥമാണ്. പക്ഷേ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണ്. മുസ്‌ലിംകളേയും അല്ലാത്തവരേയും തെറ്റിക്കാനുള്ള പദ്ധതിയാണിത്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ബിഷപ്പിനെ പിന്തുണക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ഹിന്ദുത്വഗ്രുപ്പുകള്‍ എങ്ങനെയാണ് ക്രിസ്ത്യാനികളെ പരിഗണിച്ചത് എന്നത് കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്'- ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
ശരിക്കൊപ്പം നില്‍ക്കുന്നതും തെറ്റിനെതിരെ പോരാടുന്നതുമാണ് ജിഹാദ്. ആധുനിക കാലത്താണ് ഇത് ഹിംസാത്മക പ്രവര്‍ത്തനങ്ങളുടെ പര്യായമായത്. ഇന്ത്യയില്‍ ഇസ്‌ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് ഇന്നേവരെ ഒരു തെളിവും ഇല്ല. ബിഷപ്പിന്റെ കലാപാഹ്വാനത്തിനെതിരെ പ്രതികരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും പ്രശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാര്‍കോട്ടിക് ജിഹാദിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഗുജറാത്തില്‍ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണം. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്രയും വലിയ അളവില്‍ മയക്കുമരുന്ന് ഇറക്കാന്‍ കഴിയില്ലെന്ന് തനിക്ക് പറയാനാകുമെന്നും അദ്ദേഹം തുറന്നടിച്ചു. ഇതില്‍ പിടികൂടിയ ദമ്പതികള്‍ മുസ്‌ലിംകളല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജിഹാദിനെക്കുറിച്ചുള്ള സംസാരം നിര്‍ത്തി 3000 കോടിയുടെ ഹെറോയിനെക്കുറിച്ച് സംസാരിക്കണം. ഇതില്‍ ആഭ്യന്തര സുരക്ഷയെ തകര്‍ക്കുന്നതും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാവുന്നതുമായ വിഷയങ്ങളുണ്ടെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."