പിഴുതെടുക്കണം ഈ 'പുഴുപ്പല്ലു'കൾ
സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ നിരയൊത്ത പല്ലുകള്‍ വേണമെന്ന പി.എസ്.സിയുടെ മാനദണ്ഡം, 'പുരപ്പുറത്തു കയറിനിന്ന്' പുരോഗമനം കൂവുന്ന മലയാളിമനസ്സിനു നേരെയുള്ള കൊഞ്ഞനംകുത്തലാണ്. പല്ല് അല്‍പം മുന്നിലേക്ക് തള്ളിയെന്നതിന്റെ പേരിലാണ് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലിയില്‍ നിന്ന് അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ആനവായ് ഊരിലെ മുത്തു എന്ന ആദിവാസി യുവാവ് പുറത്താക്കപ്പെട്ടത്.
നിയമന നടപടികളുടെ അവസാനഘട്ടത്തില്‍ അഭിമുഖത്തിന് ശേഷമാണ് യുവാവിനെ പി.എസ്.സി അയോഗ്യനാക്കിയത്. യൂനിഫോം തസ്തികകളിലേക്കുള്ള യോഗ്യതകളെയും അയോഗ്യതകളെയും കുറിച്ച് സ്‌പെഷല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് നിരാലംബനായ ആദിവാസി യുവാവിന് തൊഴില്‍നിഷേധിച്ചതിന് പി.എസ്.സി നിരത്തുന്ന ന്യായം. മുട്ടുതട്ടല്‍, പരന്നപാദം, ഞരമ്പുവീക്കം, വൈകല്യമുള്ള കൈകാലുകള്‍, കോമ്പല്ല്, ഉന്തിയ പല്ല്, വിക്ക്, കേള്‍വിക്കുറവ് എന്നിവയെല്ലാമാണ് പി.എസ്.സിയുടെ അയോഗ്യതാ ലിസ്റ്റില്‍ പെടുന്നത്.
കേള്‍വിക്കുറവും വൈകല്യമുള്ള കൈകാലുകളുമൊക്കെ കായികക്ഷമത ആവശ്യമുള്ള, യൂനിഫോം തസ്തികകളില്‍ പരിഗണിക്കേണ്ടതില്ലെങ്കിലും മുന്‍വരിപ്പല്ല് ഒരല്‍പം മുന്നോട്ടുതള്ളുന്നത് എങ്ങനെയാണ് അയോഗ്യതയാവുക! ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പൊലിസ് സേനയില്‍ ഇത്തരം മാനദണ്ഡങ്ങള്‍ ബാധകമാക്കാമെങ്കിലും വനംവകുപ്പിലെ, താരതമ്യേന ചെറിയ തസ്തികയായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്കും ഈ നിബന്ധനകള്‍ കര്‍ശനമാക്കണോ എന്നത് ഗൗരവമേറിയ ചോദ്യമാണ്. ബാല്യത്തില്‍ സംഭവിച്ച വീഴ്ചയിലാണ് മുത്തുവിന്റെ മുന്‍വരിപ്പല്ലിന് തകരാര്‍ സംഭവിക്കുന്നത്. ഫിക്‌സഡ് ഓര്‍ത്തോഡോണ്ടിക് ചികിത്സ ഉള്‍പ്പെടെയുള്ള പരിചരണങ്ങള്‍ കൃത്യസമയത്ത് ലഭിച്ചിരുന്നെങ്കില്‍ മുത്തുവിനും മറ്റു കുട്ടികളെപ്പോലെ നിരയൊത്ത പല്ലുമായി വളരാമായിരുന്നു. അന്നന്നത്തെ അന്നത്തിന് കഷ്ടപ്പെടുന്ന ആദിവാസി ഊരുകളില്‍ ഇത്തരം ചികിത്സകളെക്കുറിച്ച് ആര് ചിന്തിക്കാന്‍.
മുത്തുവിന്റെ തൊഴില്‍നിഷേധം ഉയര്‍ത്തുന്ന കുറേ ചോദ്യങ്ങളുണ്ട്. മുന്‍വരിപ്പല്ലിന്റെ അസന്തുലിതാവസ്ഥയില്‍ മാത്രം ഒതുങ്ങുന്നതല്ല അവ. കാലങ്ങളായി നമ്മുടെയൊക്കെ ഉള്ളില്‍ ഉറഞ്ഞുകൂടിയ വംശീയതയും വര്‍ണവെറിയുമായൊക്കെ അതിന് ഇഴപിരിയാത്ത ബന്ധവുമുണ്ട്. ഇരുണ്ട നിറക്കാരനോട് വെളുത്തവന് തോന്നുന്ന തീണ്ടായ്മ തന്നെയാണ് മുഖശ്രീയുണ്ടെന്ന് ധരിച്ചുവശായ ഒരാള്‍ക്ക് പല്ല് അല്‍പം ഉന്തിയവനോട് തോന്നുന്നതും. അത്തരം ധാരണകളെ സ്ഥാപനവല്‍ക്കരിക്കുകയാണ് പി.എസ്.സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍. കറുപ്പ് എന്നത് ഒരു പ്രത്യേക ജാതിയെ സൂചിപ്പിക്കുന്ന നിറവും വെളുപ്പ് കുലീനവുമാകുന്നതിലെ പ്രത്യയശാസ്ത്രം തന്നെയാണോ പി.എസ്.സിയെ പോലുള്ള ഒരു സ്വയംഭരണ സ്ഥാപനത്തെ ഭരിക്കുന്നത്? വെളുത്ത നിറമുള്ളവരോട് 'നീയങ്ങു കറുത്തുപോയല്ലോ' എന്ന പരിഹാസം തന്നെയാണ് മുന്‍വരിപ്പല്ല് ഉന്തിനില്‍ക്കുന്നല്ലോ എന്ന തീര്‍പ്പിലുമുള്ളത്. ആധുനികരെന്ന് നാഴികയ്ക്കു നാല്‍പ്പതുവട്ടം പറയുമ്പോഴും നിറത്തേയും സൗന്ദര്യത്തെയും കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ ഇക്കാലത്തും അത്രമേല്‍ പ്രതിലോമകരമാണ്.
അതുകൊണ്ടാണ് തൊഴില്‍തേടി ഇന്നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളി നമുക്ക് 'അണ്ണാച്ചി'യും 'ബംഗാളി'യുമൊക്കെയാവുന്നത്. ഈയൊരു വിവേചനം തന്നെയാണ് ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളിലും അനസ്യൂതം തുടരുന്നതും. കഠിനപ്രയത്‌നം കൊണ്ട് ഉന്നത പദവിയിലെത്തിയ ഏതെങ്കിലും ഒരു ദലിതന്‍ സ്ഥലംമാറിപ്പോകുമ്പോള്‍ ചാണകവെള്ളം തളിച്ച് ഇരിപ്പിടം 'ശുദ്ധി'യാക്കുന്ന മാനസികാവസ്ഥയില്‍നിന്ന് നമ്മുടെ സര്‍ക്കാര്‍ ഓഫിസുകള്‍ മുക്തമാകാത്തിടത്തോളം കാലം മുത്തുവിനെ പോലുള്ള ആദിവാസി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ലാവണത്തിനു പുറത്തുതന്നെ ഇരിപ്പിടം.
വനാതിര്‍ത്തികളില്‍ കഴിയുന്ന ആദിവാസികള്‍ക്കായി 2017ല്‍ ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്താണ് പി.എസ്.സി വഴി നിയമനം നല്‍കിത്തുടങ്ങിയത്. എഴുത്തുപരീക്ഷയ്ക്കുപരി ശാരീരികക്ഷമതയും മെഡിക്കല്‍ പരിശോധനയും നടത്തിയായിരുന്നു നിയമനം. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളില്‍ കഴിയുന്ന ഇരുന്നൂറോളം പട്ടികവര്‍ഗക്കാര്‍ക്ക് പൊലിസ്, എക്‌സൈസ് തസ്തികകളില്‍ നിയമനവും നല്‍കി. അതിന്റെ തുടര്‍ച്ചയായാണ് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് 282 പട്ടികവര്‍ഗ വിഭാഗക്കാരെ നിയമിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളോട് സര്‍ക്കാറിന്റെ കരുണയെന്ന നിലയിലാണ് ഇത്തരം നിയമനങ്ങളെ ഉയര്‍ത്തിക്കാട്ടാറുള്ളത്.
എന്നാല്‍ കാലങ്ങളായി അവഗണനയുടെ അതിരില്‍ മാത്രം ദുരിതജീവിതം നയിക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍പോലും മാറിമാറി ഭരിക്കുന്ന ഭരണകൂടങ്ങള്‍ നല്‍കുന്നില്ലെന്നതാണ് വാസ്തവം. മുത്തുവിന്റെ കാര്യത്തില്‍ നിയമത്തിന്റെ മറപിടിച്ച് തടി രക്ഷിക്കാനായിരുന്നു വനംമന്ത്രിയുടെ തത്രപ്പാട്. പി.എസ്.സി മാനദണ്ഡങ്ങളുടെ നൂലാമാലകളെക്കുറിച്ച് വലിയവായില്‍ സംസാരിക്കാനും അദ്ദേഹത്തിന് മടിയില്ല. എന്നാല്‍ നിയമങ്ങളും മാനദണ്ഡങ്ങളും മറികടന്ന് സ്വന്തക്കാരെയും പാര്‍ട്ടി അണികളെയും എവിടെയെല്ലാം തിരുകിക്കയറ്റിയിട്ടുണ്ടെന്ന് ഈ ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
മുത്തുവിനെ പുറത്താക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലടക്കം ഇത്തരം വഴിവിട്ട നിയമനങ്ങള്‍ നടക്കുന്നുണ്ട്. വയനാട്ടില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷയുടെ ആദ്യ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാത്ത 18 പേരെ കായികക്ഷമതാ പരീക്ഷയുടെ ലിസ്റ്റില്‍ തിരുകിക്കയറ്റിയതും വളഞ്ഞവഴിയിലൂടെ തന്നെ. പാര്‍ട്ടി ബന്ധമുള്ളവരാണ് ഇങ്ങനെ ചുരുക്കപ്പട്ടികയില്‍ വലിഞ്ഞുകയറിയതെന്നാണ് ജില്ലാ പി.എസ്.സി ഓഫിസര്‍ക്ക് മറ്റ് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയിലുള്ളത്. അവിടെയൊന്നും പാലിക്കപ്പെടാത്ത മാനദണ്ഡം ആനവായ് ഊരിലെ കുറുമ്പര്‍ വിഭാഗത്തില്‍പെട്ട വെള്ളിയുടെ മകന്‍ മുത്തുവിന് മാത്രം ബാധകമാകുന്നതെങ്ങനെയാണ്?
ഉന്തിയ പല്ലുള്ളവര്‍ക്ക് യൂനിഫോം തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ നിലവിലെ നിയമന ചട്ടങ്ങളില്‍ (സ്‌പെഷല്‍ റൂള്‍സ്) ഭേദഗതി വരുത്തുകയേ വഴിയുള്ളൂ. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് പി.എസ്.സി വൃത്തങ്ങള്‍ പറയുന്നത്. അപ്പോള്‍ പിന്നെ ചട്ടങ്ങളില്‍ കാലാനുസൃത ഭേദഗതി വരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനു തന്നെ. പ്രതിലോമകരവും മനുഷ്യവിരുദ്ധവുമായ ഇത്തരം മാനദണ്ഡങ്ങള്‍ പി.എസ്.സിയുമായി കൂടിയാലോചിച്ച് പൊളിച്ചെഴുതാന്‍, പുട്ടിനു പീരപോലെ 'പുരോഗമനം' പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍കൈയെടുത്തേ മതിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."