കര്‍ഷക സമരജ്വാല അണയാതെ സൂക്ഷിക്കാം
കേന്ദ്രസര്‍ക്കാരിന്റെ മൂന്നു കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ആരംഭിച്ച സമരം വര്‍ധിതവീര്യത്തോടെ ഇന്നു മുതല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി ആചരിക്കുന്ന ഒരു ഹര്‍ത്താലായിരിക്കും ഇന്നത്തേത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ കര്‍ഷകര്‍ ആരംഭിച്ച സമരം ജനഹൃദയങ്ങളെ ഏറെ സ്വാധീനിച്ചു. അതുതന്നെയായിരിക്കാം പോരാട്ടവീര്യം ചോരാത്ത ഈ സമരത്തിന്റെ മുന്നോട്ടുള്ള ചുവടുവയ്പ്പുകളുടെ രഹസ്യവും. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പത്തു മാസം മുമ്പാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പങ്കാളിത്തത്തോടെ ആരംഭിച്ച കര്‍ഷക സമരത്തെ പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ പല തന്ത്രങ്ങളും പ്രയോഗിച്ചുവെങ്കിലും, കര്‍ഷകരുടെ ക്ഷമാപൂര്‍വമായ ചെറുത്തുനില്‍പ്പുകള്‍ക്കു മുമ്പില്‍ അവയെല്ലാം പരാജയപ്പെട്ടു.
ആദ്യം സര്‍ക്കാര്‍ സമരത്തെ അവഗണിച്ചു. പിന്നീട് മന്ത്രിമാരെ അയച്ച് ചര്‍ച്ചാ പ്രഹസനങ്ങള്‍ നടത്തി. നിരന്തരമായ ചര്‍ച്ചകളില്‍ മനംമടുത്ത് കര്‍ഷകര്‍ സര്‍ക്കാര്‍ തിട്ടൂരങ്ങള്‍ക്കു വഴങ്ങിക്കൊള്ളുമെന്ന ഗൂഢതന്ത്രവും കര്‍ഷകര്‍ പരാജയപ്പെടുത്തി. സമരം മൂന്നാം ഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി ഇന്നലെ പാനിപത്തില്‍ വമ്പിച്ച കിസാന്‍ മോര്‍ച്ചാ റാലിയാണ് നടന്നത്. പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് ഏറെയും സമരമുഖത്തുള്ളത്. യു.പിയടക്കം ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കാന്‍ പോകുകയാണ്. സമരത്തിന്റെ ഭാഗമായി ഇവിടങ്ങളിലെല്ലാം ബി.ജെ.പിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇതവര്‍ക്കു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.
ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ തമ്പടിച്ച സമരഭൂമിയില്‍ അനുദിനം സമരം ശക്തിയാര്‍ജിക്കുന്നതും സര്‍ക്കാരിന് അവഗണിക്കാനാകില്ല. ഭാരത് കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്തു ഗാസിപൂരിലെ കര്‍ഷക സമരത്തെ നിര്‍വീര്യമാക്കാമെന്നു കരുതിയ സര്‍ക്കാരിന്റെ കണക്കുകൂട്ടലും പിഴച്ചു. അറസ്റ്റോടെ കര്‍ഷകരുടെ സമരവീര്യം വര്‍ധിക്കുകയായിരുന്നു. ഹരിയാനയില്‍ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവും പരാജയപ്പെട്ടു.
കര്‍ഷകരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഈ സമരമെന്ന ഇന്ത്യന്‍ ജനതയുടെ തിരിച്ചറിവാണ് സമരത്തെ ഇപ്പോഴും സജീവമാക്കുന്നത്. സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കര്‍ഷകരെ മാത്രമല്ല ബാധിക്കുന്നത്. ആത്യന്തികമായി സാധാരണ ജനങ്ങളുടെ ജീവിതത്തെ, നമ്മുടെ ഭക്ഷ്യസുരക്ഷയെ, രാജ്യത്തിന്റെ ഭാവിയെത്തെന്നെ ഈ നിയമങ്ങള്‍ ബാധിക്കും. ഏതാനും ചില കുത്തക കമ്പനികള്‍ക്കു കര്‍ഷകരുടെ ഭൂമി നല്‍കാനുള്ള തീരുമാനമാണ് മൂന്നു കാര്‍ഷിക ബില്ലുകള്‍ നിയമമായതിന്റെ പിന്നിലുള്ളത്.
രാജ്യത്തെ കാര്‍ഷികോല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റ് പരമാവധി പണം വാരാനുള്ള കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് മൂന്നു കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പാസാക്കിയത്. കോര്‍പറേറ്റുകളുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദമാണ് ഇത്തരമൊരു നിയമത്തിന്റെ പിന്നിലുള്ളത്. കേന്ദ്രസര്‍ക്കാരിനു കോര്‍പറേറ്റുകളെ പിണക്കാന്‍ പറ്റില്ലല്ലോ. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവുമധികം ആസ്തിയുള്ള പാര്‍ട്ടിയായി ബി.ജെ.പിക്കു വളരാന്‍ കഴിഞ്ഞത് കോര്‍പറേറ്റുകളുടെ കരുണാകടാക്ഷത്തിലല്ലെങ്കില്‍ ഏഴു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഇത്രമാത്രം ആസ്തിയുണ്ടാകാനുള്ള കാരണം മറ്റെന്താണ്?. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ കോര്‍പറേറ്റ് താല്‍പര്യ സംരക്ഷണാര്‍ഥമാണ് ഭരിക്കുന്നതെന്നു പറയപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യ ഭരണവ്യവസ്ഥ പല വഴികളിലൂടെ അട്ടിമറിക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഹിന്ദുത്വ ഭരണം സ്ഥാപിക്കാന്‍ വേണ്ടി മാത്രമല്ല. യാതൊരു തടസവുമില്ലാതെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസൃതമായി ഭരിക്കാനുംകൂടിയാണ്. ഇതു മറ്റാരെക്കാളും ഇന്ത്യന്‍ കര്‍ഷകരാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. സമരത്തിന്റെ തളരാത്ത പോരാട്ടവീര്യത്തിന്റെ രഹസ്യവും അതുതന്നെ.
മിച്ച ഉല്‍പാദനമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നതു കോര്‍പറേറ്റുകള്‍ക്കു വേണ്ടി പടച്ചുവിട്ട നുണയാണ്. മിച്ച ഉല്‍പാദന രാഷ്ട്രമാണ് ഇന്ത്യയെങ്കില്‍ എന്തുകൊണ്ടാണ് ആഗോള വിശപ്പുസൂചികയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശന്നിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നത്?. 107ല്‍ 94ാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്ന യഥാര്‍ഥ്യം ഇന്ത്യയുടെ വിശപ്പിന്റെ ദയനീയ മുഖമാണ് ലോകത്തിനു മുമ്പില്‍ വരച്ചുകാട്ടുന്നത്. ഇന്ത്യയില്‍ മിച്ചമുണ്ടെങ്കില്‍ അതു കര്‍ഷകന്റെ വിയര്‍പ്പ് മാത്രമാണ്. മിച്ചധാന്യം ഉണ്ടെങ്കില്‍ അതു വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ വയറിലേക്കാണ് പോകേണ്ടത്. കോര്‍പറേറ്റ് മുതലാളിയുടെ പണപ്പെട്ടിയിലേക്കല്ല.
ഇതുകൊണ്ടാക്കെയാണ് ഈ സമരം കര്‍ഷകരെ മാത്രം ബാധിക്കുന്നതല്ലെന്നു പറയുന്നത്. ഇന്ത്യയിലെ മൊത്തം ദരിദ്ര ജനകോടികളെ ബാധിക്കുന്നതാണ് ഈ മൂന്നു നിയമങ്ങളും. അതിനാല്‍തന്നെ ഈ സമരം തോല്‍ക്കാനുള്ളതുമല്ല. പരാജയപ്പെട്ടാല്‍ രാജത്തെതന്നെ കോര്‍പറേറ്റുകള്‍ക്കു തീറെഴുതിക്കൊടുക്കുകയായിരിക്കും ഫലം. പത്തു മാസമല്ല, പത്തു വര്‍ഷം നീണ്ടുനിന്നാലും ഈ സമരജ്വാല അണയാതെ സൂക്ഷിക്കേണ്ട ബാധ്യത ഇന്ത്യയിലെ സാധാരണ ജനങ്ങളുടേതുകൂടിയാണ്. അത്തരമൊരു തീരുമാനത്തിനു കരുത്തുപകരുന്നതാകട്ടെ സമരത്തിന്റെ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായുള്ള ഇന്നത്തെ ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."