റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളുടെ കൂട്ടക്കൊല ; മാപ്പിരന്ന് കാനഡയിലെ കത്തോലിക്കാ സഭ
ഒട്ടാവ: തദ്ദേശീയ ഗോത്രവിഭാഗങ്ങളില്‍പെട്ട കുട്ടികളുടെ വംശഹത്യയിലും കുട്ടികള്‍ക്കെതിരേ നടന്ന കൊടിയ പീഡനങ്ങളിലും മാപ്പ് ചോദിച്ച് കാനഡയിലെ കത്തോലിക്കാ സഭ.
19, 20 നൂറ്റാണ്ടുകളില്‍ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ള കുട്ടികളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുവന്ന് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിച്ച് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും കൂട്ടമായി കൊന്നുകുഴിച്ചുമൂടുകയും ചെയ്ത സംഭവത്തിലാണ് കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടന വാര്‍ത്താകുറിപ്പിലൂടെ പരസ്യമായി മാപ്പുപറഞ്ഞത്. ഈ സംഭവത്തില്‍ ഇതാദ്യമായാണ് സഭ മാപ്പുപറയുന്നത്.
1831നും 1996നും ഇടയിലായിരുന്നു കാനഡയിലെ കുപ്രസിദ്ധമായ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനത്തിനകത്ത് തദ്ദേശീയ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കെതിരേ ക്രൂരമായ പീഡനങ്ങള്‍ നടന്നത്. കുട്ടികളെ രക്ഷിതാക്കളില്‍നിന്ന് പിടിച്ചുകൊണ്ടുവന്ന് സ്‌കൂളുകളിലാക്കി പട്ടിണിക്കിടുകയും മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. സംഭവത്തില്‍ ഗോത്രവിഭാഗങ്ങളോട് മാപ്പുചോദിക്കുന്നതായി കനേഡിയന്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് അറിയിച്ചു.
ഒന്നരലക്ഷം ഗോത്രവിഭാഗ കുട്ടികളെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിച്ചിരുന്നത്. കുട്ടികളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച് മതംമാറ്റുകയും ഗോത്ര ഭാഷ സംസാരിക്കുന്നതിനു വിലയ്‌ക്കേര്‍പ്പെടുത്തുകയും ചെയ്തു. ഗോത്രഭാഷ സംസാരിച്ചാല്‍ കടുത്ത ശിക്ഷയുമുണ്ടായിരുന്നു. മാതാപിതാക്കളുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കുകയും ചെയ്തിരുന്നു.
സ്‌കൂളിനകത്തെ കൊടിയ പീഡനങ്ങളില്‍ 6,000ത്തോളം കുട്ടികള്‍ മരിച്ചതായാണ് കണക്ക്. സംഭവത്തില്‍ 2008ല്‍ കാനഡ സര്‍ക്കാര്‍ മാപ്പുപറഞ്ഞിരുന്നു. 2017ല്‍ വത്തിക്കാനില്‍ നടത്തിയ സന്ദര്‍ശനത്തില്‍ മാര്‍പാപ്പയോട് മാപ്പ് പറയാന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് വ്യക്തിപരമായി ഇക്കാര്യത്തില്‍ പ്രതികരിക്കാനാകില്ലെന്നായിരുന്നു മാര്‍പാപ്പ പിന്നീട് പ്രതികരിച്ചത്.
കഴിഞ്ഞ മേയില്‍ ബ്രിട്ടിഷ് കൊളംബിയയിലെ അടച്ചുപൂട്ടിയ റഡിസന്‍ഷ്യല്‍ സ്‌കൂള്‍ കോംപൗണ്ടില്‍നിന്ന് 250ഓളം കുട്ടികളുടെ കൂട്ടക്കുഴിമാ
ടം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ക്രാന്‍ബ്രൂക്കിലെ സെന്റ് യൂജിന്‍സ് മിഷന്‍ സ്‌കൂളിനു സമീപത്തും 182 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് കത്തോലിക്കാ സഭയ്‌ക്കെതിരേ വീണ്ടും പ്രതിഷേധമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."