എസ്.കെ.എസ്.എസ്.എഫ് സർഗലയത്തിന് നാളെ ദേശമംഗലത്ത് തുടക്കം
തൃശൂർ: മൂന്നുദിവസത്തെ എസ്.കെ.എസ്.എസ്.എഫ് ഇസ് ലാമിക കലാ സാഹിത്യ മത്സരങ്ങൾ 'സർഗലയ'ത്തിന് നാളെ തുടക്കം. 30, 31, ജനുവരി ഒന്ന് തീയതികളിലായി ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിലെ സമർഖന്ദ് നഗരിയിലാണ് പരിപാടി.
കേരളത്തിനുപുറമേ തമിഴ്‌നാട്, നീലഗിരി എന്നിവിടങ്ങളിൽ നിന്നുള്ള ജില്ലാ പ്രതിഭകളും 65 ഇനങ്ങളിലായി മത്സരിക്കും. ജനറൽ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ത്വലബ വിഭാഗത്തിൽ ജൂനിയർ ,സീനിയർ, നിസ് വ എന്നീ ഏഴ് വിഭാഗങ്ങളിലായി 1500ലധികം മത്സരാർഥികൾ മാറ്റുരയ്ക്കും.
ഇന്നലെ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് മുതൽ ദേശമംഗലം വരെ കൊടിമര ജാഥ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ ഫഖ്‌റുദ്ദീൻ തങ്ങൾ നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു.
പരിപാടിയോടനുബന്ധിച്ചുള്ള എക്‌സ്‌പോ ഇന്നലെ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ന് ആത്മീയ മജ്‌ലിസ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻവർ മുഹിയുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നിർവഹിക്കും.
ഗിന്നസ് റെക്കോഡിലേക്ക് പരിഗണിച്ച ഏറ്റവും നീളം കൂടിയ (1014 മീറ്റർ) കൈയെഴുത്ത് ഖുർആന്റെ പ്രദർശനം നാളെ രാവിലെ മുതൽ ജനുവരി ഒന്ന് രാത്രി ഒൻപതു വരെ നടക്കും. സർഗലയത്തിന്റെ ഉദ്ഘാടനം 30ന് വൈകിട്ട് നാലിന് ഹൈദരാബാദ് ഗ്രാൻഡ് മുഫ്തി സയ്യിദ് ളിയാഉദ്ദീൻ അൽ നഖ്ഷബന്ദി നിർവഹിക്കും.
സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. ടി.എൻ പ്രതാപൻ എം.പി മുഖ്യാതിഥിയാകും. ഇശൽ ശിശിരം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാഷീർ അലിശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
കലാ സംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിക്ക് ഈ വർഷം മുതൽ നൽകുന്ന സർഗലയ സാഹിത്യപുരസ്‌കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമർപ്പിക്കും.
വിവിധ സെഷനുകളിൽ സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ് ലിയാർ, കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ മുസ് ലിയാർ പൈകണ്ണിയൂർ, മന്ത്രി കെ.രാധാകൃഷ്ണൻ, അബ്ദുസമദ് സമദാനി എം.പി, നജീബ് കാന്തപുരം എം.എൽ.എ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി.സുരേന്ദ്രൻ, ബാലചന്ദ്രൻ വടക്കേടത്ത്, സത്താർ പന്തലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണംന്തളി, ഹബീബ് ഫൈസി കൊട്ടോപാടം, ടി.എസ് മമ്മി സംബന്ധിക്കും.
റഷിദ് ഫൈസി വെള്ളായിക്കോട്, അനീസ് ഫൈസി മാവണ്ടിയൂർ, ഷഹീർ ദേശമംഗലം, സുലൈമാൻ ഉഗ്രപുരം, ഹബീബ് വാഫി വരവൂർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."