വഖ്ഫ് ബോര്‍ഡില്‍ മന്ത്രിയുടെ അധികാര ദുര്‍വിനിയോഗമെന്ന് ആരോപണം
കോഴിക്കോട്: വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതായി ആരോപണം ശക്തമാകുന്നു. വഖ്ഫ് ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തുന്ന ചെയര്‍മാനെതിരെയും അധികാരദുര്‍വിനിയോഗത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിക്കെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രജിസ്‌ട്രേഷന്‍ അദാലത്തും ശില്‍പശാലയും സംഘടിപ്പിക്കാനുള്ള മന്ത്രിയുടെ തീരുമാനവും വിവാദം ക്ഷണിച്ചുവരുത്തി. നാളെ മഞ്ചേരി ടൗണ്‍ ഹാളില്‍ നടക്കുന്ന നൂറുകണക്കിന് പേര്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള അദാലത്തും ശില്‍പാലയും മന്ത്രിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് ആക്ഷേപമുണ്ട്.
150 ഓളം വഖ്ഫ് രജിസ്‌ട്രേഷന്‍ അപേക്ഷ പരിശോധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തയാറായ സമയത്ത് അത് നിര്‍ത്തിവച്ചാണ് അദാലത്ത് നടത്തുന്നത്.
മന്ത്രി നേരിട്ട് നടത്തുന്ന അദാലത്തില്‍വച്ച് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് വരുത്തിത്തീര്‍ക്കാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
മലപ്പുറം ഡിവിഷനല്‍ ഓഫിസില്‍ ഒരു വ്യക്തി നല്‍കിയ 200 അപേക്ഷകള്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതിന്റെ പേരില്‍ അദാലത്തില്‍ വയ്ക്കാതെ മാറ്റിവച്ചിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ട് ഈ അപേക്ഷകള്‍ അദാലത്തിന്റെ പരിഗണനയ്ക്ക് വച്ചിരിക്കുകയാണ്. വഖ്ഫ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി രാഷ്ട്രീയ പ്രേരിതമായി കടലാസ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് രജിസ്‌ട്രേഷന്‍ നല്‍കാന്‍ മന്ത്രിയുടെയും ചെയര്‍മാന്റെയും നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നതായും പരാതിയുണ്ട്. കേന്ദ്ര വഖ്ഫ് നിയമപ്രകാരം വഖ്ഫ് ബോര്‍ഡില്‍ അംഗമാകാന്‍ പോലും അയോഗ്യതയുള്ള മന്ത്രി ഓഫിസില്‍ ഇരുന്നുകൊണ്ട് വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ഹൈജാക്ക് ചെയ്യുകയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. രജിസ്‌ട്രേഷന്‍ അട്ടിമറി നടത്തിയ സര്‍ക്കാര്‍, വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് വഖ്ഫ് സ്ഥാപന പ്രതിനിധികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."