ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്ന ബജ്‌റംഗ്ദള്‍ നേതാവിന്റെ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്ന ബജ്‌റംഗ്ദള്‍ നേതാവിന്റെ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി
അഹ്മദാബാദ്: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ നേതാവ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. തീര്‍ത്തും തെറ്റിദ്ധാരണജനകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് അനിരുദ്ധ പി. മായീ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്നും കുട്ടികൾക്കടക്കം ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഇത് തള്ളിയ ബെഞ്ച് വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങളിൽ പൂജാസമയത്ത് വാദ്യോപകരണങ്ങളും മണിനാദവും മറ്റും പുറത്തുകേൾക്കുന്നതിനെപ്പറ്റി എന്തു പറയുന്നുവെന്നും കോടതി ചോദിച്ചു. ബാങ്കുവിളി നിശ്ചിത ഡെസിബലിൽ കൂടുന്നുവെന്നതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. ഇത്തരം ഹരജികൾ പ്രോത്സാഹിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി.
''ദിവസത്തിൽ വ്യത്യസ്ത സമയങ്ങളിലായി പരമാവധി 10 മിനിറ്റു മാത്രമാണ് ബാങ്കുവിളി നീണ്ടുനിൽക്കുന്നത്. പുലർച്ചെ ബാങ്കുവിളിക്കായി ലൗഡ് സ്പീക്കറിലൂടെ വരുന്ന മനുഷ്യശബ്ദം ജനങ്ങൾക്ക് ഹാനികരമായവിധത്തിൽ ശബ്ദമലിനീകരണമുണ്ടാക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഇത്തരം പൊതുതാൽപര്യ ഹരജികൾ പ്രോത്സാഹിപ്പിക്കില്ല. വർഷങ്ങളായുള്ള വിശ്വാസമാണിത്. അതും അഞ്ചോ പത്തോ മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്നത്. നിങ്ങളുടെ ക്ഷേത്രങ്ങളിൽ പ്രഭാതപൂജക്കായുള്ള വാദ്യശബ്ദങ്ങളും മറ്റും പുലർച്ച മൂന്നു മണിക്ക് തുടങ്ങുന്നില്ലേ. ഇത് ആർക്കും ഒരു ശബ്ദമലിനീകരണവും സൃഷ്ടിക്കുന്നില്ലേ? ഈ ശബ്ദങ്ങൾ ക്ഷേത്രവളപ്പിനുള്ളിൽ ഒതുങ്ങാറുണ്ടെന്നാണോ നിങ്ങൾ വാദിക്കുന്നത്'' ബജ്‌റംഗ്ദൾ നേതാവായ ശക്തിസിങ് സാലയുടെ ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."