കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ 50 വര്‍ഷം
ആദ്യത്തെ കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന് 50 വയസായിരിക്കുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ എന്നും ശോഭയോടെ നില്‍ക്കുന്ന സി. അച്യുതമേനോന്‍ സര്‍ക്കാറില്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ചേര്‍ന്നത് 1971 സെപ്റ്റംബര്‍ 25ന്. കോണ്‍ഗ്രസ് പ്രതിനിധികളായി കെ. കരുണാകരന്‍, കെ.ടി ജോര്‍ജ്, വക്കം പുരുഷോത്തമന്‍, ഡോ. കെ.ജി അടിയോടി, വെള്ള ഈചരന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം എഴുതുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പരസ്പരം ഏറ്റുമുട്ടിയിരുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു മന്ത്രിസഭയില്‍.
നേരത്തെ സി.പി.ഐ മന്ത്രിമാരായിരുന്ന എന്‍.ഇ ബലറാം, പി.കെ രാഘവന്‍, വി.എസ് ശ്രീനിവാസന്‍ എന്നിവര്‍ രാജിവച്ച് പകരം എം.എന്‍ ഗോവിന്ദന്‍ നായരും ടി.വി തോമസും കോണ്‍ഗ്രസ് പ്രതിനിധികളോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി അങ്ങനെ ചരിത്രത്തിലേക്ക്. എല്ലാറ്റിന്റെയും സൂത്രധാരന്‍ കെ. കരുണാകരനും. 1971 -ലെ ദശാസന്ധിക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പിന്നാമ്പുറ കഥകളേറെ. 1957 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കുന്നിടം തൊട്ട്. അന്ന് മുസ്‌ലിംലീഗ് കോണ്‍ഗ്രസിന് തൊട്ടുകൂടാ പാര്‍ട്ടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു ഘട്ടത്തില്‍ മലപ്പുറത്തെത്തിയ ജവഹര്‍ലാല്‍ നെഹ്‌റു ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിരയെന്നാണ്. പക്ഷെ, നിയമസഭയില്‍ ഇ.എം.എസ് സര്‍ക്കാരിനെതിരേ പോരാടാന്‍ കോണ്‍ഗ്രസിന് മുസ്‌ലിംലീഗിന്റെ പിന്തുണ വേണ്ടിവന്നു പി.എസ്.പിയുടെയും. അതൊരു കൂട്ടുകെട്ടായി വളരുകയായിരുന്നു.
ഇ.എം.എസ് സര്‍ക്കാരിനെതിരേ നടന്ന വിമോചന സമരം ഈ മുന്നണിയെ അരക്കിട്ടുറപ്പിച്ചു. കോണ്‍ഗ്രസ്, പി.എസ്.പി, മുസ്‌ലിംലീഗ് എന്നീ മൂന്ന് കക്ഷികള്‍ ചേര്‍ന്ന മുന്നണി. 1960-ലെ തെരഞ്ഞെടുപ്പില്‍ മുന്നണി ജയിച്ചു. സ്വാഭാവികമായും മൂന്നു കക്ഷികളും കൂടി ചേര്‍ന്ന മുന്നണിക്കാണ് ഭരിക്കാന്‍ അര്‍ഹത. പക്ഷെ, ലീഗിനെ മന്ത്രിസഭയില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അറച്ചുനിന്നു. അവസാനത്തെ തീര്‍പ്പ് മുസ്‌ലിംലീഗിന് സ്പീക്കര്‍ സ്ഥാനം. പ്രമുഖ ലീഗ് നേതാവ് കെ.എം സീതിസാഹിബ് സ്പീക്കര്‍. സ്പീക്കര്‍ സ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് സീതിസാഹിബിന് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയേണ്ടി വന്നു. പിന്നെ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് സി.എച്ച് മുഹമ്മദ് കോയ സ്പീക്കര്‍. പക്ഷെ, സ്പീക്കറാകും മുമ്പ് സി.എച്ച് പാര്‍ട്ടി അംഗത്വം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ശാഠ്യം പിടിച്ചു. അവസാനം സി.എച്ചിന് വഴങ്ങേണ്ടി വന്നു. ആ സര്‍ക്കാരിനും അധികം ആയുസുണ്ടായില്ല. കോണ്‍ഗ്രസിനുള്ളില്‍ പടലപ്പിണക്കമായി. പട്ടത്തെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പഞ്ചാബ് ഗവര്‍ണറാക്കി. പിന്നെ ആര്‍. ശങ്കര്‍ മുഖ്യമന്ത്രി. ആ സര്‍ക്കാരും അകാലത്തില്‍ പൊലിഞ്ഞുപോയി. പിന്നെ കേരളാ കോണ്‍ഗ്രസ് രൂപീകരണവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും. 1965 ലെ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവാത്തതും ചരിത്രത്തിന്റെ ഭാഗം. പിന്നെയാണ് മറ്റൊരു ദശാസന്ധിയായി മാറിയ 1967 ലെ തെരഞ്ഞെടുപ്പ്. ഇത്തവണയും നായകന്‍ ഇ.എം.എസ് തന്നെ. ലക്ഷ്യം ശക്തമായ ഒരു മുന്നണി രൂപീകരിക്കുക. ഇ.എം.എസ് നേരിട്ട് ഇറങ്ങിത്തിരിച്ചു.
പുതിയ മുന്നണിയുടെ ദൗത്യവുമായി ഇ.എം.എസ് അഴീക്കോടന്‍ രാഘവനോടൊപ്പം കോഴിക്കോടുള്ള ബി.വി അബ്ദുല്ലക്കോയയുടെ വീട്ടിലെത്തിയ കാര്യം 'സി.എച്ചിന്റെ രാഷ്ട്രീയ ജീവചരിത്രം' എന്ന പുസ്തകത്തില്‍ എം.സി വടകര വിശദീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന മന്ത്രിസഭയില്‍ ലീഗിന് വ്യക്തമായ പ്രാതിനിധ്യമുണ്ടാകുമെന്നും പി.എസ്.സിയില്‍ ലീഗിന് ഒരംഗത്തെ നല്‍കുമെന്നും ഹൈക്കോടതിയില്‍ ഒരു മുസ്‌ലിം ജഡ്ജിയെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധാരണയായി. രാത്രി തീന്‍മേശമേല്‍ ആവി പറക്കുന്ന മീന്‍ ബിരിയാണി നിരന്നപ്പോള്‍ ഇനി അതുകഴിഞ്ഞാവാം ചര്‍ച്ചയെന്ന ഇ.എം.എസിന്റെ വാക്കുകള്‍ ചിരിപടര്‍ത്തിയ കാര്യവും എം.സി വടകര പറയുന്നുണ്ട്. സപ്തകക്ഷി മുന്നണിയുടെ ഭാഗത്തെ ഏറ്റവും പ്രിയങ്കരനായ അമരക്കാരനായി സി.എച്ച് ഉയര്‍ന്നുനിന്നുവെന്നും എം.സി വടകര എടുത്തുകാട്ടുന്നു.
അതുവരെ എതിര്‍ചേരിയില്‍നിന്ന് പരസ്പരം ശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന പാര്‍ട്ടികളാണ് മുസ്‌ലിംലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. സി.പി.എം, സി.പി.ഐ, എസ്.എസ്.പി, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, കെ.ടി.പി, കെ.എസ്.പി എന്നിങ്ങനെ ഏഴ് കക്ഷികളുടെ മുന്നണിയാണ് മത്സരിക്കുന്നത്. സി.പി.എം 51 ഉം മുസ്‌ലിംലീഗ് 14 ഉം സീറ്റുനേടി. 135 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് കിട്ടിയത് 9 സീറ്റ്. അവരുടെ നിയമസഭാ നേതാവ് കെ. കരുണാകരന്‍. മുസ്‌ലിംലീഗിന് ഇത് തികച്ചും അസാധാരണമായ നേട്ടമായിരുന്നു. ലീഗ് ആദ്യമായി ഭരണത്തില്‍ പങ്കാളിയാവുകയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് (മുഖ്യമന്ത്രി), കെ.ആര്‍ ഗൗരിയമ്മ ( റവന്യൂ, നിയമം), ഇ.കെ ഇമ്പിച്ചിബാവ (ട്രാന്‍സ്‌പോര്‍ട്ട്, ഭക്ഷ്യം), എം.കെ കൃഷ്ണന്‍ (ഹരിജന ക്ഷേമം), എം.എന്‍ ഗോവിന്ദന്‍ നായര്‍ (വൈദ്യുതി, കൃഷി), ടി.വി തോമസ് (വ്യവസായം), പി.ആര്‍ കുറുപ്പ് (ജലസേചനം, സഹകരണം), പി.കെ കുഞ്ഞ് (ധനകാര്യം) എന്നിവരോടൊപ്പം മുസ്‌ലിംലീഗിന്റെ രണ്ട് മന്ത്രിമാരും സി.എച്ച് മുഹമ്മദ് കോയ (വിദ്യാഭ്യാസം), എം.പി.എം അഹമ്മദ് കുരിക്കള്‍ (പഞ്ചായത്ത്, ഫിഷറീസ്) എന്നിവര്‍. സ്വതന്ത്ര ഇന്ത്യയില്‍ ഏതെങ്കിലുമൊരു സര്‍ക്കാരില്‍ ലീഗ് പങ്കാളിയാവുന്നത് ഇതാദ്യം.
തേഞ്ഞിപ്പാലത്ത് തുടങ്ങിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, മലപ്പുറം ജില്ല, പുതുതായി തുടങ്ങിയ ഒട്ടുവളരെ സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിങ്ങനെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ മലബാര്‍ പ്രദേശത്തിന് നല്‍കിയ നേട്ടങ്ങള്‍ ധാരാളം. വളരെ ശക്തമായി മുന്നോട്ടു നീങ്ങിയ ഐക്യ മുന്നണി സര്‍ക്കാരിനുള്ളില്‍ പുതിയ വിള്ളലുകള്‍ രൂപപ്പെട്ടു. എസ്.എസ്.പി പിളര്‍ന്ന് ഐ.എസ്.പി എന്നൊരു പുതിയ പാര്‍ട്ടി രൂപമെടുത്തു. സി.പി.ഐ, ഐ.എസ്.പി, മുസ്‌ലിംലീഗ്, ആര്‍.എസ്.പി എന്നീ കക്ഷികള്‍ മന്ത്രിസഭയ്‌ക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം സി.പി.എം പരസ്യമായിതന്നെ ഉന്നയിച്ചു. അവിടെനിന്നാണ് കെ. കരുണാകരന്റെ തുടക്കം. കേരള രാഷ്ട്രീയത്തിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റ് രൂപമെടുക്കാന്‍ അധികസമയം വേണ്ടിവന്നില്ല. എന്തിനും പോരുന്ന നേതാവായിരുന്നു കരുണാകരന്‍. വമ്പന്‍ ശക്തിയായ ഭരണപക്ഷത്തേക്ക് സദാസമയം ഉറ്റുനോക്കിക്കൊണ്ടിരുന്നു അദ്ദേഹം. എന്തെങ്കിലുമൊരു വീഴ്ച, ഏതെങ്കിലുമൊരു അവസരം കരുണാകരന്‍ എണ്ണയൊഴിച്ചു കാത്തിരുന്നു. അതെ, കരുണാകരന്‍ കാത്തിരുന്ന വീഴ്ചകള്‍ വഴിയേ വന്നു. ഭരണപക്ഷത്തെ അപസ്വരങ്ങള്‍ ഒന്നൊന്നായി കരുണാകരന്റെ മുന്നിലെത്തി. 1964ല്‍ പിളര്‍ന്ന് രണ്ടായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള അകല്‍ച്ചതന്നെ ധാരാളമായിരുന്നു. കരുണാകരന്റെ ശ്രദ്ധ അതില്‍ പതിഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സി.എച്ച് ശ്രമിച്ചു. പക്ഷെ സി.പി.എം വഴങ്ങിയില്ല. സി.പി.ഐ പുതിയ മുന്നണി രൂപീകരിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട് ഇ.എം.എസ് രാജിവച്ചു.
ബദല്‍ മന്ത്രിസഭയ്ക്ക് ചരടുവലി മുറുകി. നേതൃത്വം നല്‍കാന്‍ ലീഗ് നേതാവ് ബാഫഖി തങ്ങള്‍ മുന്നോട്ടുവന്നു. പുതിയ മുന്നണിയില്‍ ചേരാന്‍ പ്രതിപക്ഷത്തായിരുന്ന കേരളാ കോണ്‍ഗ്രസ് സമ്മതമറിയിച്ചു. ആര് നേതാവാകുമെന്ന ചോദ്യമുയര്‍ന്നു. ഡല്‍ഹിയിലായിരുന്ന സി.പി.ഐ രാജ്യസംഭാംഗം സി. അച്യുതമേനോന്റെ പേരുയര്‍ന്നു. പുതിയ സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കാനും ധാരണയായി. 1969 നവംബര്‍ ഒന്നിന് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. കേരള രാഷ്ട്രീയത്തില്‍ വീണ്ടും പുതിയൊരധ്യായം. കേരളാ കോണ്‍ഗ്രസില്‍ നിന്ന് കെ.എം ജോര്‍ജ് മന്ത്രി. ലീഗില്‍നിന്ന് സി.എച്ച് മുഹമ്മദ് കോയയും കെ അവുക്കാദര്‍ കുട്ടി നഹയും.
തികച്ചും നൂതനമായൊരു ഭരണം. 1970 സെപ്റ്റംബര്‍ 17ന് ഇടക്കാല തെരഞ്ഞെടുപ്പ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. പക്ഷെ, പുറത്താക്കപ്പെട്ട ഇന്ദിരാഗാന്ധി പൂര്‍വാധികം ശക്തിയോടെ കോണ്‍ഗ്രസ് നേതാവായി. സി.പി.ഐ, മുസ്‌ലിംലീഗ്, പി.എസ്.പി, ആര്‍.എസ്.പി എന്നീ കക്ഷികളടങ്ങുന്ന ജനാധിപത്യ മുന്നണി കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച് അധികാരത്തിലെത്തി. പ്രതിപക്ഷത്ത് സി.പി.എം, എസ്.എസ്.പി, കെ.എസ്.പി, കെ.ടി.പി, ഐ.എസ്.പി എന്നീ കക്ഷികളും. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്‍കി. 12 സീറ്റ് നേടിയ കേരളാ കോണ്‍ഗ്രസും മന്ത്രിസഭയില്‍ ചേര്‍ന്നില്ല.
ഈ മന്ത്രിസഭയിലേക്കാണ് 1971 സെപ്റ്റംബര്‍ 25 ന് കോണ്‍ഗ്രസ് ചേരുന്നത്. കെ. കരുണാകരന്‍- സി. അച്യുതമേനോന്‍ കൂട്ടുകെട്ടിന്റെ 50 ാം വാര്‍ഷികം കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്. ശക്തമായൊരു കൂട്ടുകെട്ടായിരുന്നു അതെന്നും ഓര്‍മിക്കണം. വലിയ നേട്ടങ്ങളുണ്ടാക്കിയ സര്‍ക്കാരായിരുന്നു അത്. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ആര്‍.സി.സി എന്നിങ്ങനെ വന്‍ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. അങ്ങനെയൊരു ഭരണ നേതൃത്വത്തിന്റെ അമ്പതാണ്ട് ആഘോഷിക്കുന്നത് അര്‍ഥവത്തായത് തന്നെ.
അപ്പോള്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും തമ്മിലുള്ള കൂട്ടുകെട്ടിനും ഭരണത്തിലെ കൂട്ടായ്മക്കും എന്തുപഴക്കം വരും അതെ, ആ കൂട്ടായ്മയ്ക്കും അതേപ്രായം. അമ്പത് വയസ്, അര നൂറ്റാണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."