പുതുതട്ടിപ്പിന്റെ 'മോന്‍'സണ്‍
കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് ഹരജി നല്‍കി. ഇന്നു മുതല്‍ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കാനും കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നും പ്രതി പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എങ്ങനെ ഉപയോഗപ്പെടുത്തി, തട്ടിപ്പിനുള്ള ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടരുന്നതിനും ചോദ്യംചെയ്യല്‍ അത്യാവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.
എച്ച്.എസ്.ബി.സി ബാങ്കിലെ വ്യാജരേഖ ഉണ്ടാക്കിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഉന്നത പൊലിസുദ്യോഗസ്ഥരുടെ വരെ വിശ്വാസം പ്രതി സമ്പാദിച്ചുവെന്നും അതിനാല്‍ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ ലഭിക്കണമെന്നുമാണ് എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ഇയാള്‍ക്കെതിരേ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തതില്‍ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും ക്രൈംബ്രാഞ്ച് തേടി.
മോന്‍സണ്‍ കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. പ്രതിക്കെതിരേ തെളിവുകളൊന്നുമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാനവാദം. പരാതിക്കാരന്‍ പണം നല്‍കിയതിന്റെ രേഖകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും അറിയിച്ചു. ഹരജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.
പൊലിസ് ബന്ധവും അന്വേഷിക്കും
കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി അടുപ്പം പുലര്‍ത്തിയ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇയാളുടെ സാമ്പത്തിക തട്ടിപ്പിനു പൊലിസ് ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായം നല്‍കിയിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കാന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
ഇ.ഡി അന്വേഷണത്തിന് നേരത്തേ ശുപാര്‍ശ
കൊച്ചി: പുരാവസ്തു ശേഖര തട്ടിപ്പില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലി (52) നെതിരേ 2020ല്‍ തന്നെ കേരള പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സണുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഡി.ജി.പി ശുപാര്‍ശ ചെയ്തിരുന്നു.
മോന്‍സണെതിരേ
ഒരു പരാതികൂടി
കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരേ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത്. പാലാ സ്വദേശി രാജീവ് എന്നയാളാണ് പുതിയ പരാതിക്കാരന്‍.
മോന്‍സണ്‍ ഒന്നര കോടി രൂപ തട്ടിയെന്നാണ് രാജീവ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതി. ബ്രൂണെ സുല്‍ത്താന് പുരാവസ്തു വിറ്റ വകയില്‍ കിട്ടിയ 67,000 കോടി രൂപ കേന്ദ്ര ഏജന്‍സികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ക്കായി ഒന്നര കോടി രൂപ നല്‍കി സഹായിച്ചാല്‍ ഉയര്‍ന്ന തുക നല്‍കാമെന്നായിരുന്നത്രെ വാഗ്ദാനം. അങ്ങനെയാണ് ഇയാള്‍ക്ക് രാജീവ് പണം കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."