വിവാഹ ചടങ്ങുകള്‍ മുതല്‍ കമ്പനി കോണ്‍ഫറന്‍സുകള്‍ വരെ നടത്താം 'ക്ലാസിക് ഇംപീരിയല്‍'
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ നൗക 'കഌസിക് ഇംപീരിയല്‍' കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 'കഌസിക് ഇംപീരിയല്‍' ഉദ്ഘാടനം ചെയ്തതോടെ ഒരുങ്ങിയത് ആഡംബര സൗകര്യങ്ങളുടെ അകമ്പടിയില്‍ കായലോളങ്ങളിലൂടെ കടല്‍പ്പരപ്പിലേക്ക് സമാനതകളില്ലാത്ത ഉല്ലാസയാത്ര. കേരളത്തില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ കഌസിക് ഇംപീരിയലില്‍ 150 പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാനാകും.
ഐ ആര്‍ എസ് (ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗ്) സുരക്ഷാ നിബന്ധനകള്‍ പാലിച്ച് സര്‍ട്ടിഫിക്കേഷനോടെ 50 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുണ്ട് നൗകയ്ക്ക്. വിവാഹ ചടങ്ങുകള്‍ മുതല്‍ കമ്പനി കോണ്‍ഫറന്‍സുകള്‍ക്ക് വരെ ഉപകാരപ്പെടുന്ന വിധമാണ് ഇംപീരിയല്‍ കഌസിക്കിന്റെ രൂപകല്‍പന. സെന്‍ട്രലൈസ്ഡ് എസി, ഡിജെ ബൂത്തുകള്‍, ഓപ്പണ്‍ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡൈനിങ് ഏരിയ, വിശാല ഹാള്‍, ഗ്രീന്‍ റൂം, വിശ്രമമുറി, എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഏറെ ശ്രദ്ധേയവും മനോഹരവുമായ 'കഌസിക് ഇംപീരിയല്‍' സംരംഭം പ്രൊഫഷണല്‍ മികവും നൂതനത്വവും മാത്രമല്ല സംരംഭകന്റെ നിശ്ചയദാര്‍ഢ്യവും ആത്മസമര്‍പ്പണവും പ്രതിഫലിപ്പിക്കുന്നതാണ്. നൗക യാഥാര്‍ത്ഥ്യമാക്കിയ സംരംഭകന്‍ നിഷിജിത്ത് കെ ജോണിന്റെ വിജയഗാഥ പ്രചോദനാത്മകമാണ്. നിഷിജിത്തിനെ മുക്തകണ്ഠം പ്രശംസിക്കുന്നതായും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നൗക നിര്‍മ്മാണ സംരംഭങ്ങളിലേക്ക് നിഷിജിത്തിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
നിയോ ക്ലാസിക് ക്രൂയിസ് ആന്‍ഡ് ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വല്ലാര്‍പാടം സ്വദേശി നിഷിജിത്ത് കെ ജോണ്‍ സ്വന്തം നിലയ്ക്ക് സാക്ഷാത്കരിച്ച 'ക്ലാസിക് ഇംപീരിയല്‍' നൗകയുടെ നിര്‍മ്മാണം 2020 മാര്‍ച്ചിലാണ് ആരംഭിച്ചത്. വാടകയ്‌ക്കെടുത്ത ബോട്ടുമായി കായല്‍ ടൂറിസം രംഗത്തിറങ്ങിയ നിഷിജിത്ത് രാമന്‍തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്‌ക്കെടുത്താണു നിര്‍മാണകേന്ദ്രം ഒരുക്കിയത്. കോവിഡ് കാലം നിര്‍മ്മാണത്തില്‍ മന്ദഗതിക്ക് കാരണമായി.
വിവാഹ ചടങ്ങുകള്‍ മുതല്‍ കമ്പനി കോണ്‍ഫറന്‍സുകള്‍ വരെ നടത്താം 'കഌസിക് ഇംപീരിയല്‍'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."