പത്തനംതിട്ട ഡി.സി.സി ഓഫിസിന് മുന്നില്‍ കരിങ്കൊടി ; അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളിലേക്ക്
കൊച്ചി: പത്തനംതിട്ട ഡി.സിസി ഓഫിസിന് മുന്നില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളിലേക്ക്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കെന്ന് ചൂണ്ടിക്കാട്ടി സംഭവം അന്വേഷിക്കുന്ന മൂന്നംഗ കമ്മിഷന് ജില്ലയിലെ പ്രമുഖ നേതാക്കള്‍ പരാതി നല്‍കി. ഡി.സി.സി പ്രസിഡന്റിന്റെ പരാതിയില്‍ പൊലിസും കേസന്വേഷിക്കുന്നുണ്ട്.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ച ഓഗസ്റ്റ് 28ന് രാത്രിയാണ് നഗരമധ്യത്തിലുള്ള ഡി.സി.സി ഓഫിസിന് മുന്നില്‍ കരിങ്കൊടി ഉയര്‍ന്നത്. പാര്‍ട്ടി പതാക താഴ്ത്തി കരിങ്കൊടി ഉയര്‍ത്തിയത് നേതൃത്വത്തെ ചൊടിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റായി സതീഷ് കൊച്ചുപറമ്പില്‍ ചുമതലയേറ്റ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചു. രണ്ടാഴ്ചയായി അന്വേഷണം നടത്തുന്ന കമ്മിഷന്‍ അംഗങ്ങള്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ തേടി. കമ്മിഷന് മുന്നില്‍ ഹാജരായവരാണ് ആറന്മുളയിലെ യൂത്ത് കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ചിലര്‍ക്കെതിരേ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.
ആറന്മുള അസംബ്ലി യൂത്ത് കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലെത്തി രണ്ടുപേര്‍ കരിങ്കൊടി കെട്ടിയെന്നും പോസ്റ്റര്‍ പതിപ്പിച്ചെന്നും ചിലര്‍ മൊഴി നല്‍കി. എ ഗ്രൂപ്പില്‍ നിന്ന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചിരുന്ന ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതായും കമ്മിഷന് സൂചനയുണ്ട്.
എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മൂന്നംഗ കമ്മിഷന്റെ തീരുമാനം. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാവുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. ഇതിനിടയില്‍ അന്വേഷണത്തില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ കടുത്ത നടപടികളില്‍ നിന്ന് ഒഴിവാകാന്‍ എ ഗ്രൂപ്പ് നേതാവ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."