സവാള വില കുത്തനെ താഴെ വീണിട്ടും കയറ്റുമതിയ്ക്ക് അനുവദിക്കാതെ കേന്ദ്ര സർക്കാർ; പ്രതിഷേധത്തിൽ കർഷകർ
സവാളയുടെ ചില്ലറ വില 100 രൂപയിൽ നിന്ന് 20 രൂപ വരെ എത്തിയിട്ടും കയറ്റുമതി നിരോധനം നീക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ, ബംഗ്ലാദേശ്, നേപ്പാള്‍, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇന്ത്യയെ പ്രധാനമായും സവളക്കായി ആശ്രയിക്കുന്നത്. എന്നാൽ ഈ രാജ്യങ്ങളിലേക്ക് മാർച്ച് 31 വരെ ഏർപ്പെടുത്തിയ കയറ്റുമതി വിലക്ക് വില കുത്തനെ കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ നീട്ടിയതാണ് പ്രതിഷേധത്തിന് കാരണമായത്.
രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കർഷകർ പ്രതിഷേധവുമായി രംഗത്തുണ്ട്. സവാളയുടെ ഉത്പാദന സീസണാണെന്നിരിക്കേ കയറ്റുമതി വിലക്ക് നീട്ടിയ കേന്ദ്ര നടപടി അപ്രതീക്ഷിതവും അനാവശ്യവുമാണെന്ന നിലപാടിലാണ് കര്‍ഷകര്‍. കയറ്റുമതി വഴി ലഭിക്കുന്ന ഉയര്‍ന്ന വിലയുടെ നേട്ടം സ്വന്തമാക്കാന്‍ നേരത്തേ കയറ്റുമതി നിരോധനം മൂലം കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ വിളവെടുപ്പ് കാലത്തും കയറ്റുമതി നിരോധനം തുടരുന്നത് ഇവരെ സാമ്പത്തികമായി തകർച്ചയിലേക്ക് നയിക്കും. കഴിഞ്ഞ വർഷം ഉത്പാദനക്കുറവ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ആ സ്ഥിതി അല്ല. കയറ്റുമതി ചെയ്തില്ലെങ്കിൽ ആഭ്യന്തര വിപണിയിൽ വില കൂടുതല്‍ ഇടിയാന്‍ ഇടയാക്കും. ഇത് വന്‍ തിരിച്ചടിയാകുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചത്. ഈ മാസം 31 വരെയായിരുന്നു (March 31) കയറ്റുമതിയ്ക്ക് വിലക്ക് ഉണ്ടായിരുന്നത്. എന്നാല്‍, വിലക്ക് നീട്ടുന്നതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കയറ്റുമതി നിരോധനം തുടരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
സവാളയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഇന്ത്യ. മഹാരാഷ്ട്രയാണ് മുഖ്യ ഉത്പാദക സംസ്ഥാനം. കഴിഞ്ഞ ഡിസംബറില്‍ ക്വിന്റലിന് (100 കിലോഗ്രാം) മഹാരാഷ്ട്രയില്‍ മൊത്തവില 4,500 രൂപയായിരുന്നു. ചില്ലറ വില കിലോയ്ക്ക് 100 രൂപയും കടന്ന് കുതിച്ചിരുന്നു. ഇപ്പോള്‍ മൊത്തവില 1,200 രൂപയിലേക്കും ചില്ലറവില 20 രൂപയ്ക്ക് താഴേക്കും ഇടിഞ്ഞിട്ടുമുണ്ട്. എന്നിട്ടും കേന്ദ്രം കയറ്റുമതി വിലക്ക് നീട്ടിയതാണ് കര്‍ഷകരെ ചൊടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."