ആറുമക്കളെ വളർത്തിയ സാധാരണ വീട്ടമ്മ; ഒരാൾ പ്രധാനമന്ത്രിയായി
അഹമ്മദാബാദ്: ഒരുസാധാരണ വീട്ടമ്മയായി ജീവിച്ചു, ഒഴിവുസമയങ്ങളിൽ ഹോട്ടൽ നടത്തിപ്പുകാരനായ ഭർത്താവിനെ സഹായിച്ചു, മക്കളിൽ ഒരാൾ പ്രധാനമന്ത്രിയുമായി. ഹീരാബെൻ മോദിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഇന്നലെ പുലർച്ചെ മരിച്ചതോടെയാണ് അവരുടെ ജീവിതവും മറ്റുമക്കളെയും കുറിച്ച് മാധ്യമങ്ങളിൽ വരുന്നത്.
ഭർത്താവ് ദാമോദർദാസ് മുൽചന്ദ് മോദി വാദ്‌നഗർ റെയിൽവേ സ്‌റ്റേഷനിൽ ചെറിയ ചായക്കട നടത്തിയാണ് ആദ്യകാലങ്ങളിൽ ഉപജീവനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അഞ്ചുആൺമക്കളും ഒരുമകളും ആണ് ദമ്പതികൾക്ക് ഉള്ളത്. ഗുജറാത്ത് ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച സോമോഭായ് മോദിയാണ് മൂത്തമകൻ. ടെക്‌നീഷ്യൻ ആയി ജോലിചെയ്തിരുന്ന അമൃത് മോദിയാണ് രണ്ടാമൻ. മൂന്നാമത്തെ മകൻ നരേന്ദ്രമോദിയും. പ്രഹ്ലാദ് മോദിയാണ് നാലാമത്തെ മകൻ. നരേന്ദ്രമോദിയുടെ സഹോദരങ്ങളിൽ മാധ്യമശ്രദ്ധ ലഭിച്ചതും പ്രഹ്ലാദിനാണ്. ചെറുകിട കച്ചവടക്കാരനായ പ്രഹ്ലാദ്, വ്യാപാരിസംഘടനകളുടെ ദേശീയ നേതാവുമാണ്. അടുത്തിടെ ഡൽഹിയിൽ നടന്ന വ്യാപാരികളുടെ പ്രതിഷേധപരിപാടികളിൽ പങ്കെടുത്തും വാർത്തകളിൽ നിറയുകയുണ്ടായി.
അഞ്ചാമത്തെതാണ് ഏകമകൾ, വസന്തിബെൻ മോദി. വിരമിച്ച എൽ.ഐ.സി ജീവനക്കാരൻ ഹസ്മുഖൽ ആണ് ഭർത്താവ്. ഗുജറാത്ത് സർക്കാർ സർവിസിൽ നിന്ന് വിരമിച്ച പങ്കജ് മോദിയാണ് ഏറ്റവും ഇളയമകൻ. ഗാന്ധിനഗറിൽ താമസിക്കുന്ന പങ്കജിന്റെ കൂടെയായിരുന്നു ഹീരാബെൻ കഴിഞ്ഞിരുന്നത്. 1989ലാണ് ഹീരാബെന്നിന്റെ ഭർത്താവ് മരിച്ചത്.
പ്രധാനമന്ത്രിയായ ശേഷം 2016ൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ഹീരാബെൻ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞത്. ഒരിക്കലും സ്വന്തം വീട് വിട്ട് മാറിനിൽക്കാൻ താൽപ്പര്യമില്ലാത്തതിനാൽ ഹീരാബെൻ വൈകാതെ ഗാന്ധിനഗറിലേക്ക് തന്നെ മടങ്ങി. പാർട്ടി പരിപാടികൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി മോദി ഗുജറാത്തിലെത്തുമ്പോഴെല്ലാം മാതാവിന്റെ അടുത്തെത്തും.
ഈ മാസം നാലിന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങൾക്കായി ഗുജറാത്തിൽ എത്തിയപ്പോഴാണ് മോദി ഇതിന് മുമ്പ് മാതാവിന്റെ അടുത്തെത്തിയത്. 2016ൽ നോട്ട് നിരോധിച്ചപ്പോൾ മോദിയുടെ തീരുമാനത്തെ പിന്തുണച്ച ഹീരാബെൻ, എ.ടി.എം കൗണ്ടറിന്റെ മുന്നിൽ വരിനിന്ന് വാർത്തകളിൽ ഇടംപിടിച്ചു. കൊവിഡ് മഹാമാരിയുടെ സമയത്ത് വാക്‌സിൻ സ്വീകരിച്ചും ഹീരാബെൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."