സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം
തിരുവനന്തപുരം: വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിനിടെ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സംസ്‌കാരിക വകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് മന്ത്രിസഭയിലെത്തിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി ചുമതലപ്പെടുത്തി.സത്യപ്രതിജ്ഞ അടുത്ത ബുധനാഴ്‍ച്ച നടക്കും.
ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കും. കഴിഞ്ഞ ജൂലൈയിലാണ് മന്ത്രിസ്ഥാനം രാജിവച്ചത്. സി.പി.എം മല്ലപ്പള്ളി എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളതെന്നും സജി ചെറിയാന്‍ പ്രസംഗിച്ചിരുന്നു.
ഇതേക്കുറിച്ച് അന്വേഷിച്ച പൊലിസ് സജി ചെറിയാനെ കുറ്റവിമുക്തനാക്കി. വിമര്‍ശനപരമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ അവഹേളിച്ചിട്ടില്ലെന്നുമായിരുന്നു കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."